|    Jun 22 Fri, 2018 1:18 pm
FLASH NEWS
Home   >  Sports  >  Cricket  >  

ബംഗളൂരിവ് എട്ടാം തോല്‍വി; മുംബൈ ഇന്ത്യന്‍സ് ബംഗളൂരുവിനെ തകര്‍ത്തത് 5 വിക്കറ്റിന്

Published : 1st May 2017 | Posted By: ev sports


മുംബൈ: ആര്‍ത്തിരമ്പുന്ന മുംബൈ വാങ്കഡ സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സ് തിണ്ണമിടുക്ക് കാട്ടിയപ്പോള്‍ ബംഗളൂരു വീണ്ടും നാണം കെട്ടു. വിരാട് കോഹ്‌ലിയുടേയും രോഹിത് ശര്‍മയുടേയും ക്യാപ്റ്റന്‍സി തമ്മില്‍ പോരടിച്ച മല്‍സരത്തില്‍ അഞ്ച്  വിക്കറ്റിനാണ് മുംബൈ വിജയം പിടിച്ചടക്കിയത്. ആദ്യ ബാറ്റ് ചെയ്ത ബംഗളൂരു 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് പടുത്തുയര്‍ത്തിയപ്പോള്‍ മറുപടി ബാറ്റിങില്‍ 19.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്ത് മുംബൈ വിജയം കൈപ്പിടിയിലൊതുക്കി. അര്‍ധ സെഞ്ച്വറിയുമായി പുറത്താവാതെ നിന്ന രോഹിത് ശര്‍മയാണ്(56) മുംബൈയ്ക്ക് വിജയം സമ്മാനിച്ചത്. ജയത്തോടെ 10 മല്‍സരങ്ങളില്‍ നിന്ന് 16 പോയിന്റുകളുമായി മുംബൈ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.
ടോസ് നേടിയ ബാറ്റിങ് തിരഞ്ഞെടുത്ത ബംഗളൂരുവിന്റെ വിജയ പ്രതീക്ഷകളെ മുംബൈയുടെ ബൗളിങ് പട എറിഞ്ഞൊതുക്കി. ഓപണിങില്‍ മന്ദീപ് സിങും(17) വിരാട് കോഹ്‌ലിയും(20) ഭേദപ്പെട്ട തുടക്കം നല്‍കിയെങ്കിലും മധ്യനിരയെ എറിഞ്ഞൊതുക്കി മുംബൈ വന്‍ സ്‌കോറിലേക്ക് കുതിച്ച ബംഗളൂരു ഇന്നിങ്‌സിനെ പിടിച്ചുനിര്‍ത്തി. എബി ഡിവില്ലിയേഴ്‌സ്(43), കേദാര്‍ യാദവ്(28), പവന്‍ നേഗി(35) എന്നിവരുടെ ബാറ്റിങ് പ്രകടനത്തിന്റെ കരുത്തിലാണ് ബംഗളൂരു 162 എന്ന ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തിയത്. മുംബൈയ്ക്ക് വേണ്ടി മിച്ചല്‍ മഗ്ലെങ്ങന്‍ മൂന്ന് വിക്കറ്റു വീഴ്ത്തിയപ്പോള്‍ ക്രുണാല്‍ പാണ്ഡ്യ രണ്ട് വിക്കറ്റും സ്വന്തമാക്കി. കരണ്‍ ശര്‍മ, ജസ്പ്രീത് ബൂംറ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
163 റണ്‍സെന്ന വിജയ ലക്ഷ്യത്തിലേക്ക് ബാറ്റിങിനിറങ്ങിയ മുംബൈയ്ക്ക് അക്കൗണ്ട് തുറക്കും മുമ്പേ പാര്‍ഥിവ് പട്ടേലിന്റെ വിക്കറ്റ് നഷ്ടമായി. രണ്ടാം വിക്കറ്റില്‍ ജോസ് ബട്‌ലറും(33) നിധീഷ് റാണയും(27) ചേര്‍ന്ന് മുംബൈ ഇന്ത്യന്‍സിന് അടിത്തറയേകി. മധ്യനിരയില്‍ കീറോണ്‍ പൊള്ളാര്‍ഡ്(17), ക്രുണാല്‍ പാണ്ഡ്യ(2) എന്നിവര്‍ തിളങ്ങാതെ പോയെങ്കിലും 37 പന്തില്‍ ആറ് ഫോറും ഒരു സിക്‌സറും സഹിതം 56 റണ്‍സെടുത്ത രോഹിത് ശര്‍മയുടെ മിന്നും പ്രകടനം മുംബൈയെ വിജയ തീരത്തേക്കെത്തിക്കുകയായിരുന്നു. രോഹിത് ശര്‍മയാണ് കളിയിലെ താരം

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss