|    Mar 24 Fri, 2017 11:57 am
FLASH NEWS

ബംഗാള്‍ ഉള്‍ക്കടലിലെ വിമാന ദുരന്തം: പ്രാര്‍ഥനയോടെ കാണാതായവരുടെ കുടുംബങ്ങളും നാട്ടുകാരും

Published : 24th July 2016 | Posted By: SMR

കോഴിക്കോട്: ബംഗാള്‍ ഉള്‍ക്കടലില്‍ കാണാതായ വ്യോമസേനാ വിമാനത്തിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശികള്‍ക്കായി പ്രാര്‍ഥനയോടെ വീട്ടുകാരും നാട്ടുകാരും. ചെന്നൈയില്‍നിന്നു പോര്‍ട്ട്‌ബ്ലെയറിലേക്ക് യാത്രതിരിച്ച വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ബംഗാള്‍ ഉള്‍ക്കടലി ല്‍ കണ്ടെത്തിയതായ വാര്‍ത്തകള്‍ പുറത്തുവന്നെങ്കിലും കാണാതായവരെക്കുറിച്ച് ഒരു വ്യക്തതയുമില്ലാതെ വിഷമിക്കുകയാണ് കാക്കൂരിലെ സജീവ്കുമാറിന്റെയും കക്കോടിയിലെ വിമലിന്റെയും കുടുംബങ്ങളും സൃഹൃത്തുക്കളും. മന്ത്രിമാരായ എ കെ ശശീന്ദ്രന്‍, ടി പി രാമകൃഷ്ണന്‍, എം കെ രാഘവന്‍ എംപി എന്നിവര്‍ ഇവരുടെ വീടുകളിലെത്തി ബന്ധുക്കളെ കണ്ടെങ്കിലും ആശ്വാസവാക്കുകള്‍ക്കപ്പുറം അവര്‍ക്കും ഒന്നും പറയാനാവാത്ത അവസ്ഥയായിരുന്നു.
നാലുദിവസം മുമ്പാണ് കക്കോടി കോട്ടൂപ്പാടത്തെ ചെറിയാമ്പത്ത് വീട്ടില്‍നിന്നു സൈനികനായ വിമല്‍ കാര്‍ണിക്കോബാറിലെ ജോലിസ്ഥലത്തേക്കു തിരിച്ചത്. ചെന്നൈയില്‍ നിന്ന് വിമാനം കയറുന്നതിനു മുമ്പ് രാവിലെ 7.30ന് വിമല്‍ ഭാര്യ രേഷ്മയെ ഫോണില്‍ വിളിച്ചിരുന്നു. പിന്നീട് ദുരന്ത വാര്‍ത്തയാണ് കുടുംബത്തെ തേടി എത്തിയത്. പരേതനായ വാസുനായരുടെ മകനായ വിമല്‍ സൈനിക എന്‍ജിനീയറിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥനാണ്. സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്നതിനിടെ രണ്ടുവര്‍ഷം മുമ്പാണ് വിമലിന് മിലിട്ടറി എന്‍ജിനീയറിങ് കോളജില്‍ സിവില്‍ എന്‍ജിനീയറിങ് പഠിക്കാന്‍ അവസരം ലഭിച്ചത്. രണ്ടുവര്‍ഷത്തെ കോഴ്‌സ് പൂര്‍ത്തീകരിച്ചശേഷമാണ് പോര്‍ട്ട്‌ബ്ലെയറിലേക്ക് പോസ്റ്റിങ് ലഭിച്ചത്. രണ്ടുവര്‍ഷം മുമ്പാണ് രേഷ്മയെ വിവാഹം കഴിച്ചത്.
മൂത്രാശയസംബന്ധമായ രോഗത്തിന് വിദഗ്ധ ചികില്‍സയ്ക്കായാണ് കാക്കൂര്‍ അപ്പു നിവാസിലെ രാജന്റെ മകനും നേവി ഉദ്യോഗസ്ഥനുമായ സജീവ്കുമാര്‍ ജോലിസ്ഥലത്തുനിന്നു ബംഗളൂരുവില്‍ എത്തിയത്. രണ്ടാഴ്ച മുമ്പ് ബംഗളൂരുവില്‍ എത്തിയ ഇദ്ദേഹം, ജോലിസ്ഥലമായ പോര്‍ട്ട്‌ബ്ലെയറിലേക്ക് പോവുകയായിരുന്നു. ഫോണ്‍ മുഖേനയായിരുന്നു ചികില്‍സയ്‌ക്കെത്തിയ വിവരം കൂട്ടുകാരെയും വീട്ടിലും അറിയിച്ചത്.
ഭാര്യ ജെസിയും മകള്‍ ദിയാലക്ഷ്മിയും ജോലിസ്ഥലത്ത് സജീവ്കുമാറിനൊപ്പമാണ് താമസം. ഡല്‍ഹിയിലായിരുന്ന സജീവ്കുമാര്‍ ഒരുവര്‍ഷം മുമ്പാണ് പോര്‍ട്ട്‌ബ്ലെയറിലേക്കു മാറിയത്. ഇതേസമയം, കാണാതായ ഇരുവരെയും കണ്ടെത്താന്‍ സര്‍ക്കാര്‍ എല്ലാ സഹായവും ചെയ്യുമെന്ന് ഇവരുടെ കുടുംബത്തെ സന്ദര്‍ശിച്ച മന്ത്രി എ കെ ശശീന്ദന്‍, ടി പി രാമകൃഷ്ണന്‍ എന്നിവര്‍ പറഞ്ഞു. മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരുമായി ആശയവിനിമയം നടത്തിയതായും കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും മന്ത്രിമാര്‍ പറഞ്ഞു.

 

(Visited 15 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക