|    Mar 23 Thu, 2017 4:04 pm
FLASH NEWS

ബംഗാള്‍: കോണ്‍ഗ്രസ്സുമായി സഖ്യമില്ല; കൈകോര്‍ക്കാന്‍ സിപിഎം

Published : 19th February 2016 | Posted By: SMR

കെ എ സലിം

ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സുമായി സഹകരിക്കാന്‍ സിപിഎം തീരുമാനം. ഇതുസംബന്ധിച്ച ബംഗാള്‍ ഘടകത്തിന്റെ ആവശ്യം ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റി യോഗം അംഗീകരിച്ചു. ബിജെപി ഒഴികെ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന രാഷ്ട്രീയ കക്ഷികളുമായുള്ള സഹകരണത്തിനാണ് അംഗീകാരം നല്‍കിയത്.
ഇതിനായി രാഷ്ട്രീയകക്ഷികളുമായി ബംഗാള്‍ ഘടകത്തിനു ചര്‍ച്ചകള്‍ നടത്താം. ഇത്തരത്തില്‍ ഒരു പൊതു പ്ലാറ്റ്‌ഫോം രൂപപ്പെടുത്തണം. സഹകരണം പോളിറ്റ്ബ്യൂറോയുടെ അംഗീകാരത്തിനു വിധേയമായിരിക്കും. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കേന്ദ്രകമ്മിറ്റി പിബിയെ ചുമതലപ്പെടുത്തി. പാര്‍ട്ടി നയരേഖയ്ക്കു വിരുദ്ധമായി കോണ്‍ഗ്രസ്സുമായി സഖ്യമോ മുന്നണിയോ പാടില്ലെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സിപിഎമ്മിന്റെ ചരിത്രത്തിലെ സുപ്രധാനമായ തീരുമാനമാണ് കേന്ദ്രകമ്മിറ്റി കൈക്കൊണ്ടിരിക്കുന്നത്.
തിരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസ്സുമായി നീക്കുപോക്കുകള്‍ നടത്തിയിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പിനു മുമ്പ് സഹകരണം തേടുന്നത് ആദ്യമായാണ്. ബംഗാളില്‍ ജനാധിപത്യം പുനസ്ഥാപിക്കുക എന്നതാണു പരമപ്രധാനമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഇതിനായി ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാ രാഷ്ട്രീയകക്ഷികളുടെയും സഹകരണം തേടും. സംസ്ഥാനത്ത് ജനകീയ മുന്നേറ്റം ശക്തിപ്പെടുത്തുകയാണു ലക്ഷ്യം. ബംഗാളില്‍ 174 സിപിഎം പ്രവര്‍ത്തകരെ തൃണമൂല്‍ കോണ്‍ഗ്രസ്സുകാര്‍ കൊലപ്പെടുത്തിയതായി യെച്ചൂരി ചൂണ്ടിക്കാട്ടി.
നിരന്തര ആക്രമണംമൂലം ലക്ഷക്കണക്കിനു കുടുംബങ്ങള്‍ക്കു പലായനം ചെയ്യേണ്ടിവന്നു. 2000 പേര്‍ക്ക് ഗുരുതര പരിക്കേറ്റു. സാധാരണ ജീവിതം ദുസ്സഹമായിരിക്കുന്നു. ഈ സാഹചര്യത്തില്‍ ബംഗാളില്‍ ജനാധിപത്യം പുനസ്ഥാപിക്കുന്നതിനാണു തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. അതേസമയം, ബംഗാളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് സിപിഎം വോട്ട് ചെയ്യുന്ന സാഹചര്യമുണ്ടാവില്ലെന്നു നേതാക്കള്‍ വ്യക്തമാക്കി. സീറ്റ് വിഭജനം പോലുള്ളവ ഉണ്ടാവില്ല. പകരം ചില സ്ഥലങ്ങളില്‍ പൊതു സ്ഥാനാര്‍ഥിയെന്ന നിലയ്ക്കു സ്വതന്ത്രര്‍ വരും. എന്നാല്‍, സഹകരണം എതെല്ലാം തരത്തില്‍ വേണമെന്നതു സംബന്ധിച്ചു ധാരണയുണ്ടാക്കേണ്ടത് ബംഗാള്‍ ഘടകമാണെന്നും നേതാക്കള്‍ പറഞ്ഞു.
ബംഗാളില്‍ ബിജെപിയുമായി തൃണമൂല്‍ കോണ്‍ഗ്രസ് രഹസ്യസഹകരണത്തിലാണെന്നും ശാരദ ചിട്ടി തട്ടിപ്പ് കേസന്വേഷണം കേന്ദ്രസര്‍ക്കാര്‍ മന്ദഗതിയിലാക്കിയത് ഇതിന്റെ ഭാഗമാണെന്നും സീതാറാം യെച്ചൂരി ആരോപിച്ചു. അതിനിടെ, കോണ്‍ഗ്രസ്സുമായുള്ള സഹകരണത്തെ പിന്തുണച്ച് വി എസ് അച്യുതാനന്ദന്‍ കേന്ദ്രകമ്മിറ്റിയില്‍ കത്തു നല്‍കിയതു സംബന്ധിച്ച വാര്‍ത്തകള്‍ ജനറല്‍ സെക്രട്ടറി സ്ഥിരീകരിച്ചു. വി എസ് തന്റെ നിലപാട് കത്തിലൂടെ അറിയിച്ചതായും ഇത് യോഗത്തില്‍ വിതരണം ചെയ്യാന്‍ ആവശ്യപ്പെട്ടതായും യെച്ചൂരി പറഞ്ഞു. കേരളത്തില്‍ യുഡിഎഫിനെ പരാജയപ്പെടുത്താനുള്ള നടപടികള്‍ക്ക് അന്തിമരൂപം നല്‍കാന്‍ യോഗം തീരുമാനിച്ചു.
തമിഴ്‌നാട്ടില്‍ എംഡിഎംകെ, വിസികെ, സിപിഐ എന്നിവരുമായി ചേര്‍ന്ന് രൂപംനല്‍കിയ പീപ്പിള്‍സ് വെല്‍ഫെയര്‍ ഫ്രണ്ടിന്റെ ഭാഗമായി സിപിഎം മല്‍സരിക്കും. പുതുച്ചേരിയിലും സമാനരീതി പിന്തുടരും. അസമില്‍ സിപിഎം, സിപിഐ, സിപിഐ(എംഎല്‍), ആര്‍എസ്പി, എസ്‌യുസിഐ(സി) കക്ഷികള്‍ ഒറ്റക്കെട്ടായി ജനവിധി തേടും. ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ നേതാവിനെ അറസ്റ്റ് ചെയ്തതുള്‍പ്പെടെയുള്ള സംഭവവികാസങ്ങളില്‍ കേന്ദ്രകമ്മിറ്റി ഉത്കണഠ രേഖപ്പെടുത്തി.

(Visited 113 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക