|    Dec 14 Fri, 2018 11:54 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഫ്രാന്‍സ്: ഇന്ധന നികുതിവര്‍ധന ആറുമാസത്തേക്ക് റദ്ദാക്കി

Published : 5th December 2018 | Posted By: kasim kzm

പാരിസ്: ഇന്ധന നികുതിവര്‍ധനയില്‍ രാജ്യത്താകമാനം പ്രതിഷേധം രൂക്ഷമായതിനെ തുടര്‍ന്ന് നികുതിവര്‍ധന ആറുമാസത്തേക്ക് റദ്ദാക്കിയതായി പ്രധാനമന്ത്രി എഡ്വേര്‍ഡ് ഫിലിപ് അറിയിച്ചു. വിദഗ്ധരുമായി കൂടിയാലോചനകള്‍ നടത്താതെ നികുതി വര്‍ധിപ്പിക്കില്ലെന്ന് അദ്ദേഹം അറിയിച്ചു. ഭരണകക്ഷി എംപിമാരുടെ യോഗത്തിനു ശേഷമാണ് ഫിലിപ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ 12 മാസത്തിനിടെ ഫ്രാന്‍സില്‍ ഡീസലിന് 23 ശതമാനമാണ് നികുതി വര്‍ധിപ്പിച്ചത്. നികുതിവര്‍ധനയില്‍ പ്രതിഷേധിച്ച് കഴിഞ്ഞ മൂന്നാഴ്ചയായി ഫ്രാന്‍സില്‍ പ്രതിഷേധം ആളിക്കത്തുകയായിരുന്നു. പ്രധാന നഗരങ്ങളേയെല്ലാം പ്രതിഷേധം ബാധിച്ചു. സര്‍ക്കാരിനെതിരായി ജനവികാരം രൂപപ്പെട്ടു. പ്രതിഷേധം അക്രമാസക്തമായതോടെ മൂന്നുപേരാണ് കൊല്ലപ്പെട്ടത്. സാമൂഹിക മാധ്യമങ്ങള്‍ വഴി ഒത്തുകൂടിയവാരാണ് പ്രകടനത്തിനെത്തിയിരുന്നത്. ഫ്രഞ്ച് പ്രസിഡന്റായി ഇമ്മാനുവല്‍ മാക്രോണ്‍ തിരഞ്ഞെടുക്കപ്പെട്ടിട്ട് രണ്ടുവര്‍ഷം കഴിയവെ നികുതിവര്‍ധന അദ്ദേഹത്തിനുള്ള ജനപ്രീതിയില്‍ ഇടിവ് വരുത്തിയതായാണ് റിപോര്‍ട്ട്.
പ്രതിപക്ഷ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പ്രതിഷേധം ഹൈജാക്ക് ചെയ്തതായി മാക്രോണ്‍ ആരോപിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ദേശീയ സുരക്ഷാ സമിതി യോഗം മാക്രോണ്‍ വിളിച്ചിരുന്നു. അതേസമയം, ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കാമെന്നു നേരേത്ത സൂചനയുണ്ടായിരുന്നെങ്കിലും ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നില്ല. പ്രക്ഷോഭത്തെ തുടര്‍ന്ന് സെര്‍ബിയ സന്ദര്‍ശനം മാക്രോണ്‍ റദ്ദാക്കി. വ്യാപാര-വ്യവസായ മേഖലയിലുണ്ടായ നാശനഷ്ടം വിലയിരുത്താന്‍ സാമ്പത്തികകാര്യ മന്ത്രി ബ്രൂണോ ലി മെയ്‌റ വ്യാപാരി വ്യവസായ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. വ്യാവസായിക മേഖലയില്‍ 20 മുതല്‍ 40 ശതമാനം വരെ നഷ്ടമുണ്ടായതായും ഹോട്ടല്‍ രംഗത്ത് 20 മുതല്‍ 50 ശതമാനം വരെ നഷ്ടമുണ്ടായതായും വിലയിരുത്തി.
അതേസമയം, ആറുമാസത്തെ കാലാവധി അപര്യാപ്തമാണെന്നു സെനറ്റ് അംഗം ബ്രൂണോ റിട്ടലിയോ അറിയിച്ചു. പ്രതിഷേധം ഇന്നലെയും തുടര്‍ന്നു. ഇന്ധന സംഭരണശാലയിലേക്കു നടത്തിയ പ്രതിഷേധം രാജ്യത്ത് ഇന്ധനക്ഷാമത്തിനു കാരണമായി. അതേസമയം, വിദ്യാഭ്യാസ, പരീക്ഷാ പരിഷ്‌കാരങ്ങള്‍ക്കെതിരേ 100ഓളം സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പ്രകടനം നടത്തി. കൂടാതെ സാമൂഹിക സുരക്ഷാ, ആരോഗ്യ സംരക്ഷണം എന്നിവയിലെ പരിഷ്‌കാരത്തിനെതിരേ ആംബുലന്‍സ് ഡ്രൈവര്‍മാരും പ്രകടനം നടത്തി. പോലിസുമായുള്ള ഏറ്റുമുട്ടലില്‍ പരിക്കേറ്റ് 20 വയസ്സുകാരന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss