|    Jun 21 Thu, 2018 12:51 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ബംഗ്ലാദേശി പെണ്‍കുട്ടികളെ നാട്ടിലെത്തിക്കാന്‍ മുന്‍കൈയെടുത്ത സന്നദ്ധസംഘങ്ങള്‍ക്ക് വിലക്ക്

Published : 4th September 2016 | Posted By: SMR

കെ വി ഷാജി സമത

കോഴിക്കോട്: പെണ്‍വാണിഭ സംഘത്തിന്റെ ഇരകളാക്കപ്പെട്ട് കേരളത്തില്‍ കഴിയേണ്ടിവന്ന ബംഗ്ലാദേശി പെണ്‍കുട്ടികളെ നാട്ടിലെത്തിക്കാന്‍ മുന്‍കൈയെടുത്ത സന്നദ്ധ സംഘടനകള്‍ക്ക് ഔദ്യോഗിക വിലക്ക്. കുട്ടികളെ ബംഗ്ലാദേശിലേക്ക് യാത്രയാക്കുന്നതുമായി ബന്ധപ്പെട്ട് വെള്ളിമാടുകുന്ന് ആഫ്റ്റര്‍ കെയര്‍ഹോമില്‍ ഇന്നലെ നടന്ന ഔദ്യോഗിക ചടങ്ങില്‍ നിന്നാണ് ആം ഓഫ് ജോയ്, പുനര്‍ജനി എന്നീ സന്നദ്ധ സംഘടനകളെ വിലക്കിയത്.
പീഡന വിവരം പുറം ലോകം അറിഞ്ഞതുമുതല്‍ ഈ കുട്ടികളെ ആശ്വസിപ്പിക്കാനും നിയമപരമായ സഹായങ്ങള്‍ ചെയ്യാനും മുന്നിട്ടിറങ്ങിയ സന്നദ്ധ സംഘങ്ങളാണ് ഇവ രണ്ടും. ഇന്നലെ നടന്ന ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും ഇതുമായി ബന്ധപ്പെട്ട് ആറിന് നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കരുതെന്നും ഇവരെ ആഫ്റ്റര്‍ കെയര്‍ ഹോമിലെ ഉദ്യോഗസ്ഥര്‍ ടെലിഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു.
ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ഇവര്‍ക്ക് നാട്ടിലേക്ക് തിരിച്ചു പോവാന്‍ സാഹചര്യം ഉണ്ടാക്കണം എന്നും ആവശ്യപ്പെട്ട് ആദ്യമായി രംഗത്തെത്തിയത് ആം ഓഫ് ജോയ് പ്രവര്‍ത്തകരായ ജി അനൂപും ഭാര്യ അഡ്വ. രേണു ദാസും പുനര്‍ജനിയുടെ പ്രവര്‍ത്തക അഡ്വ. സീനത്തുമായിരുന്നു. രാഷ്ട്രീയ ഭരണ തലത്തില്‍ ഈ കേസിലെ പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളേയും കോടതിക്കു മുന്നിലെത്തിച്ച് പ്രതിരോധിച്ചതും ഈ സന്നദ്ധ സംഘങ്ങളായിരുന്നു. ആ സമയത്തെല്ലാം മൗനത്തിലായിരുന്ന ജില്ലാ ഭരണകൂടം, കുട്ടികള്‍ക്ക് തിരിച്ചുപോവാനുള്ള സാഹചര്യം ഒരുങ്ങിയപ്പോള്‍ അതിന്റെ അവകാശം ഏറ്റെടുത്ത് രംഗത്തു വന്നതാണ് ഈ സംഘങ്ങള്‍ക്ക് അയിത്തം കല്‍പിക്കാന്‍ ഇടയാക്കിയത്.
കുട്ടികളെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് ഒരു രാഷ്ട്രീയ നേതാവിനെ കാപ്പ ചുമത്താനുള്ള ഫയല്‍ മുന്നിലെത്തിയിട്ടും അതില്‍ തീരുമാനം കൈക്കൊള്ളാന്‍ ജില്ലാ കലക്ടര്‍ തയ്യാറായിരുന്നില്ല എന്ന് ആരോപണമുണ്ട്. പിന്നീട് ജില്ലാ കലക്ടര്‍ക്കെതിരേ നടപടി വരും എന്ന സാഹചര്യത്തിലാണ് ഈ ഫയലില്‍ തുടര്‍ നടപടികള്‍ ഉണ്ടായത്.
ബംഗ്ലാദേശ് സ്വദേശികളായ നാല് പെണ്‍കുട്ടികളാണ് കോഴിക്കോട്ട് കഴിഞ്ഞിരുന്നത്. ഇവരില്‍ ഒരാള്‍ ഇന്ന് പുലര്‍ച്ചെ നാട്ടിലേക്ക് പോയി. ഈ കുട്ടിക്കുള്ള യാത്രയയപ്പാണ് ഇന്നലെ ആഫ്റ്റര്‍ കെയര്‍ ഹോമില്‍ നടന്നത്.
മറ്റ് മൂന്നു കുട്ടികള്‍ ചൊവ്വാഴ്ച നാട്ടിലേക്ക് പുറപ്പെടും. ഈ കുട്ടികളെല്ലാം തന്നെ നാട്ടിലേക്ക് തിരിച്ചു പോവുന്നത്, ബംഗ്ലാദേശ് ഹൈക്കമ്മീഷന്‍, ആം ഓഫ് ജോയ് പ്രവര്‍ത്തകര്‍ക്ക് അയച്ചു കൊടുത്ത യാത്രാ രേഖകളുടെ അടിസ്ഥാനത്തിലാണ്.
ജന്മനാട്ടില്‍ നിന്നും ജോലിക്കെന്ന വ്യാജേന കേരളത്തില്‍ എത്തിപ്പെട്ട്, പെണ്‍വാണിഭ സംഘത്തിന്റെ വലയില്‍ അകപ്പെട്ട ഇവര്‍ക്കൊപ്പം നിന്ന്, നാട്ടിലേക്ക് തിരിച്ചു പോവാനുള്ള നിയമപരമായ പരിമിതികളെ തോല്‍പിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ഇവരെ യാത്രയാക്കാനുള്ള അവസരമാണ് ജില്ലാ ഭരണകൂടം നിഷേധിച്ചത്.  തിരിച്ചു പോക്ക് സംബന്ധിച്ച് പബ്ലിക് റിലേഷന്‍ വകുപ്പ് പുറത്തിറക്കിയ വാര്‍ത്താ ക്കുറിപ്പില്‍ പോലും ഈ രണ്ട് സംഘടനകളെ പരാമര്‍ശിക്കുന്നില്ല. ലീഗല്‍ സര്‍വീസ് അതോറിറ്റിയും ജില്ലാ ഭരണകൂടവും ഒറ്റയ്ക്ക് മുന്‍കൈ എടുത്ത് കുട്ടികളെ നാട്ടില്‍ അയക്കുന്നു എന്ന നിലയിലാണ് വാര്‍ത്താക്കുറിപ്പ്.
പീഡനത്തിന് ഇരകളാക്കപ്പട്ടവരും, നീതി നിഷേധിക്കപ്പെട്ടവരുമായ നിരവധി സ്ത്രീകള്‍ക്ക് നിയമപരമായും മാനുഷികമായും പിന്തുണ നല്‍കി പ്രവര്‍ത്തിച്ചു വരുന്ന ആം ഓഫ് ജോയ്, പുനര്‍ജനി എന്നീ സന്നദ്ധ സംഘങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിലൂടെ, ഒരുപറ്റം യുവാക്കളുടെ സേവന പ്രവര്‍ത്തനങ്ങളുടെ വെളിച്ചം ഊതിക്കെടുത്തുക കൂടിയാണ് ജില്ലാ ഭരണകൂടം ചെയ്യുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss