|    Nov 21 Wed, 2018 1:03 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് റദ്ദാക്കാന്‍ സുപ്രിംകോടതി വിസമ്മതിച്ചു

Published : 25th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ മല്‍സരമില്ലാതെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ജയിച്ച 20,000ലേറെ പഞ്ചായത്ത് സീറ്റുകളിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നഭ്യര്‍ഥിച്ച് സിപിഎമ്മും ബിജെപിയും സമര്‍പ്പിച്ച ഹരജികള്‍ സുപ്രിംകോടതി തള്ളി.
തങ്ങളുടെ സ്ഥാനാര്‍ഥികളെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതില്‍ നിന്നു തടഞ്ഞുവെന്നാണ് പാര്‍ട്ടികളുടെ ആരോപണം. പഞ്ചായത്ത് തിരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികള്‍ സ്ഥാനാര്‍ഥികള്‍ക്ക് ബന്ധപ്പെട്ട കോടതിയില്‍ സമര്‍പ്പിക്കാമെന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
സുപ്രിംകോടതി ഉത്തരവ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് ആശ്വാസകരമാണ്. ഇ-മെയില്‍, വാട്‌സ്ആപ്പ് വഴി സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ അനുമതി നല്‍കിയ കല്‍ക്കത്ത ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി. ജനപ്രാതിനിധ്യ നിയമത്തില്‍ ഇപ്രകാരം പത്രിക സമര്‍പ്പിക്കുന്നതിന് വകുപ്പില്ലെന്നു ബെഞ്ച് ചൂണ്ടിക്കാട്ടി.
ഇക്കഴിഞ്ഞ മെയിലാണ് ഗ്രാമപ്പഞ്ചായത്ത്, ജില്ലാ പരിഷത്ത്, പഞ്ചായത്ത് സമിതി എന്നിവിടങ്ങളിലെ 58,692 സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 20,159 സീറ്റുകളില്‍ എതിരില്ലാതെയാണ് സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുക്കപ്പെട്ടത്.
തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് മാത്രമാണ് പത്രികാസമര്‍പ്പണത്തിന് അനുമതി നല്‍കിയതെന്നും അതുകൊണ്ടാണ് എതിരില്ലാതെ അവര്‍ തിരഞ്ഞെടുക്കപ്പെട്ടതെന്നുമാണ് സിപിഎമ്മും ബിജെപിയും വാദിച്ചത്. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടവരുടെ പേരുകള്‍ ഗസറ്റില്‍ വിജ്ഞാപനം ചെയ്യരുതെന്നു നേരത്തേ സുപ്രിംകോടതി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss