|    Jun 23 Sat, 2018 4:06 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

ഫ്രീ ഉപദേശങ്ങള്‍ സ്വീകരിക്കപ്പെടും

Published : 17th July 2016 | Posted By: SMR

slug--rashtreeya-keralamപൊതുവേ ഗൗരവക്കാരനാണ് പിണറായി വിജയന്‍. പിണറായി ഒന്നു ചിരിച്ചാല്‍ പോലും കേരളത്തിലെ മാധ്യമങ്ങളില്‍ അതു വാര്‍ത്തയാണ്. പത്ര ഫോട്ടോഗ്രാഫര്‍മാര്‍ക്കും ചാനല്‍ കാമറമാന്‍മാര്‍ക്കും അടുത്തകാലം വരെ പിണറായിയുടെ ചിരി അപൂര്‍വമായി മാത്രം ലഭിക്കുന്ന കാഴ്ചയായിരുന്നു. എന്നാല്‍, നിയമസഭാ തിരഞ്ഞെടുപ്പെത്തിയതോടെ സ്ഥിതി മാറി. നിറഞ്ഞ ചിരിയുമായി നാടൊട്ടുക്ക് ഓടിനടന്ന് വോട്ട് ചോദിച്ച പിണറായി കേരളത്തിന്റെ മുഖ്യമന്ത്രിയുമായി. പിണറായി വിജയനിലെ ഈ മാറ്റം കണ്ട് സാധാരണക്കാരന്‍ മാത്രമല്ല, പാര്‍ട്ടി സഖാക്കന്‍മാര്‍ വരെ അന്തംവിട്ടു നിന്നിട്ടുണ്ട്. ഇക്കാലമത്രയും പാര്‍ട്ടി തലപ്പത്ത് കണ്ട പിണറായിയെ ആയിരിക്കില്ല, ഇനി കേരളത്തിന്റെ മുഖ്യമന്ത്രിക്കസേരയില്‍ കാണുന്നത് എന്ന് പലരും ഉറപ്പിച്ചു. കര്‍ക്കശക്കാരനായ പാര്‍ട്ടി നേതാവില്‍നിന്ന് സൗമ്യനായ ജനനേതാവിലേക്ക് പിണറായി മാറുന്നതു കണ്ട് സുകൃതമടയാന്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നവര്‍ക്കു പക്ഷേ തെറ്റി. വഹിക്കുന്ന പദവി ഏതായാലും പിണറായിക്കും ജയരാജനും ഒന്നും അവരല്ലാതായി മാറാന്‍ കഴിയില്ലെന്നാണ് ഭരണം ആദ്യമാസം പിന്നിട്ടപ്പോള്‍ തെളിയുന്നത്.
മാധ്യമങ്ങളെ തന്ത്രപൂര്‍വം അകറ്റിനിര്‍ത്തിക്കൊണ്ടായിരുന്നു സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ പിണറായി വക ശൈലീമാറ്റത്തിന്റെ തുടക്കം. ബുധനാഴ്ചകളില്‍ മന്ത്രിസഭായോഗ ശേഷമുള്ള വാര്‍ത്താസമ്മേളനം മാറ്റമില്ലാതെ തുടര്‍ന്നുവന്ന ഒന്നായിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കാബിനറ്റ് ബ്രീഫിങിന് പിആര്‍ഡി മന്ത്രി കെ സി ജോസഫിനെ ചുമതലപ്പെടുത്തിയാല്‍ പോരെ എന്ന നിര്‍ദേശം ഉമ്മന്‍ചാണ്ടി മുന്നോട്ടുവച്ചിരുന്നു. ആഴ്ചയില്‍ ഒരിക്കല്‍ മുഖ്യമന്ത്രിയെ കാണാനുള്ള അവസരം തങ്ങളുടെ പ്രിവിലേജായി കണക്കാക്കണമെന്ന മാധ്യമപ്രവര്‍ത്തകരുടെ ആവശ്യം ഒരു അധികപ്പറ്റായി അന്നത്തെ മുഖ്യന് തോന്നിയില്ല. എന്നാല്‍, അത്തരം കീഴ്‌വഴക്കങ്ങളിലൊന്നും വലിയ കാര്യമില്ലെന്ന് പുതിയ മുഖ്യന്‍ ആദ്യം തന്നെ തീരുമാനിച്ചു. പകരം പിണറായി ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ക്കു മാത്രം, അതും അദ്ദേഹത്തിനു തോന്നുമ്പോള്‍ മാധ്യമപ്രവര്‍ത്തകരെ കാണും. മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ എന്ന പേരില്‍ ഇറക്കുന്ന വാര്‍ത്താക്കുറിപ്പടികൊണ്ട് അതുവരെ തൃപ്തിപ്പെടുക. കൂടുതല്‍ സംശയങ്ങള്‍, വിശദീകരണങ്ങള്‍, ചോദ്യങ്ങള്‍, ഉപചോദ്യങ്ങള്‍ ഇത്യാദി കലാപരിപാടികള്‍ തല്‍ക്കാലം പിണറായി സര്‍ക്കാരിന്റെ കാലത്ത് വേണ്ടെന്നാണു തിട്ടൂരം.
പത്രക്കാര്‍ക്കു കിട്ടിയ പണി, കുട്ടിസഖാക്കള്‍ക്കും ഓണ്‍ലൈന്‍ ശിങ്കങ്ങള്‍ക്കും നന്നേ ബോധിച്ചു. ഇവറ്റകള്‍ക്കെന്താ കൊമ്പുണ്ടോ എന്ന ചോദ്യത്തില്‍ തുടങ്ങി, മാധ്യമപ്രവര്‍ത്തകരുടെ ധാര്‍മികതയെ കുറിച്ചും ജനകീയ ഭരണത്തിന്റെ പിണറായി മാതൃകയെ കുറിച്ചുമൊക്കെ നെടുനീളന്‍ തിസീസുകള്‍ വരെ സാമൂഹികമാധ്യമങ്ങളില്‍ പിറവിയെടുത്തു. സിറ്റിസണ്‍ ജേണലിസത്തിന്റെയും വിവരാവകാശത്തിന്റെയുമൊക്കെ കാലത്ത് എന്ത് കാബിനറ്റ് ബ്രീഫിങ് എന്നായി ചിലര്‍. എന്നാല്‍, ഇപ്പോള്‍ വിവരാവകാശവും അംഗീകരിക്കില്ലെന്നാണ് സര്‍ക്കാര്‍ വക പുതിയ തിട്ടൂരം. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്തെ, ‘കടുംവെട്ട്’ എന്ന് പരക്കെ ആക്ഷേപിക്കപ്പെട്ട തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കണമെന്ന മുഖ്യ വിവരാവകാശ കമ്മീഷണറുടെ ഉത്തരവിനെതിരേ കോടതിയെ സമീപിക്കാനാണ് സര്‍ക്കാര്‍ നീക്കം. ആദ്യം ഒരു കീഴ്‌വഴക്കമെന്ന നിലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു ലഭിച്ചിരുന്ന ഒരു സൗകര്യത്തെയും ഇപ്പോള്‍ പൗരന്റെ നിയമപരമായ അവകാശത്തെ തന്നെയും നിഷേധിക്കാന്‍ പിണറായി വിജയനും സഹമന്ത്രിമാരും തീരുമാനിക്കുമ്പോള്‍, അതില്‍ പ്രതിഫലിക്കുന്ന സ്വഭാവം ഏതായാലും ഇടതുപക്ഷത്തിന്റേതല്ല എന്ന് ഉറപ്പിച്ചുപറയാന്‍ കഴിയും.
മടിയില്‍ കനമുള്ളവന് വഴിയില്‍ പേടിച്ചാല്‍ മതിയെന്ന ചൊല്ലിനെ അന്വര്‍ഥമാക്കുന്നതാണ് പുതിയ സര്‍ക്കാരിന്റെ സമീപനങ്ങള്‍. യുഡിഎഫ് സര്‍ക്കാര്‍ അവസാനകാലത്തു നടത്തിയ ഭൂമി കുംഭകോണങ്ങളുടെ നിജസ്ഥിതി പുറത്തുവരുന്നതിനേക്കാള്‍, നിയമപരമായ അവകാശം മുന്‍നിര്‍ത്തി വിവരാവകാശത്തിന്റെ പേരും പറഞ്ഞ് സര്‍ക്കാരിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഭാവിയില്‍ ഉണ്ടാവുന്ന ജനകീയ ഇടപെടലുകളെ പിണറായി സര്‍ക്കാര്‍ ഭയക്കുന്നുവെന്നതാണ് ഇത്തരം നീക്കങ്ങളില്‍നിന്ന് വായിച്ചെടുക്കേണ്ടത്.
കമ്മ്യൂണിസ്റ്റ് നേതാക്കള്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നത് ജനങ്ങള്‍ക്കിടയില്‍ നിന്നുകൊണ്ടാണെന്നാണ് കഴിഞ്ഞ ദിവസം ഒരു യുവ എംഎല്‍എ നിയമസഭയില്‍ ആവേശംകൊണ്ടത്. എന്നാല്‍, കേരളം ഭരിക്കുന്ന പുതിയ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനം ശമ്പളം വാങ്ങാതെ സേവനം നടത്തുന്ന ഉപദേശകവൃന്ദങ്ങള്‍ക്കു നടുവിലാണെന്നതാണ് യാഥാര്‍ഥ്യബോധത്തോടെ കാര്യങ്ങളെ കാണുന്നവര്‍ക്കു മനസ്സിലാവുന്നത്. പ്രതിഫലം വേണ്ടെന്നു വച്ച സ്ഥിതിക്ക് അവര്‍ക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവി നല്‍കണമെന്ന കാര്യത്തില്‍ സര്‍ക്കാരിനു നിര്‍ബന്ധമാണ്. മേമ്പൊടിക്ക്, ഒരു സ്‌റ്റേറ്റ് കാറും അതിന്‍മേല്‍ നീല ബീക്കണ്‍ ലൈറ്റും സെക്രട്ടേറിയറ്റില്‍ ഓഫിസും ഒക്കെ ആവാം. ഉപദേശിക്കേണ്ടത് നാട് ഭരിക്കുന്ന മുഖ്യമന്ത്രിയെ ആയതുകൊണ്ട് ഒന്നിനും ഒരു കുറവും വരുത്തരുതെന്നു കരുതിയതാവും. ഖജനാവിന് കാശുമുടക്കില്ലാത്തതുകൊണ്ട്, ലോട്ടറി, ക്വാറി, കശുവണ്ടി മുതലാളിമാര്‍ക്കു വേണ്ടി സര്‍ക്കാരിനെതിരേ കോടതിയില്‍ ഹാജരായശേഷം ഒഴിവുള്ള സമയത്ത് മുഖ്യമന്ത്രിയെ ഉപദേശിച്ചാല്‍ മതിയെന്ന സാവകാശവും നല്‍കിയിട്ടുണ്ട്. കേസ് വാദിക്കാന്‍, ചോദിക്കുന്ന ഫീസുമായി ക്യൂ നില്‍ക്കുന്ന കക്ഷികള്‍ ഒരുവശത്ത്. ഫീസില്ലാതെ ഫ്രീയായി ഉപദേശം മാത്രം സ്വീകരിക്കുന്ന സര്‍ക്കാര്‍ മറുവശത്ത്. ഇപ്പറഞ്ഞ രീതിയിലുള്ള ഉപദേശകവൃന്ദങ്ങളുടെ നിയമനം ഉമ്മന്‍ചാണ്ടിയുടെ കാലത്തായിരുന്നുവെങ്കില്‍ സിപിഎമ്മിന്റെ നിലപാട് എന്തായിരുന്നുവെന്ന ചോദ്യം പ്രസക്തമാവുന്നതിവിടെയാണ്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഭൂട്ടാന്‍ ലോട്ടറിയുടെ പ്രമോട്ടറായ മേഘാ ഡിസ്ട്രിബ്യൂട്ടേഴ്‌സിന് വേണ്ടി കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്‌വി ഹാജരായതിനു പിന്നാലെ ഉണ്ടായ പുകില് സിങ്‌വിയുടെ വക്താവ് സ്ഥാനമാണു തെറിപ്പിച്ചത്. ഇന്നിപ്പോള്‍ മേഘാ ഡിസ്ട്രിബ്യൂട്ടേഴ്‌സിന്റെയൊക്കെ തലതൊട്ടപ്പനായ സാക്ഷാല്‍ സാന്റിയാഗോ മാര്‍ട്ടിനു വേണ്ടിയാണ് മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് നേരിട്ട് ഹാജരായിരിക്കുന്നത്. പാര്‍ട്ടി പത്രത്തിനു വേണ്ടി മാര്‍ട്ടിനില്‍നിന്ന് രണ്ടുകോടി കൈപ്പറ്റുകയും വിവാദമായപ്പോള്‍ തിരിച്ചുകൊടുത്ത് നൈസായി തലയൂരുകയും ചെയ്ത സാക്ഷാല്‍ ഇ പി ജയരാജന്‍, മന്ത്രിസഭയിലെ രണ്ടാമനായി വ്യവസായ വകുപ്പ് ഭരിക്കുമ്പോള്‍ ഇതിനപ്പുറവും പ്രതീക്ഷിക്കാം; എല്ലാറ്റിനും മൂകസാക്ഷിയായി വി എസിനെ കുടിയിരുത്താന്‍ വേണ്ടി ഇരട്ടപ്പദവിയുടെ അയോഗ്യത ഒഴിവാക്കാനുള്ള ഭേദഗതി ബില്ല് നിയമസഭയില്‍ പാകപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍, പ്രത്യേകിച്ചും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss