|    Oct 17 Tue, 2017 1:19 pm

ബംഗാള്‍: സിപിഎം-കോണ്‍ഗ്രസ് മധുവിധു അവസാനിക്കുന്നു

Published : 30th October 2016 | Posted By: mi.ptk

congress-cpim

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ സിപിഎം-കോണ്‍ഗ്രസ് മധുവിധു അവസാനിക്കുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരുകക്ഷികളും സഖ്യത്തിലായിരുന്നു. അടുത്തമാസം 19നു സംസ്ഥാനത്തെ രണ്ടു ലോക്‌സഭാ സീറ്റുകളിലേക്കും ഒരു നിയമസഭാ മണ്ഡലത്തിലും നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ഇരു കക്ഷികളും വെവ്വേറെ സ്ഥാനാര്‍ഥികളെയാണു മല്‍സരിപ്പിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സുമായുണ്ടാക്കിയ സഖ്യത്തിനു കേന്ദ്ര നേതൃത്വത്തില്‍ നിന്നും ഇടതുപക്ഷ മുന്നണിയിലെ മറ്റു ഘടകകക്ഷികളില്‍ നിന്നും വന്‍ വിമര്‍ശനമാണ് സിപിഎമ്മിന് നേരിടേണ്ടിവന്നത്. ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പട്ടിക സിപിഎം പ്രഖ്യാപിച്ചു. കോണ്‍ഗ്രസ്സുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും പാര്‍ട്ടി സ്വന്തം നിലയിലാണു മല്‍സരിക്കുന്നതെന്നും സിപിഐ പോളിറ്റ്ബ്യൂറോ അംഗവും ഇടതുമുന്നണി ചെയര്‍മാനുമായ ബിമന്‍ ബോസ് പറഞ്ഞു. സഖ്യം തുടരാന്‍ ആഗ്രഹിച്ചിരുന്ന കോണ്‍ഗ്രസ് നേതൃത്വമാവട്ടെ ബിമന്‍ ബോസിന്റെ പ്രസ്താവനയെത്തുടര്‍ന്നു സ്വന്തം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയും ചെയ്തു. കേന്ദ്രകമ്മിറ്റി എതിര്‍ത്തതിനാല്‍ സഖ്യം തുടര്‍ന്നുപോവാന്‍ കഴിയാത്ത അവസ്ഥയിലാണ് സിപിഎമ്മിന്റെ സംസ്ഥാന നേതൃത്വം.സഖ്യം തുടരാന്‍ സിപിഎം സംസ്ഥാന നേതൃത്വത്തിനും ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് സഖ്യം പാര്‍ട്ടി നിലപാടിന്റെ ലംഘനമായതുകൊണ്ട് കേന്ദ്രകമ്മിറ്റി എതിര്‍ക്കുകയാണെന്ന് ബംഗാളില്‍ നിന്നുള്ള ഒരു കേന്ദ്രകമ്മിറ്റിയംഗം പറഞ്ഞു.എന്നാല്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്ന പക്ഷം യോജിച്ച പ്രക്ഷോഭങ്ങള്‍ക്കു പാര്‍ട്ടി തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സ്വന്തം നിലയില്‍ മല്‍സരിക്കുന്ന വിവരം അറിയിക്കാന്‍ സിപിഎം തയ്യാറായില്ലെന്നു സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ആധാര്‍ ചൗധരി പറഞ്ഞു. ഇരു പാര്‍ട്ടികളും വെവ്വേറെ സ്ഥാനാര്‍ഥികളെ നിര്‍ത്തിയാല്‍ തൃണമൂല്‍ കോണ്‍ഗ്രസ്സായിരിക്കും ജയിക്കുക. സംയുക്ത പ്രക്ഷോഭത്തിന്റെ കാര്യം പിന്നീട് ആലോചിക്കാമെന്നും ചൗധരി പറഞ്ഞു. 2019ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് കോണ്‍ഗ്രസ്സും സിപിഎമ്മും സംയുക്ത പ്രക്ഷോഭത്തിനു പദ്ധതി തയ്യാറാക്കിയിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 211 സീറ്റുകളോടെ മികച്ച വിജയം നേടിയപ്പോള്‍ സിപിഎം-കോണ്‍ഗ്രസ് സഖ്യത്തിന് 76 സീറ്റുകള്‍ മാത്രമാണു ലഭിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക