|    Nov 21 Wed, 2018 5:21 pm
FLASH NEWS

ബംഗാളി യുവാവിന്റെ ചികില്‍സയ്ക്കായി മലയോരവാസികള്‍ കൈകോര്‍ക്കുന്നു

Published : 29th August 2018 | Posted By: kasim kzm

എടക്കര: കെട്ടിട നിര്‍മാണ പ്രവൃത്തിക്കിടെ വീണ് നട്ടെല്ല് തകര്‍ന്ന ബംഗാളി യുവാവിന്റെ തുടര്‍ ചികില്‍സയ്ക്കായി മലയോരത്തെ ജനങ്ങള്‍ കൈകോര്‍ക്കുന്നു. ബംഗാളിലെ വര്‍ധമാന്‍ ദര്‍സോണ സ്വദേശി ജംറൂള്‍ ഷെയ്ക്കിന്റെ(28) തുടര്‍ ചികില്‍സയ്ക്കായാണ് നാട്ടുകാര്‍ ചേര്‍ന്ന് സഹായ സമിതി രൂപീകരിച്ചത്. ബംഗാളില്‍ നിന്നു അഞ്ചു വര്‍ഷം മുമ്പാണ് ജോലി തേടി ഇയാള്‍ എടക്കരയിലെത്തിയത്. 20 ദിവസം മുന്‍പാണ് തന്റെ ജീവിത പ്രതീക്ഷകളാകെ തല്ലിയുടച്ച ദുരന്തം വേട്ടയാടിയത്. മൂത്തേടം കാരപ്പുറത്തെ ഒരു വീടിന്റെ നിര്‍മാണ പ്രവൃത്തിക്കിടെ കാല്‍ തെന്നി നിലത്തു വീഴുകയായിരുന്നു.
തുടര്‍ന്ന് നാട്ടുകാര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് ഓപറേഷന് വിധേയനാക്കി. നട്ടെല്ല് തകര്‍ന്ന് അരക്കു താഴെ ചലനശേഷി നഷ്ടപ്പെട്ടതായി ഡോക്ടര്‍മാര്‍ വിധിയെഴുതി. ആശുപത്രി കിടക്കയില്‍ ഒന്നനങ്ങാന്‍ പോലും കഴിയാതെ കിടന്ന ഇയാളെ മൂത്തേടം പഞ്ചായത്തധികൃതരാണ് നാട്ടിലെത്തിച്ചത്. പശ്ചിമ ബംഗാളിലെ ഇയാളുടെ വിലാസം തേടിപ്പിടിച്ച് വിവരങ്ങള്‍ കൈമാറിയെങ്കിലും വണ്ടിക്കൂലിക്ക് പോലും ഗതിയില്ലാത്ത വിധം ദുരിത പൂര്‍ണമായിരുന്നു കുടുംബാംഗങ്ങളുടെ അവസ്ഥ. ചലനശേഷി നഷ്ടപ്പെട്ട യുവാവിന്റെ തുടര്‍ ചികില്‍സ കാരുണ്യമതികളായ ഒരു പറ്റം ആളുകള്‍ ഏറ്റെടുക്കുകയായിരുന്നു. അടുത്ത ആഴ്ചയോടെ ഇയാളെ വിദഗ്ദ ചികില്‍സയ്ക്കായി കോഴിക്കോട് എത്തിക്കാന്‍ സഹായ സമിതി തീരുമാനമെടുത്തു. വൃദ്ധരായ മാതാപിതാക്കളും, ഭാര്യയും കുട്ടികളുമടങ്ങുന്ന നിര്‍ധന കുടുംബമാണ് ഇയാളുടേത്. തുടര്‍ ചികില്‍സയ്ക്കും നാട്ടിലുള്ള കുടുംബത്തെ സഹായിക്കാനും തീരുമാനിച്ചു.
ആദ്യഘട്ടത്തില്‍ നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ബംഗാളി തൊഴിലാളികളുടെ സംഗമം സംഘടിപ്പിക്കും. എടക്കര ഗ്രാമപ്പഞ്ചായത്തംഗം വില്ല്യംസിന്റ നേതൃത്വത്തിലാണ് സഹായ സമിതിക്ക് രൂപം നല്‍കിയത്. യുനൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 12 44010 135542 എന്ന നമ്പറില്‍ അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss