|    Jan 18 Wed, 2017 5:47 pm
FLASH NEWS

ഫ്‌ളാറ്റ് നിര്‍മാണം: കര്‍ശന ഉപാധികളോടെ അനുമതി നല്‍കിയാല്‍ മതിയെന്ന് മേയര്‍

Published : 1st July 2016 | Posted By: SMR

കൊല്ലം: ബഹുനില ഫഌറ്റ് സമുച്ചയങ്ങള്‍ നിര്‍മിക്കുന്നതിനുള്ള അനുമതി കര്‍ശന ഉപാധികളോടെ മാത്രം നല്‍കിയാല്‍ മതിയെന്ന് മേയര്‍ അഡ്വ. വി രാജേന്ദ്രബാബു കൗണ്‍സില്‍ യോഗത്തില്‍ നിര്‍ദ്ദേശിച്ചു. വന്‍തോതില്‍ ഭൂഗര്‍ഭജലം ഊറ്റിയും മലിനജലം ഒഴുക്കിവിടുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കാതെയുമാണ് ബഹുനില മന്ദിര സമുച്ചയങ്ങള്‍ നിര്‍മിക്കുന്നതെന്ന കടപ്പാക്കട ഡിവിഷന്‍ കൗണ്‍സിലര്‍ എന്‍ മോഹനന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മേയര്‍.ബഹുനില മന്ദിര സമുച്ചയങ്ങളുടെ നിര്‍മാണത്തെ സമീപവാസികള്‍ ആശങ്കയോടെയാണ് നോക്കികാണുന്നതെന്ന് മേയര്‍ ചൂണ്ടിക്കാട്ടി. മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍ മിക്കയിടങ്ങളിലുമില്ല. മിക്ക സ്ഥലങ്ങളിലും മലിനജലം ഒഴുക്കുന്നത് പൊതു ഓടകളിലേക്കാണ്. സമീപപ്രദേശങ്ങളിലെ ഭൂഗര്‍ഭജലം ഒന്നാകെ ഊറ്റുന്ന കൂറ്റന്‍ കുഴല്‍കിണറുകള്‍ നിയമം ലംഘിച്ച് സ്ഥാപിക്കുകയാണ്. സമീപപ്രദേശങ്ങളില്‍ ജലക്ഷാമം ഉണ്ടായാല്‍ ബന്ധപ്പെട്ട മന്ദിര സമുച്ചയങ്ങൡ നിന്ന് കുടിവെള്ളം വിതരണം ചെയ്യുന്നതുള്‍പ്പെടെയുള്ള ഉപാധികള്‍ ഉള്‍ക്കൊള്ളിച്ചശേഷം മാത്രം അനുവാദം നല്‍കിയാല്‍ മതിയെന്ന് മേയര്‍ നിര്‍ദ്ദേശിച്ചു. ഫഌറ്റ് നിര്‍മാണത്തിന് അനുമതി നല്‍കുന്നതിന് മുന്‍പ് വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്നത് കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണം. യാതൊരു നിയന്ത്രണവുമില്ലാതെ ഫഌറ്റുകള്‍ കെട്ടി ഉയര്‍ത്തുന്നത് പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു.അമിത അളവിലുള്ള മോട്ടോറുകള്‍ സ്ഥാപിച്ച് കുഴല്‍ക്കിണറിലൂടെ വെള്ളം ഊറ്റുമ്പോള്‍ സമീപപ്രദേശങ്ങളിലെ കിണറുകളിലെ വെള്ളം വറ്റുന്നതായി എന്‍ മോഹനന്‍ ചൂണ്ടിക്കാട്ടി. മാലിന്യസംസ്‌കരണത്തിന് യാതൊരു സംവിധാനവും ബഹുനില മന്ദിര സമുച്ചയങ്ങളിലില്ല. 45 നില വരെയുള്ള ഫഌറ്റ് സമുച്ചയങ്ങള്‍ നഗരത്തില്‍ ഉയരുന്ന കാര്യവും കൗണ്‍സിലര്‍ പരാമര്‍ശിച്ചു. ചെമ്മാംമുക്ക്-അയത്തില്‍ റോഡില്‍ കേബിളിടുന്നതിന്റെ മറവില്‍ വെട്ടിപ്പൊളിച്ചിട്ടിരിക്കുന്നതുമൂലം ഗതാഗതം അസാധ്യമായതായി ഭരണിക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. സൈജു പരാതിപ്പെട്ടു. പള്ളിത്തോട്ടം എച്ച്ആന്റ്‌സി കോംപൗണ്ടിലെയും ആറ്റുകാല്‍ പുരയിടത്തിലെയും താമസക്കാര്‍ അനുഭവിക്കുന്ന ദുഃസ്ഥിതിയിലേക്ക് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. വിനിത വിന്‍സന്റ് വിരല്‍ചൂണ്ടി. ഓടയുടെ നിര്‍മാണം മുടങ്ങിക്കിടക്കുന്നതിനാല്‍ കക്കൂസ് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ പ്രദേശത്ത് കെട്ടിക്കിടക്കുകയാണ്. എച്ച് ആന്റ് സി കോംപൗണ്ടില്‍ മാത്രം 400 ഓളം കുടുംബങ്ങളാണ് അധിവസിക്കുന്നത്. മലിനമായ കുടിവെള്ളമാണ് ഇവിടെ ലഭിക്കുന്നത്. മാലിന്യം കലര്‍ന്ന ഒരു കുപ്പി വെള്ളം തെളിവിനായി കൗണ്‍സിലര്‍ കൗണ്‍സിലില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. കൊല്ലം തോടിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായതിനാല്‍ പരിസരവാസികളുടെ ജീവിതം അസഹ്യമായതായും കൗണ്‍സിലര്‍ ചൂണ്ടിക്കാട്ടി.ഇഎംഎസ് ഭവനപദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് ബാധ്യത തീര്‍ത്താലും ഭൂമി ക്രയവിക്രയം ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണുള്ളതെന്ന് കൊല്ലൂര്‍വിള ഡിവിഷന്‍ കൗണ്‍സിലര്‍ എം സലിം പരാതിപ്പെട്ടു. ഭവനപദ്ധതിയില്‍ അംഗങ്ങളായവര്‍ വീടിന്റെ വിസ്താരം അല്‍പ്പം വ്യത്യാസപ്പെടുത്തിയാല്‍ വീട്ടുനമ്പര്‍ ലഭിക്കാത്ത സ്ഥിതിയുമുണ്ട്. തൃക്കടവൂര്‍ കോര്‍പറേഷനോട് കൂട്ടിചേര്‍ത്തശേഷം തൊഴിലുറപ്പ് പദ്ധതി സ്തംഭനാവസ്ഥയിലാണെന്ന് കുരീപ്പുഴ ഡിവിഷന്‍ കൗണ്‍സിലര്‍ അജിത്കുമാര്‍ പറഞ്ഞു. 3069 കുടുംബങ്ങള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളായുണ്ട്. നഗരത്തില്‍ സ്ഥാപിച്ചിട്ടുള്ള ഇ-ടോയിലറ്റുകള്‍ പ്രവര്‍ത്തനരഹിതമാണെന്ന് തിരുമുല്ലവാരം ഡിവിഷന്‍ കൗണ്‍സിലര്‍ വി സുരേഷ്‌കുമാര്‍ ചൂണ്ടിക്കാട്ടി. എല്‍ഇഡി ലൈറ്റുകള്‍ നഗരത്തില്‍ മാത്രം സ്ഥാപിക്കാതെ ഡിവിഷനുകളിലേക്കും വ്യാപിപ്പിക്കണമെന്ന് ശക്തികുളങ്ങര ഡിവഷന്‍ കൗണ്‍സിലര്‍ എസ് മീനാകുമാരി ആവശ്യപ്പെട്ടു. ബി അനില്‍കുമാര്‍, എ നിസാര്‍, അജിത്കുമാര്‍ ബി, റീനാ സെബാസ്റ്റ്യന്‍, കെ ബാബു, ഗിരിജകുമാരി, സന്ധ്യ, ഗിരിജ സുന്ദരന്‍, ബെര്‍ളിന്‍ എന്നിവരും പൊതുചര്‍ച്ചയില്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക