|    Oct 20 Fri, 2017 6:18 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഫ്രാന്‍സ്: കലേ അഭയാര്‍ഥി ക്യാംപ് ഒഴിപ്പിച്ചു തുടങ്ങി

Published : 25th October 2016 | Posted By: SMR

പാരിസ്: ഫ്രാന്‍സിലെ കലേ നഗരത്തിലെ  ജംഗിള്‍ എന്ന പേരിലറിയപ്പെടുന്ന അഭയാര്‍ഥി ക്യാംപ് ഒഴിപ്പിക്കാനുള്ള ദൗത്യം ആരംഭിച്ചു. കുട്ടികളടക്കം 7000ത്തോളം അഭയാര്‍ഥികളാണ് കലേ ക്യാംപില്‍ കഴിഞ്ഞിരുന്നത്. അഭയാര്‍ഥികളെ മറ്റിടങ്ങളിലേക്ക് മാറ്റുന്നതിനായുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.
ഫ്രാന്‍സിലെ വിവിധയിടങ്ങളിലായാണ് ഇവരെ പുനരധിവസിപ്പിക്കുന്നത്. അഫ്ഗാനിസ്താന്‍, സുദാന്‍, എറിത്രിയ എന്നിവിടങ്ങളില്‍നിന്നുള്ള അഭയാര്‍ഥികളെയും വഹിച്ചുകൊണ്ടുള്ള ആദ്യസംഘത്തെ ബര്‍ഗണ്ടി പ്രവിശ്യയിലെ കേന്ദ്രത്തിലേക്ക് എത്തിച്ചിട്ടുണ്ട്. 60 ബസ്സുകളാണ് അഭയാര്‍ഥികളെ മാറ്റുന്നതിനായി രംഗത്തുള്ളത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 450ഓളം താല്‍ക്കാലിക കേന്ദ്രങ്ങളില്‍ 7500ഓളം പേര്‍ക്ക് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൂന്നുദിവസത്തിനകം ക്യാംപ് പൂര്‍ണമായും പൊളിച്ചുനീക്കുമെന്നാണ് ഫ്രഞ്ച് അധികൃതര്‍ പറയുന്നത്. 1200ഓളം പോലിസുകാരും ഉദ്യോഗസ്ഥരുമാണ് ദൗത്യത്തിനുള്ളത്. വടക്കന്‍ ഫ്രാന്‍സിലാണ് തുറമുഖനഗരമായ കലേ സ്ഥിതിചെയ്യുന്നത്.
അതേസമയം, ഏതാനും അഭയാര്‍ഥികള്‍ ഒഴിപ്പിക്കലിനോട് സഹകരിക്കുന്നില്ല. ബ്രിട്ടനിലേക്കു പോവണമെന്നാണ് ഇവര്‍ ആവശ്യമുന്നയിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ടുള്ള പ്രതിഷേധം പോലിസുമായുള്ള സംഘര്‍ഷത്തിലേക്കും നയിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ സംഭവങ്ങള്‍ ആവര്‍ത്തിച്ചിരുന്നു. ക്യാംപിലെ 1300ഓളം കുട്ടികളെ ഏറ്റെടുക്കാനുള്ള ദൗത്യം ബ്രിട്ടനും ആരംഭിച്ചു. ആദ്യസംഘം ഇതിനകം ബ്രിട്ടനിലെത്തി. ഫ്രാന്‍സില്‍ അഭയാര്‍ഥിത്വം സ്വീകരിക്കാന്‍ തയ്യാറാവാത്തവരെ നാടുകടത്താനാണ് സര്‍ക്കാരിന്റെ പദ്ധതി. ആദ്യദിവസം 2500ഓളം അഭയാര്‍ഥികള്‍ ക്യാംപ് വിടുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക