|    Mar 25 Sat, 2017 3:14 pm
FLASH NEWS

ബംഗാള്‍ ബിജെപിയില്‍ ഗ്രൂപ്പ് പോര് രൂക്ഷമായി

Published : 23rd July 2016 | Posted By: SMR

bjp-flag

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ ബിജെപിയില്‍ ഗ്രൂപ്പ് യുദ്ധം രൂക്ഷമായി. രാഷ്ട്രീയമില്ലാത്തവരെ ഇപ്പോഴത്തെ സംസ്ഥാന പാര്‍ട്ടി നേതൃത്വം പ്രോല്‍സാഹിപ്പിക്കുന്നുവെന്നും ആര്‍എസ്എസിന്റെ ചാപല്യങ്ങള്‍ക്ക് അടിയറ വയ്ക്കുന്നുവെന്നുമാണ് ഒരു വിഭാഗം നേതാക്കളുടെ ആരോപണം. മുന്‍ സംസ്ഥാന പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ സിന്‍ഹ, ആര്‍എസ്എസ് പ്രചാരകനായ ദിലീപ് ഘോഷിന് അധികാരം കൈമാറിയ ശേഷമാണ് ഗ്രൂപ്പ് പോര് രൂക്ഷമായതെന്ന് പാര്‍ട്ടി നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു.
ഘോഷിനെ ആര്‍എസ്എസില്‍ നിന്നു പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തിയത് കഴിഞ്ഞ വര്‍ഷമാണ്. കഴിഞ്ഞ ഡിസംബറില്‍ അദ്ദേഹം പാര്‍ട്ടി അധ്യക്ഷനുമായി. രാഹുല്‍ സിന്‍ഹയുടെ കാലത്ത് പാര്‍ട്ടിയില്‍ പ്രധാന സ്ഥാനങ്ങള്‍ വഹിച്ചിരുന്ന നിരവധി നേതാക്കള്‍ ഒതുക്കപ്പെട്ടു. കഴിഞ്ഞ ആറു മാസത്തിനകം നിരവധി ജില്ലാ അധ്യക്ഷന്മാരെയും സംഘടനാ സെക്രട്ടറിമാരെയും നീക്കം ചെയ്തിട്ടുണ്ട്.
പാര്‍ട്ടി കാര്യങ്ങളില്‍ ആര്‍എസ്എസിന്റെ അമിതമായ ഇടപെടല്‍ ഉണ്ടെന്നാണ് നിരാശരായ നേതാക്കള്‍ ആരോപിക്കുന്നത്. പാര്‍ട്ടിയെക്കുറിച്ച് അറിവില്ലാത്തവരെയോ രാഷ്ട്രീയ പ്രവര്‍ത്തന പശ്ചാത്തലമില്ലാത്തവരെയോ ആണ് പ്രമുഖ സ്ഥാനങ്ങളില്‍ നിയമിച്ചിരിക്കുന്നതെന്നും അവര്‍ പറയുന്നു. രാഹുല്‍ സിന്‍ഹയുടെ കാലത്ത് പ്രമുഖ സ്ഥാനങ്ങളിലുണ്ടായിരുന്ന നേതാക്കള്‍ക്കു ഇപ്പോള്‍ അധികാരമില്ല.
എന്നാല്‍, ആരോപണങ്ങളെല്ലാം ഘോഷ് നിഷേധിച്ചു. പാര്‍ട്ടിയുടെ താല്‍പര്യം കണക്കിലെടുത്തിട്ടാണ് സംഘടനയില്‍ മാറ്റംവരുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. പുതിയ അധ്യക്ഷന്‍ വരുമ്പോള്‍ പരിചയമുള്ളവരെയും പുതിയ നേതാക്കളെയും ഉള്‍പ്പെടുത്തുക സ്വാഭാവികമാണെന്നു ബിജെപി ദേശീയ സെക്രട്ടറി സിദ്ധാര്‍ഥ് നാഥ് സിങ് പറഞ്ഞു.
മുഴുവന്‍ തീരുമാനങ്ങളും ആര്‍എസ്എസ് നിയന്ത്രിക്കുന്ന പ്രവണത പാര്‍ട്ടിയില്‍ വര്‍ധിച്ചുവരുകയാണെന്നു മറ്റൊരു പ്രമുഖ ബിജെപി നേതാവ് പറഞ്ഞു. പാര്‍ട്ടിയില്‍ അസംതൃപ്തി വളരുകയാണെന്നും പാര്‍ട്ടി വിടാന്‍ പലരും ആഗ്രഹിക്കുന്നുണ്ടെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം.
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 17 ശതമാനം വോട്ട് നേടിയതോടെയാണ് ബിജെപി ബംഗാളില്‍ മുഖ്യധാരയിലെത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തനിച്ച് മല്‍സരിച്ച് പാര്‍ട്ടി മൂന്ന് സീറ്റ് നേടി.

(Visited 120 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക