|    Mar 25 Sat, 2017 11:11 pm
FLASH NEWS

ഫ്രാന്‍സില്‍ ആക്രമണം; 84 പേര്‍ കൊല്ലപ്പെട്ടു

Published : 16th July 2016 | Posted By: SMR

പാരിസ്: ഫ്രാന്‍സിലെ നീസ് നഗരത്തില്‍ ദേശീയ ദിനാഘോഷത്തിനിടെ (ബാസ്റ്റീല്‍ ഡേ) ഉണ്ടായ ആക്രമണത്തില്‍ 84 പേര്‍ കൊല്ലപ്പെട്ടു. 202 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ 18 പേരുടെ നില അതീവ ഗുരുതരമാണ്. ഭീകരപ്രവര്‍ത്തനത്തിനു സമാനമായ സംഭവമാണു നടന്നതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഹൊളാന്‍ദ് പറഞ്ഞു.
കടല്‍ത്തീര സുഖവാസകേന്ദ്രമായ നീസില്‍ പ്രാദേശികസമയം കഴിഞ്ഞദിവസം രാത്രി 10.30ഓടെയാണു സംഭവം. ദേശീയദിനം ആഘോഷിക്കുകയായിരുന്ന ജനക്കൂട്ടത്തിന് ഇടയിലേക്ക് അക്രമി അതിവേഗത്തില്‍ കൂറ്റന്‍ ട്രക്ക് ഓടിച്ചുകയറ്റുകയും വെടിയുതിര്‍ക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ പോലിസ് ട്രക്ക് ഡ്രൈവറെ വെടിവച്ച് കൊന്നു. 31 വയസ്സുള്ള തുണീസ്യന്‍ വംശജനായ ഫ്രഞ്ച് പൗരന്‍ മുഹമ്മദ് ലഹൗയേജ് ബൗഹ്‌ലെന്‍ ആണ് ആക്രമണം നടത്തിയതെന്ന് പോലിസ് പറഞ്ഞു. വാഹനം വാടകയ്‌ക്കെടുത്തതാണെന്നും തോക്കുകളും ഗ്രനേഡുകളും കണ്ടെത്തിയതായും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. നീസിലെ പ്രോമെനേഡ് ദെ ആംഗ്ലെയ്‌സില്‍ കരിമരുന്നുപ്രയോഗം നടക്കുകയായിരുന്നു. ഇതുകണ്ട് ആസ്വദിക്കുന്നവര്‍ക്ക് ഇടയിലേക്കാണ് അക്രമി ട്രക്ക് ഓടിച്ചുകയറ്റിയത്. ജനങ്ങളെ ഇടിച്ചുവീഴ്ത്തിയ വാഹനം രണ്ടു കിലോമീറ്ററോളം സഞ്ചരിച്ചതായി ബിബിസി റിപോര്‍ട്ട് ചെയ്തു. പരിഭ്രാന്തരായ ജനക്കൂട്ടം നിലവിളിച്ചുകൊണ്ട് ഓടി. 1000ത്തോളം പേര്‍ ഈ സമയം സ്ഥലത്തുണ്ടായിരുന്നു. നിരവധിപേര്‍ റോഡില്‍ മരിച്ചുകിടക്കുന്നതിന്റെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
നവംബറിലെ പാരിസ് ആക്രമണത്തിനുശേഷം ഫ്രാന്‍സിലെ പൊതുചടങ്ങുകള്‍ കനത്ത പോലിസ്, സൈനിക കാവലിലാണു നടത്താറുള്ളത്. ഇതുപ്രകാരം നീസിലും സുരക്ഷാസേനയെ വിന്യസിച്ചിരുന്നെങ്കിലും പൊടുന്നനെയുണ്ടായ ആക്രമണത്തെ പ്രതിരോധിക്കാന്‍ ഇവര്‍ക്കായില്ല. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രസിഡന്റ് രാജ്യത്ത് മൂന്നുമാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രദേശത്തെ ജനങ്ങള്‍ വീട്ടില്‍നിന്നു പുറത്തിറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.
കഴിഞ്ഞവര്‍ഷം നവംബറിലെ പാരിസ് ആക്രമണത്തിനു ശേഷം എട്ടു മാസത്തിനുള്ളിലുണ്ടായ ആക്രമണമാണിത്. 130 പേര്‍ കൊല്ലപ്പെട്ട പാരിസ് ആക്രമണത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച സുരക്ഷാ അടിയന്തരാവസ്ഥ ഈ മാസം 31ന് അവസാനിക്കാനിരിക്കെയാണു പുതിയ സംഭവവികാസങ്ങള്‍. പാരിസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു. ഫ്രാന്‍സ് ദുഃഖത്തിലാണെന്നും ഭീകരാക്രമണത്തിന്റെ ഏറ്റവും ഭീകരമായ രൂപമാണ് നീസില്‍ നടന്നതെന്നും പ്രസിഡന്റ് ഫ്രാന്‍സ്വാ ഹൊളാന്‍ദ് പ്രതികരിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഉള്‍പ്പെടെയുള്ളവര്‍ സംഭവത്തെ അപലപിച്ചു.
ഇന്ത്യക്കാര്‍ സുരക്ഷിതര്‍
ന്യൂഡല്‍ഹി: നീസ് ആക്രമണത്തില്‍ ഇന്ത്യക്കാര്‍ ആരുംഉള്‍പ്പെട്ടിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം. പാരിസിലെ അംബാസഡര്‍ ഫ്രാന്‍സിലെ ഇന്ത്യന്‍ പ്രവാസികളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ആക്രമണത്തില്‍ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായോ പരിക്കേറ്റതായോ റിപോര്‍ട്ടുകള്‍ വന്നിട്ടില്ലെന്നും വിദേശകാര്യമന്ത്രാലയ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു.
അതേസമയം, ഫ്രാന്‍സിന്റെ വേദനയില്‍ പങ്കുചേരുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. ആക്രമണത്തെ അപലപിക്കുന്നുവെന്നും മോദി പറഞ്ഞു.

(Visited 41 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക