|    Jun 18 Mon, 2018 3:54 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഫ്രഞ്ച് ഓപണ്‍: ജോകോവിച്ച്, നദാല്‍, മുറേ രണ്ടാം റൗണ്ടില്‍

Published : 25th May 2016 | Posted By: SMR

പാരിസ്: പുരുഷ വിഭാഗം സിംഗിള്‍സില്‍ ഒമ്പത് തവണ ചാംപ്യനായ സ്‌പെയിനിന്റെ റാഫേല്‍ നദാല്‍, ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ജോകോവിച്ച്, ലോക രണ്ടാം നമ്പര്‍ ബ്രിട്ടന്റെ ആന്‍ഡി മുറേ എന്നിവര്‍ ജയത്തോടെ ഫ്രഞ്ച് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു.
എന്നാല്‍, വനിതാ സിംഗിള്‍സില്‍ ആസ്‌ത്രേലിയന്‍ ഓപണ്‍ ജേതാവും മൂന്നാം സീഡുമായ ജര്‍മനിയുടെ ആഞ്ചലിക് കെര്‍ബറിന് ഒന്നാംറൗണ്ടില്‍ അടിതെറ്റി. ലോക റാങ്കിങില്‍ 58ാം സ്ഥാനത്തുള്ള ഹോളണ്ടിന്റെ കിക്കി ബെര്‍ട്ടെന്‍സാണ് കെര്‍ബറിനെ അട്ടിമറിച്ചത്.
മറ്റു മല്‍സരങ്ങളില്‍ പുരുഷ വിഭാഗത്തില്‍ ചെക്ക് റിപബ്ലിക്കിന്റെ തോമസ് ബെര്‍ഡിച്ച്, ഫ്രാന്‍സിന്റെ ലുകാസ് പൗയില്ലെ, ചെക്ക് റിപബ്ലിക്കിന്റെ റഡെക് സ്റ്റെപാനെക്, ഫ്രാന്‍സിന്റെ ഗിലസ് സിമോണ്‍, റിചാര്‍ഡ് ഗസ്‌ക്വെറ്റ് എന്നിവരും വനിതകളില്‍ അമേരിക്കയുടെ മുന്‍ ലോക ഒന്നാം നമ്പര്‍ താരം വീനസ് വില്യംസ്, പോളണ്ടിന്റെ അഗ്‌നിയേസ്‌ക റഡ്‌വാന്‍സ്‌ക, ക്രിസ്റ്റിന മ്ലഡനോവിക് എന്നിവരും വിജയത്തോടെ രണ്ടാം റൗണ്ടിലേക്ക് ടിക്കറ്റെടുത്തു.
ആസ്‌ത്രേലിയയുടെ സാം ഗ്രോത്തിനെതിരേ അനായാസമായിരുന്നു നാലാം സീഡായ നദാലിന്റെ ജയം. ഗ്രോത്തിനെ നിഷ്പ്രഭമാക്കിയ നദാല്‍ ഒരു സെറ്റില്‍ പോലും എതിരാളിക്ക് മുന്‍തൂക്കം നല്‍കാന്‍ തയ്യാറായില്ല. 6-1, 6-1, 6-1 എന്ന സ്‌കോറിനായിരുന്നു കളിമണ്‍ കോര്‍ട്ടിലെ രാജകുമാരനായ നദാലിന്റെ വിജയം. മല്‍സരം ഒരു മണിക്കൂറും 20 സെക്കന്‍ഡും കൊണ്ട് തന്നെ 29 കാരനായ സ്പാനിഷ് താരം തന്റെ വരുതിയിലാക്കുകയായിരുന്നു.
ഫ്രഞ്ച് ഓപണില്‍ കന്നി കിരീടം ലക്ഷ്യമിടുന്ന ജോകോവിച്ച് ചൈനീസ് തായ്‌പേയിയുടെ ലു യെന്‍ സുവിനോട് അനായാസ ജയം സ്വന്തമാക്കുകയായിരുന്നു. ആദ്യ സെറ്റില്‍ മാത്രമാണ് ജോകോവിച്ച് നേരിയ വെല്ലുവിളി നേരിട്ടത്. അവസാന രണ്ട് സെറ്റുകളിലും ചൈനീസ് താരത്തെ ടൂര്‍ണമെന്റിലെ ടോപ് സീഡായ ജോകോവിച്ച് നിഷ്പ്രഭമാക്കുകയായിരുന്നു. സ്‌കോര്‍: 6-4, 6-1, 6-1.
അതേസമയം, ചെക്ക് റിപബ്ലിക്കിന്റെ റഡെക് സ്റ്റെപാനെകില്‍ നിന്ന് കനത്ത വെല്ലുവിളി അതിജീവിച്ചാണ് മുറേ രണ്ടാംറൗണ്ടിലേക്ക് മുന്നേറിയത്. ഒരുഘട്ടത്തില്‍ സ്‌റ്റെപാനെക് അട്ടിമറി ജയം നേടുമെന്ന പ്രതീതി സൃഷ്ടിച്ചെങ്കിലും അവസാന മൂന്ന് സെറ്റുകളില്‍ അവിസ്മരണീയ തിരിച്ചുവരവ് നടത്തി മുറേ അട്ടിമറി തോല്‍വിയില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. അഞ്ച് സെറ്റ് നീണ്ടുനിന്ന മല്‍സരം മൂന്ന് മണിക്കൂറുണ്ടായിരുന്നു. സ്‌കോര്‍: 3-6, 3-6, 6-0, 6-2, 7-5.
ബെര്‍ട്ടെന്‍സിനോട് ഒന്നാമത്തെയും മൂന്നാമത്തെയും സെറ്റ് കൈവിട്ടാണ് കെര്‍ബര്‍ തോല്‍വി ചോദിച്ചുവാങ്ങിയത്. സ്‌കോര്‍: 6-2, 3-6, 6-3. എന്നാല്‍, കാനഡയുടെ വസെക് പോസ്പിസിലിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് ഏഴാം സീഡായ ബെര്‍ഡിച്ച് രണ്ടാംറൗണ്ടിലേക്ക് മുന്നേറിയത്.
14ാം സീഡായ പോളണ്ടിന്റെ അന ഇവാനോവിക്ക് ഫ്രാന്‍സിന്റെ ഒസിയനെ ഡോഡിനിനെ പരാജയപ്പെടുത്തി. 6-0, 5-7, 6-2 എന്ന സ്‌കോറിനായിരുന്നു ഒന്നാം റൗണ്ടില്‍ അനയുടെ ജയം. കടുത്ത പോരാട്ടമായിരുന്നെങ്കിലും എസ്‌റ്റോണിയയുടെ അനെറ്റ് കോന്‍ടാവെല്‍റ്റിനെതിരേ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഒമ്പതാം സീഡായ വീനസ് വെന്നിക്കൊടി നാട്ടിയത്. സ്‌കോര്‍: 7-6, 7-6.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss