|    Apr 23 Mon, 2018 11:19 am
FLASH NEWS
Home   >  News now   >  

ജംഗിള്‍ ക്യാംപ് കലാപം; യൂറോപ്പ് കൊയ്യുന്നത് വിതച്ചത്

Published : 3rd March 2016 | Posted By: swapna en

ഇംതിഹാന്‍ ഒ അബ്ദുല്ല
പാരിസ്: നാലായിരത്തിനും അയ്യായിരത്തിനും ഇടയില്‍ അഭയാര്‍ത്ഥികള്‍ അധിവസിക്കുന്ന ഫ്രാന്‍സിലെ കലാസിസ് നഗരത്തിലെ ജംഗിള്‍ ക്യാംപ് എന്നറിയപ്പെടുന്ന അഭയാര്‍ഥി ക്യാംപിലെ കുടിയൊഴിപ്പിക്കലും ചെറുത്തു നില്‍പുകളും ബലപ്രയോഗവും  ഇതെഴുതുമ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.അഭയാര്‍ത്ഥികളുടെ വന്‍ തോതിലുളള കേന്ദ്രീകരണം സുരക്ഷാപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന വാദമുയര്‍ത്തി അഭയാര്‍ത്ഥികളെ കുടിയൊഴിപ്പിക്കാന്‍ ഒരു നിയമയുദ്ധം തന്നെ നടത്തി ഫ്രഞ്ച് സര്‍ക്കാര്‍ നേടിയെടുത്ത അനുകൂല വിധിയുടെ അടിസ്ഥാനത്തിലാണ് നടപടികള്‍.കുടിയൊഴിപ്പിക്കല്‍ സമാധാനപരമായിരിക്കുമെന്ന് അധികൃതര്‍ കോടതിക്ക് ഉറപ്പു നല്‍കിയിരുന്നുവെങ്കിലും ടിയര്‍ ഗ്യസ്,റബ്ബര്‍ ബുളളറ്റ്,ജലപീരങ്കി,ബുള്‍ഡോസറുകള്‍ തുടങ്ങിയവ ഉപയോഗിച്ചു ആരംഭിച്ച കുടിയൊഴിപ്പിക്കല്‍ പിന്നെ തീ വെയ്പ്പിലേക്കും നീങ്ങാന്‍ തുടങ്ങി. അഭയാര്‍ത്ഥികള്‍ക്കു പിന്തുണയുമായി സന്നദ്ധ സംഘടനകള്‍ രംഗത്തിറങ്ങിയത് സര്‍ക്കാരിനെ കുഴക്കുന്നുണ്ട്.

violent-demolition-of-the-jungle-refugee-camp-in-france-set-to-resume-body-image-1456832815


വര്‍ധിച്ചുവരുന്ന അഭയാര്‍ഥി പ്രവാഹം യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് കനത്ത പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. അഭയാര്‍ഥികള്‍ക്ക് താമസവും ഭക്ഷണവും നല്‍കുന്നതിനുള്ള സാമ്പത്തിക ബാധ്യതകളെക്കാളും യൂറോപ്പിനെ അലട്ടുന്നത് അഭയാര്‍ഥികള്‍ ഉയര്‍ത്തുന്ന സുരക്ഷാപ്രശ്‌നങ്ങളാണ്. ഫ്രാന്‍സ് പോലുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ ഈയടുത്തുണ്ടായ ഭീകരാക്രമണങ്ങളില്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറിയ അഭയാര്‍ഥികളില്‍ ചിലരുടെ പങ്ക് ഫ്രാന്‍സിന്റെയും കൂട്ടരുടെയും ചങ്കിടിപ്പ് വര്‍ധിപ്പിക്കുകയും ചെയ്തു. അഭയാര്‍ഥികളില്‍ നല്ലൊരു ശതമാനം പേര്‍ മുസ്്‌ലിംകളാണ് എന്നത് ക്രിസ്ത്യന്‍ ഭൂരിപക്ഷ യൂറോപ്പിന്റെ ജനസംഖ്യാഘടനയെ മാറ്റിമറിക്കുമോ എന്ന ആശങ്കയ്ക്കും ഇടയാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ യൂറോപ്പിലെ, പ്രത്യേകിച്ചും തീവ്ര വംശീയ ചിന്തകള്‍ പുലര്‍ത്തുന്ന പല രാജ്യങ്ങളും ഇതിനകം തന്നെ തങ്ങളുടെ അതിര്‍ത്തികള്‍ അഭയാര്‍ഥികള്‍ക്കു മുമ്പില്‍ കൊട്ടിയടച്ചിട്ടുണ്ട്.

Calais-648285
എന്നാല്‍ റോബര്‍ട്ട് ഫിസ്‌കിനെയും നോം ചോസ്‌കിയെയും  പോലുള്ള സാമൂഹ്യശാസ്ത്രജ്ഞരും മാധ്യമ-രാഷ്ട്രീയ നിരീക്ഷകരും ഉയര്‍ത്തുന്ന വളരെ പ്രസക്തമായ ഒരു ചോദ്യമുണ്ട്. നൈലിന്റെയും യൂഫ്രിസട്ടിന്റെയും തീരങ്ങളില്‍ ആടുകളെ മേച്ചും വയലേലകളില്‍ ഗോതമ്പും ഒലീവും കൃഷിചെയ്തും മേല്‍പ്പറഞ്ഞവയും അവയുടെ ഉപോല്‍പന്നങ്ങളായ പാല്‍ക്കട്ടിയും വെണ്ണയുമുള്‍പ്പെടെയുള്ളവ കച്ചവടം ചെയ്തും ശാന്തസുന്ദരമായ ജീവിതം നയിച്ചിരുന്ന ഒരു ജനതയെ ജന്മനാട്ടില്‍ ഭവനരഹിതരും ആവശ്യത്തിന് കുടിവെള്ളം പോലും നിഷേധിക്കപ്പെട്ടവരും എന്തിനേറെ ജീവന്‍പോലും ഭീഷണിയിലായി രാജ്യം വിട്ട് അഭയാര്‍ഥികളായി അലയാന്‍ നിര്‍ബന്ധിതരുമാക്കിയത് ആരാണ്?
കൊളോണിയലിസവും സാമ്രാജ്യത്വവും ചരിത്രത്തോട് ചെയ്ത ക്രൂരതകളുടെ അനന്തരഫലങ്ങള്‍ വെളിപ്പെടുത്തുന്നത് ഇവിടെയാണ്.
കുരിശുയുദ്ധങ്ങളുടെ കാലം മുതല്‍ തങ്ങളുടെ കണ്ണിലെ കരടായ പശ്ചിമേഷ്യയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ തുര്‍ക്കി ആസ്ഥാനമായിരുന്ന ഉസ്്മാനിയാ ഖിലാഫത്തിന്റെ പതനത്തിനും മുമ്പ് ആരംഭിച്ചതാണ്. ആദ്യമാദ്യം തമ്മിലടിക്കുന്ന മുട്ടനാടുകളുടെ ചോരനുണയുന്നതില്‍ പരിമിതമായിരുന്ന സാമ്രാജ്യത്വശക്തികള്‍ ഇറാഖിന്റെ കുവൈത്ത് അധിനിവേശത്തോടെയാണ് പരസ്യമായ കളികള്‍ ആരംഭിച്ചത്. തങ്ങളുടെ മാനസ പുത്രന്‍മാരെ ജനഹിതം പരിഗണിക്കാതെ അധികാസ്ഥാനങ്ങളിലേറ്റി പിന്‍ സീറ്റ് ഡ്രൈവിംഗ് നടത്തിയതിന്റെ അനന്തര ഫലങ്ങളാണ് യൂറോപ്പ് ഇന്നനുഭവിച്ചു കൊണ്ടിരിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss