|    Dec 10 Mon, 2018 10:16 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഫ്രാന്‍സ്: ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധം ശക്തം; അടിയന്തര സുരക്ഷാ യോഗം വിളിച്ചു

Published : 3rd December 2018 | Posted By: kasim kzm

പാരിസ്: ഇന്ധനവില വര്‍ധനയില്‍ സര്‍ക്കാരിനെതിരേ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ അടിയന്തര സുരക്ഷാ സമിതി യോഗം വിളിച്ചു. നിലവിലെ സ്ഥിതിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനാണു സാധ്യതയെന്ന് സര്‍ക്കാര്‍ വാക്താവ് വെളിപ്പെടുത്തി. ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ചു രാജ്യത്താകമാനം പ്രതിഷേധ പ്രകടനങ്ങളും സംഘര്‍ഷവുമാണ്. ചില പ്രകടനങ്ങള്‍ സമാധാനപരമായി മുന്നോട്ടുപോവുമ്പോള്‍ ചില ഇടങ്ങള്‍ അക്രമാസക്തമാവുന്ന സാഹചര്യമാണുള്ളത്.
കഴിഞ്ഞദിവസം നടന്ന പ്രകടനം അക്രമാസക്തമായതിനെ തുടര്‍ന്ന് 23 സുരക്ഷാ ഉദ്യോഗസ്ഥരടക്കം 100 പേര്‍ക്ക് പരിക്കേറ്റിരുന്നു. കെട്ടിടങ്ങളും വാഹനങ്ങളും തീവയ്ക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലിസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ആറ് കെട്ടിടങ്ങള്‍ക്കു തീപ്പിടിച്ചു. സംഘര്‍ഷത്തെ തുടര്‍ന്നു മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു.
ഇതുവരെ 400ഓളം പേര്‍ അറസ്റ്റിലായതായി പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. അര്‍ജന്റീനയില്‍ നടന്ന ജി20 ഉച്ചകോടിയില്‍ പങ്കെടുത്തു കഴിഞ്ഞദിവസമാണു മാക്രോണ്‍ തിരിച്ചെത്തിയത്. ഉടന്‍ ആര്‍ക് ഡി ത്രിമഫിലെ നാശനഷ്്ടങ്ങള്‍ കാണുന്നതിനു പുറപ്പെട്ടിരുന്നു.
പെട്രോള്‍ നികുതി വര്‍ധനയെ തുടര്‍ന്നു സര്‍ക്കാരിനെതിരേ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. ഒരു പാര്‍ട്ടിയുടെയോ, ഒരു വ്യക്തിയുടെയോ നേതൃത്വത്തിലല്ല പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. സാമൂഹിക മാധ്യമങ്ങള്‍ വഴി സംഘടിച്ചാണു മഞ്ഞമേലങ്കി അണിഞ്ഞു പ്രതിഷേധക്കാര്‍ എത്തുന്നത്. കഴിഞ്ഞ നവംബര്‍ 17ന് നടന്ന പ്രതിഷേധ പ്രകടനത്തില്‍ മൂന്നു ലക്ഷത്തോളം പേരാണു പങ്കെടുത്തത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss