|    Sep 26 Wed, 2018 7:00 pm
FLASH NEWS
Home   >  Sports  >  Football  >  

ഫ്രാന്‍സിന് ഒരു ഗോള്‍ ജയം; ഫ്രാന്‍സ് ലോകകപ്പിന് തൊട്ടരികെ

Published : 8th October 2017 | Posted By: ev sports

സോഫിയ: 2018 റഷ്യന്‍ ലോകകപ്പിലേക്കുള്ള യോഗ്യത സാധ്യത സജീവമാക്കി ഫ്രാന്‍സ്. യൂറോപ്പ് മേഘലയില്‍ നടന്ന ആവേശ പോരാട്ടത്തില്‍ ബള്‍ഗേറിയ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് ഫ്രാന്‍സ് റഷ്യയിലേക്കുള്ള ടിക്കറ്റ് സാധ്യത നിലനിര്‍ത്തിയത്. മൂന്നാം മിനിറ്റില്‍ ബ്ലാസി മാറ്റിയുഡിയുടെ തകര്‍പ്പന്‍ ഗോളാണ് ഫ്രാന്‍സിന് വിജയം സമ്മാനിച്ചത്. മല്‍സരത്തില്‍ പന്തടക്കത്തില്‍ ബള്‍ഗേറിയ മുന്നിട്ട് നിന്നെങ്കിലും വിജയം ഫ്രാന്‍സിന്റെ കളിമികവിനൊപ്പം നിന്നു.
4-3-3 ശൈലിയില്‍ ബൂട്ട്‌കെട്ടിയ ഫ്രാന്‍സിനെ 4-4-2 ശൈലിയിലാണ് ബള്‍ഗേറിയ പ്രതിരോധിച്ചത്. എന്നാല്‍ ബള്‍ഗേറിയയുടെ കണക്ക്കൂട്ടലുകളെ ഞെട്ടിച്ച് മല്‍സരത്തിന്റെ മൂന്നാം മിനിറ്റില്‍ മാറ്റിയൂഡി ഫ്രാന്‍സിനായി ലക്ഷ്യം കണ്ടു. വലത് വിങില്‍ നിന്ന് ലഭിച്ച പന്തിനെ അന്റോണിയോ ഗ്രിസ്മാന്‍ മാറ്റിയുഡിയ്ക്ക് നല്‍കിയപ്പോള്‍ ബുള്ളറ്റ് ഷോട്ടിലൂടെ മാറ്റിയുഡി പന്ത് ഇടത് മൂലയിലെത്തിച്ചു. മല്‍സരത്തിന്റെ തുടക്കത്തിലേ ഗോള്‍ വഴങ്ങിയ ബള്‍ഗേറിയ സ്വന്തം തട്ടകത്തില്‍ പ്രതിരോധത്തിലേക്കൊതുങ്ങി. ഇതിനിടയില്‍ വീണ് കിട്ടിയ അവസരങ്ങളെ ഫ്രാന്‍സ് താരങ്ങള്‍ മുലതെടുക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കാണാനായില്ല. ഒന്നാം പകുതിയില്‍ ഒരു ഗോളിന്റെ ആധിപത്യത്തോടെ കളം പിരിഞ്ഞ ഫ്രാന്‍സിന് രണ്ടാം പകുതിയിലും ബള്‍ഗേറിയയയുടെ പ്രതിരോധം വെല്ലുവിളി ഉയര്‍ത്തിയെങ്കിലും മല്‍സരത്തിന്റെ മുഴുവന്‍ സമയത്തും ലീഡ് നിലനിര്‍ത്തിയ ഫ്രാന്‍സ് ഏകപക്ഷീയമായ ഒരു ഗോള്‍ ജയവും അക്കൗണ്ടിലാക്കി.
എംബാപ്പെയും ഗ്രിസ്മാനും ലാകാസെറ്റയും ചേര്‍ന്നുള്ള ശക്തമായ ആക്രമണ നിരയെ ഇറക്കിയാണ് ഫ്രഞ്ച് കോച്ച് ഡെഷാംപ്‌സ് ടീമിനെ ഇറക്കിയത്. എംബാപ്പെയും ലാകാസെറ്റും നിരവധി തവണ ഗോള്‍ അവസരങ്ങള്‍ സൃഷിട്ടിച്ചെങ്കിലും കൂടുതല്‍ ഗോള്‍ നേടാന്‍ ഫ്രാന്‍സിനായില്ല. വിജയത്തിനിടയിലും ഫ്രാന്‍സിന്റെ ചെല്‍സി  മിഡ്ഫീല്‍ഡര്‍ കാന്റെക്ക് പരിക്കേറ്റത് ഫ്രാന്‍സിന് തിരിച്ചടിയായി. ഒമ്പത് മല്‍സരങ്ങളില്‍ നിന്ന് 20 പോയിന്റുകളുമായി ഫ്രാന്‍സ് എ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണുള്ളത്. ചൊവ്വാഴ്ച നടക്കുന്ന മല്‍സരത്തില്‍ ബെലറൂസിനെ തോല്‍പ്പിച്ചാല്‍ ഫ്രാന്‍സിന് നേരിട്ട് ലോകകപ്പിലേക്ക് യോഗ്യത നേടാം.

കോസ്റ്റാറിക്കയ്ക്ക് ലോകകപ്പ് യോഗ്യത
സാന്‍ യോസ്: 2018 റഷ്യന്‍ ലോകകപ്പില്‍ കോസ്റ്റാറിക്ക പന്ത് തട്ടും. യോഗ്യതാ പോരാട്ടത്തില്‍ ഹോണ്ടുറാസിനെ 1-1 സമനിലയില്‍ തളച്ചതോടെയാണ് കോസ്റ്റാറിക്ക ലോകകപ്പ് യോഗ്യത നേടിയെടുത്തത്. ഗോളൊഴിഞ്ഞ് നിന്ന ഒന്നാം പകുതിക്ക് ശേഷം 66ാം മിനിറ്റില്‍ എഡ്ഡി ഹെര്‍ണാന്‍ഡസിലൂടെ ഹോണ്ടുറാസാണ് ആദ്യം അക്കൗണ്ട് തുറന്നത്. എന്നാല്‍ ഇഞ്ചുറി ടൈമില്‍ കെന്‍ഡാല്‍ ജമാല്‍ വാസ്‌റ്റോണിലൂടെ സമനില ഗോള്‍ സ്വന്തമാക്കിയ കോസ്റ്റാറിക്ക ഒമ്പത് മല്‍സരങ്ങളില്‍ നിന്ന് നാല് ജയവും നാല് സമനിലയും ഒരു തോല്‍വിയും വഴങ്ങി 16 പോയിന്റുകള്‍ അക്കൗണ്ടിലാക്കിയാണ് ലോകകപ്പിലേക്ക് യോഗ്യത നേടിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss