|    Nov 19 Mon, 2018 6:11 am
FLASH NEWS
Home   >  Sports  >  Football  >  

ബംഗളൂരുവിനെ തകര്‍ത്ത് ചെന്നൈയിന് ഐഎസ്എല്‍ കിരീടം

Published : 17th March 2018 | Posted By: vishnu vis

ബംഗളൂരു:  ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തെ നീലക്കടലാക്കി ബംഗളൂരു എഫ്‌സിയുടെ ഐഎസ്എല്‍ കിരീട ധാരണം കാത്തിരുന്നവരെ കണ്ണീരിലാഴ്ത്തി ഐഎസ്എല്‍ നാലാം സീസണില്‍ ചെന്നൈയിന്‍ രാജാക്കന്‍മാര്‍. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ 3-2നാണ് ചെന്നൈയിന്‍ കിരീടം മുത്തമിട്ടത്. ചെന്നൈയിന്റെ രണ്ടാം ഐഎസ്എല്‍ കിരീടമാണിത്. ചെന്നൈയിന് വേണ്ടി മെയില്‍സണ്‍ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ അഗ്യുസ്‌റ്റോയും ചെന്നൈയിന് വേണ്ടി വലകുലുക്കി. അതേ സമയം സുനില്‍ ഛേത്രിയും  മിക്കുവുമാണ് ബംഗളൂരുവിന് വേണ്ടി ലക്ഷ്യം കണ്ടത്.ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാമതെത്തിയ ഒരു ടീമും ഐഎസ്എല്ലില്‍ കിരീടം ചൂടിയിട്ടില്ല എന്ന ചരിത്രം നാലാം സീസണിലും ആവര്‍ത്തിക്കപ്പെടുകയായിരുന്നു.
സ്വന്തം തട്ടകത്തില്‍ വാനോളം പ്രതീക്ഷകളുമായി 3-4-3 ഫോര്‍മാറ്റില്‍ ബംഗളൂരു ബൂട്ടണിഞ്ഞപ്പോള്‍ 4-2-3-1 എന്ന ഫോര്‍മാറ്റിലാണ് ചെന്നൈയിന്‍ നിര തന്ത്രം മെനഞ്ഞത്. ഇന്ത്യന്‍ ഫുട്‌ബോളിന്റെ രാജകുമാരന്‍ സുനില്‍ ഛേത്രിയുടെ മാന്ത്രികതയില്‍ പ്രതീക്ഷയര്‍പ്പിച്ച് പന്ത് തട്ടാനിറങ്ങിയ ബംഗളൂരുവിന് തുടക്കം പിഴച്ചില്ല. മികച്ച ഷോട്ടുകളുമായി കളം വാണ ബംഗളൂരുവിന്റെ അക്കൗണ്ടില്‍ ഒമ്പതാം മിനിറ്റില്‍ത്തന്നെ ഗോള്‍ പിറന്നു. മൈതാനത്തിന്റെ മധ്യഭാഗത്ത് നിന്ന് പന്തുമായി കുതിച്ചെത്തിയ ഉദാന്ത സിങ് പോസ്റ്റിന്റെ വലതു ഭാഗത്തേക്ക് നീട്ടിനല്‍കിയ ക്രോസിനെ ഡൈവിങ് ഹെഡ്ഡറിലൂടെ സുനില്‍ ഛേത്രി വലയിലെത്തിക്കുകയായിരുന്നു. ബംഗളൂരു 1-0ന് മുന്നില്‍.
ഗോള്‍ വഴങ്ങിയതോടെ കളിക്കരുത്തുയര്‍ന്ന ചെന്നൈയിന്‍ നിര ബംഗളൂരു ഗോള്‍മുഖത്തേക്ക് ഇരമ്പിയടിച്ചപ്പോള്‍ 17ാം മിനിറ്റില്‍ സമനില പിറന്നു. പോസ്റ്റിനുള്ളിലേക്ക് നെല്‍സണ്‍ ഉയര്‍ത്തി നല്‍കിയ കോര്‍ണര്‍ ഉയര്‍ന്നു ചാടി തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ മെയില്‍സനാണ് ചെന്നൈയിന് സമനില സമ്മാനിച്ചത്. മല്‍സരം 1-1 എന്ന നിലയില്‍. സമനിലയിലേക്കെത്തിയതോടെ കളിയാവേശം മുറുകി. ആദ്യ പകുതിയില്‍ 52 ശതമാനം സമയത്തും പന്തടക്കിവച്ച് ചെന്നൈയിന്‍ കൈയടി നേടിയപ്പോള്‍ ഗോള്‍ ശ്രമങ്ങളില്‍ ബംഗളൂരു മുന്നിട്ട് നിന്നു. ആദ്യ പകുതിയില്‍ എട്ടുതവണയാണ് ബംഗളൂരു ചെന്നൈയിന്‍ ഗോള്‍മുഖം വിറപ്പിച്ചത്. ഒന്നാം പകുതിയില്‍ ഇരു കൂട്ടരും സമനില പങ്കിട്ട് പിരിയുമെന്ന് തോന്നിക്കവെ 45ാം മിനിറ്റില്‍ മെയില്‍സണ്‍ വീണ്ടും ചെന്നൈയിന് വേണ്ടി ലക്ഷ്യം കണ്ടു. ആദ്യ ഗോളിന്റെ ആവര്‍ത്തനമെന്ന് തോന്നിക്കും വിധം തകര്‍പ്പന്‍ ഹെഡ്ഡറിലൂടെയായിരുന്നു മെയില്‍സണ്‍ ചെന്നൈയിന് ലീഡ് സമ്മാനിച്ചത്. ഇതോടെ ആദ്യ പകുതി 2-1ന്റെ ആധിപത്യത്തോടെയാണ് ചെന്നൈയിന്‍ കളം വിട്ടത്.
രണ്ടാം പകുതിയുടെ തുടക്കം തന്നെ ഡില്‍ഗാഡോയെ തിരിച്ചുവിളിച്ച് പെരേസിനെ ബംഗളൂരു കളിത്തിലിറക്കി. 61ാം മിനറ്റില്‍ പാര്‍റ്റാലുവിനെയും ഹോക്കിപ്പിനെയും പിന്‍വലിച്ച് പകരം സെഗോവിയക്കും നിഷു കുമാറിനും ബംഗളൂരു അവസരം നല്‍കി. എന്നാല്‍ മാറ്റങ്ങളില്ലാതെ രണ്ടാം പകുതി തുടങ്ങിയ ചെന്നൈയിന്‍ 62ാം മിനിറ്റില്‍ ബിക്രംജിത്ത് സിങിന് പകരം അനിരുദ്ധ് താപ്പയെ കളത്തിലിറക്കി. തൊട്ടുപിന്നാലെ ചെന്നൈയിന്റെ അക്കൗണ്ടില്‍ മൂന്നാം ഗോള്‍ പിറന്നു. ജെജെ ലാല്‍പെഖുലുവയുടെ അസിസ്റ്റിനെ മനോഹരമായി വലയിലെത്തിച്ച് റാഫേല്‍ അഗസ്‌റ്റോയാണ് ചെന്നൈയിന് മൂന്നാം ഗോള്‍ സമ്മാനിച്ചത്. മല്‍സരം 3-1 ന് ചെന്നൈയിന്റെ വരുതിയില്‍.
രണ്ട് ഗോളിന്റെ ലീഡ് നേടിയെങ്കിലും പ്രതിരോധത്തിലേക്കൊതുങ്ങാന്‍ ചെന്നൈയിന്‍ തയ്യാറായില്ല. ആക്രമണം അഴിച്ചുവിട്ട് മുന്നേറിയ ചെന്നൈയിന് മുന്നില്‍ സ്വന്തം കളിത്തട്ടില്‍ ബംഗളൂരു നിസ്സഹായരാവുന്ന കാഴ്ചയാണ് പിന്നീട് മൈതാനത്ത് കണ്ടത്. ഛേത്രിയും മിക്കുവുമെല്ലാം സമനിലയ്ക്കായി കഠിനമായി പരിശ്രമിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ മിക്കുവിലൂടെ ബംഗളൂരു സ്‌കോര്‍കാര്‍ഡ് 3-2 എന്ന നിലയിലേക്കെത്തിച്ചു. ഉദാന്ത് സിങ് നല്‍കിയ ലോങ് ക്രോസിനെ ബുള്ളറ്റ് ഹെഡ്ഡറിലൂടെ മിക്കു പോസ്റ്റിലെത്തിക്കുകയായിരുന്നു. എന്നാല്‍ സമനിലയിലേക്കത് മതിയാവുമായിരുന്നില്ല. ഒടുവില്‍ ഫൈനല്‍ വിസില്‍ മൈതാനത്ത് ഉയര്‍ന്നപ്പോള്‍ 3-2ന്റെ ജയത്തോടെ ചെന്നൈയിന്‍ നിര ഐഎസ്എല്ലിന്റെ നാലാം സീസണിലെ കിരീടം ജേതാക്കളായി. 2015ലായിരുന്നു ഇതിന് മുമ്പ് ചെന്നൈയിന്‍ ഐഎസ്എല്ലില്‍ കിരീടം ചൂടിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss