|    Jul 28 Fri, 2017 8:40 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ബംഗാളിന്റെ പേര് മാറ്റാന്‍ നിയമസഭയുടെ അനുമതി

Published : 30th August 2016 | Posted By: SMR

കൊല്‍ക്കത്ത: സംസ്ഥാനത്തിന്റെ പേര് മാറ്റാനുള്ള പ്രമേയത്തിനു പശ്ചിമ ബംഗാള്‍ നിയമസഭയുടെ അംഗീകാരം. പശ്ചിമ ബംഗാള്‍ ഇനി ബംഗാളിയില്‍ ബംഗ്ലായും ഇംഗ്ലീഷില്‍ ബെംഗാളും ഹിന്ദിയില്‍ ബംഗാളുമായി മാറും. കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടെയും ഇടത് സംഘടനകളുടെയും എതിര്‍പ്പ് മറികടന്നാണ് പ്രമേയം പാസാക്കിയത്.
സംസ്ഥാന പാര്‍ലമെന്ററികാര്യ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയാണ് പ്രമേയം അവതരിപ്പിച്ചത്. ബംഗ്ലാ എന്നതിനു ചരിത്രപരവും സാംസ്‌കാരികവുമായ പശ്ചാത്തലമുണ്ടെന്നു മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. ഭൂരിപക്ഷം പേരും ബംഗ്ലാ എന്ന പേരാണ് നിര്‍ദേശിച്ചത്. ഇംഗ്ലീഷില്‍ ബെംഗാള്‍ എന്നറിയപ്പെടുന്നതോടെ അയല്‍ക്കാരായ ബംഗ്ലാദേശുമായുള്ള പേരിലെ ആശയക്കുഴപ്പം മറികടക്കാനാവുമെന്നും മമത കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തിന്റെ പാരമ്പര്യത്തിനും സംസ്‌കാരത്തിനും അനുസരിച്ചാണ് പേര് മാറ്റാന്‍ തീരുമാനിച്ചതെന്നു പാര്‍ഥ ചാറ്റര്‍ജി പറഞ്ഞു. സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട സമ്മേളനങ്ങളില്‍ അക്ഷരമാല ക്രമത്തില്‍ പശ്ചിമ ബംഗാള്‍ അവസാന സ്ഥാനത്ത് ആവുന്നതും പേര് മാറ്റാനുള്ള കാരണമാണ്. പാര്‍ലമെന്റിന്റെ അംഗീകാരംകൂടി ലഭിക്കുന്നതോടെ പേര് മാറ്റ നടപടികള്‍ പൂര്‍ത്തിയാവും. 1947ലെ വിഭജനത്തോടെയാണ് വെസ്റ്റ് ബംഗാളും ഈസ്റ്റ് ബംഗാളും പിറവിയെടുത്തത്. ഈസ്റ്റ് ബംഗാള്‍ പിന്നീട് കിഴക്കന്‍ പാകിസ്താനും 1971ല്‍ ബംഗ്ലാദേശുമായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക