|    Apr 21 Sat, 2018 11:01 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഫ്രാന്‍സ്: അഞ്ചുപേര്‍ അറസ്റ്റില്‍; തെളിവില്ലെന്ന് അന്വേഷണ സംഘം; നീസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു 

Published : 17th July 2016 | Posted By: SMR

nice-attack

പാരിസ്: ഫ്രാന്‍സിലെ നീസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. വ്യാഴാഴ്ച രാത്രിയുണ്ടായ ആക്രമണം തങ്ങളുടെ സൈനികരിലൊരാളാണ് നടത്തിയതെന്ന് ഐഎസ് അമഖ് വാര്‍ത്താ ഏജന്‍സി വഴി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍, ആക്രമണം നടത്തിയ മുഹമ്മദ് ലഹൗയേജ് ബൗഹ്‌ലെലിന് ഐഎസ് പോലുള്ള സംഘടനകളുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയിട്ടില്ലെന്നാണ് അന്വേഷണസംഘം പ്രതികരിച്ചത്.
നീസ് നഗരത്തില്‍ ഫ്രഞ്ച് ദേശീയ ദിനാഘോഷത്തില്‍ പങ്കെടുക്കുകയായിരുന്ന ആള്‍ക്കൂട്ടത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ 84 പേര്‍ കൊല്ലപ്പെടുകയും 200ലധികം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ദേശീയദിനം ആഘോഷിക്കുകയായിരുന്ന ജനക്കൂട്ടത്തിനിടയിലേക്ക് അക്രമി അതിവേഗത്തില്‍ ട്രക്ക് ഓടിച്ചുകയറ്റുകയും വെടിയുതിര്‍ക്കുകയുമായിരുന്നു. ആക്രമണത്തെത്തുടര്‍ന്ന് പോലിസിന്റെ വെടിവെയ്പില്‍ ബൗഹ്‌ലെല്‍ കൊല്ലപ്പെട്ടിരുന്നു.
ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അന്വേഷണസംഘം അറസ്റ്റുചെയ്തു. ബൗഹ്‌ലെലുമായുള്ള ഇവരുടെ ബന്ധം സംബന്ധിച്ചു പോലിസ് അന്വേഷണം നടത്തിയിരുന്നു. ഒരാളെ വെള്ളിയാഴ്ചയും നാലുപേരെ ഇന്നലെയുമാണ് അറസ്റ്റ് ചെയ്തത്. ബൗഹ്‌ലെലിന്റ ഭാര്യയെ ചോദ്യംചെയ്യലിനായി പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഗാര്‍ഹികപീഡനക്കേസുകള്‍ക്കും ചെറുകിട കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടും ബൗഹ്‌ലെലിനെ പോലിസ് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ മാനസിക പ്രശ്‌നങ്ങള്‍ അനുഭവിച്ചിരുന്നതായും മതവുമായി ബന്ധമുണ്ടായിരുന്നില്ലെന്നുമാണ് പരിചയക്കാര്‍ പറയുന്നത്. ഇയാള്‍ ആളുകളില്‍ നിന്ന് അകന്നു നില്‍ക്കുകയും പെട്ടെന്ന് ദേഷ്യപ്പെടുകയും ചെയ്യുമെന്നും നാഡികള്‍ക്ക് അസുഖം വന്നതിനെത്തുടര്‍ന്ന് 2002 മുതല്‍ രണ്ടു വര്‍ഷം ചികില്‍സയിലായിരുന്നെന്നും പോലിസ് അറിയിച്ചു.
അതേസമയം, ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഹൊളാന്‍ദ് സുരക്ഷാ, പ്രതിരോധ ഉദ്യോഗസ്ഥരുമായി ചര്‍ച്ചനടത്തി. കഴിഞ്ഞ 18 മാസത്തിനിടെ ഫ്രാന്‍സിലുണ്ടായ മൂന്നാമത്തെ ആക്രമണത്തെ പ്രതിരോധിക്കുന്നതില്‍ ഹൊളാന്‍ദ് സര്‍ക്കാരിനു വീഴ്ചപറ്റിയതായി ആരോപണമുയര്‍ന്നിരുന്നു. കഴിഞ്ഞ നവംബറില്‍ 130പേര്‍ കൊല്ലപ്പെട്ട പാരിസ് ആക്രമണത്തെത്തുടര്‍ന്ന് രാജ്യത്തു നടപ്പാക്കിയ സുരക്ഷാ സംവിധാനങ്ങള്‍ ഫലപ്രദമായില്ലെന്ന തരത്തിലാണ് വിമര്‍ശനം. പാരിസ് ആക്രമണത്തെത്തുടര്‍ന്ന് പ്രഖ്യാപിച്ച എട്ടുമാസത്തെ അടിയന്തരാവസ്ഥ ഈ മാസം 31ഓടെ അവസാനിക്കാനിരിക്കെയായിരുന്നു പുതിയ ആക്രമണം. നീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തരാവസ്ഥ മൂന്നുമാസത്തേക്കു കൂടി സര്‍ക്കാര്‍ ദീര്‍ഘിപ്പിച്ചിരുന്നു.
ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ 10ഓളം കുട്ടികളും കൗമാരക്കാരും ഉള്‍പ്പെടുന്നതായി ഫ്രഞ്ച് അധികൃതര്‍ അറിയിച്ചു. ഫ്രഞ്ചുകാര്‍ക്കു പുറമേ റഷ്യ, യുഎസ്, ജര്‍മനി, സ്വിറ്റ്‌സര്‍ലന്‍ഡ്, ഉക്രെയ്ന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരും കൊല്ലപ്പെട്ടവരിലുള്‍പ്പെടുന്നു. 16 പേരുടെ മൃതദേഹങ്ങള്‍ കൂടി തിരിച്ചറിയാനുണ്ട്. പരിക്കേറ്റ 50ഓളം പേരുടെ നില ഗുരുതരമായി തുടരുകയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss