|    Sep 26 Wed, 2018 3:10 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഫ്‌ളോറിഡയിലെ വെടിവയ്പ് : പ്രതിക്കെതിരേ കേസെടുത്തു

Published : 9th January 2017 | Posted By: fsq

വാഷിങ്ടണ്‍: ഫ്‌ളോറിഡയിലെ ഫോര്‍ട്ട്‌ലോഡര്‍ഡെയ്ല്‍ വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ വെടിവയ്പുമായി ബന്ധപ്പെട്ട് പ്രതിക്കെതിരേ പ്രോസിക്യൂഷന്‍ കേസെടുത്തു. യാത്രക്കാര്‍ക്കു നേരെ അലാസ്‌ക സ്വദേശി എസ്‌തെബാന്‍ സാന്റിയാഗോ (26) നടത്തിയ വെടിവയ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെടുകയും എട്ടുപേര്‍ക്കു ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മരണത്തിനു കാരണമാവുന്ന തരത്തില്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആക്രമണം നടത്തിയെന്നാണ് ഇയാള്‍ക്കെതിരേ ചുമത്തിയ കുറ്റം. പരമാവധി വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണിത്. ആയുധങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകളും ഇയാള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്. ആക്രമണം നടത്താന്‍ പദ്ധതിയുണ്ടായിരുന്നുവെന്ന് പോലിസ് കസ്റ്റഡിയിലുള്ള പ്രതി അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. എന്തുകൊണ്ടാണ് ഈ ലക്ഷ്യം തിരഞ്ഞെടുത്തതെന്നു വ്യക്തമല്ലെന്നും ഭീകരാക്രമണ സാധ്യത തള്ളിക്കളയാനാവില്ലെന്നും അധികൃതര്‍ പറഞ്ഞു. ഇറാഖില്‍ യുഎസ് സേനയുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന യുവാവിന്റെ സേവനം തൃപ്തികരമല്ലാത്തതിനാല്‍ പിരിച്ചുവിട്ടിരുന്നു. ബാഗേജ് ഏരിയയില്‍ പ്രാദേശികസമയം ഉച്ചയ്ക്ക് ഒരുമണിക്കാണു വെടിവയ്പുണ്ടായത്. അക്രമി നിറയൊഴിച്ചുതുടങ്ങിയതോടെ ടെര്‍മിനലുകളില്‍ യാത്രക്കാര്‍ പരിഭ്രാന്തരായി ഓടി. നിലത്തുവീണും ചവിട്ടേറ്റും പലര്‍ക്കും പരിക്കേറ്റു. ഉടന്‍തന്നെ അക്രമിയെ പോലിസ് കീഴ്‌പ്പെടുത്തി. യാത്രയ്‌ക്കെത്തിയ സാന്റിയാഗോയുടെ കൈയില്‍ പരിശോധനാ സമയത്ത് തോക്കുണ്ടായിരുന്നെങ്കിലും അവയില്‍ വെടിയുണ്ടകളുണ്ടായിരുന്നില്ല. പിന്നീട് ശുചിമുറിയിലേക്കു പോയ യുവാവ് തോക്കില്‍ തിര നിറച്ച് വന്നാണ് വെടിവയ്പ് ആരംഭിച്ചത്. ഒഴിഞ്ഞ തോക്കില്‍ വീണ്ടും തിരകള്‍ നിറച്ച് സ്റ്റാര്‍ വാര്‍ ടീഷര്‍ട്ടുകാരന്‍ ആക്രമണം തുടര്‍ന്നുവെന്നാണു ദൃക്‌സാക്ഷികള്‍ പറയുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss