|    Aug 22 Wed, 2018 2:40 am
FLASH NEWS
Home   >  News now   >  

ഫ്രഞ്ച് ഓപണ്‍ ക്വാര്‍ട്ടര്‍ ഫൈനല്‍: അട്ടിമറി തോല്‍വിയോടെ ജോക്കോവിച്ച് പുറത്ത്

Published : 7th June 2017 | Posted By: ev sports

ഡൊമിനിക് തീം സെമിയില്‍
– ബുസ്തയെ നദാല്‍ തോല്‍പിച്ചു
– നാളെ നദാല്‍ – തീം സെമി

പാരിസ്: ഫ്രഞ്ച് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ നിലവിലെ ചാംപ്യനായ ജോക്കോവിച്ചിന് അട്ടിമറി തോല്‍വി. ലോക ഏഴാം നമ്പര്‍ താരം ഡൊമിനിക് തീമാണ് രണ്ടാം റാങ്കുകാരനായ നൊവാക് ജോക്കോവിച്ചിനെ അടിയറവ് പറയിച്ച് സെമിഫൈനലില്‍ കടന്നത്. ഉശിരന്‍ പ്രകടനത്തോടെ മൂന്ന് സെറ്റുകളും ആസ്‌ത്രേലിയയുടെ ഡൊമിനിക് തീം സ്വന്തമാക്കുകയായിരുന്നു. സ്‌കോര്‍: 7-6, 6-3, 6-0.
ആദ്യ സെറ്റിന്റെ ടൈബ്രേക്കില്‍ സെര്‍വ് നഷ്ടപ്പെടുത്തിയതാണ് സെര്‍ബിയന്‍ താരത്തിന് തിരിച്ചടിയായത്. സെറ്റ് ലീഡ് നേടിയതോടെ ഒരു അവസരം പോലും നല്‍കാതെ തീം രണ്ടാം സെറ്റും സ്വന്തമാക്കി. മൂന്നാംസെറ്റില്‍ പൂര്‍ണമായും തകര്‍ച്ച നേരിടാനായിരുന്നു ജോക്കോവിച്ചിന്റെ വിധി. നിര്‍ണായക സെറ്റായിരുന്നിട്ട് കൂടി മൂന്ന് തവണ ജോക്കോവിച്ച് സെര്‍വ് നഷ്ടപ്പെടുത്തിയതോടെ ആറാം സീഡായ തീമിന് കാര്യങ്ങള്‍ എളുപ്പമായി. ആ സെറ്റില്‍ പരാജയം സമ്മിതിച്ച ജോക്കോവിച്ച് ഒരു പോയിന്റ് പോലും നേടിയില്ല. ഒരു വര്‍ഷം മുമ്പ്, അരനൂറ്റാണ്ടിനിടയില്‍ നാല് വലിയ ചാംപ്യന്‍ഷിപ്പുകള്‍ നേടിയ ജോക്കോവിച്ചിന്റെ കരിയറിലെ മോശം പ്രകടനമായിരുന്നു ഇന്നലെ. തുടര്‍ച്ചയായി നാലാം ടൂര്‍ണമെന്റിലാണ് ജോക്കോവിച്ച് കിരീടം കാണാതെ പുറത്താവുന്നത്.
തന്റെ വിജയം ഒരു സ്വപ്‌ന നേട്ടമാണെന്ന് മല്‍സരശേഷം തീം പ്രതികരിച്ചു. ഫ്രഞ്ച് ഓപണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ മുന്‍ ചാംപ്യനെ പരാജയപ്പെടുത്തുക എന്നത് ഒരു സ്വപ്‌നം തന്നെയായിരുന്നു- തീം പറഞ്ഞു. നദാലിനെതിരായ സെമി മല്‍സരം അത്ര എളുപ്പമായിരിക്കില്ലെന്നും ഓരോ റൗണ്ടിന് ശേഷവും കൂടുതല്‍ ശക്തരെ നേരിടുക വെല്ലുവിളിയാണെന്നും തീം വ്യക്തമാക്കി.
സെമിയില്‍ വെറ്ററന്‍ താരം റാഫേല്‍ നദാലാണ് തീമിന്റെ എതിരാളി. നാളെയാണ് സെമിഫൈനല്‍.

സ്പാനിഷ് ക്വാര്‍ട്ടറില്‍ നദാല്‍
എതിരാളി പാബ്ലോ കാരെനോ ബുസ്ത റിട്ടേര്‍ഡ് ചെയ്തതോടെ നാലാം നമ്പര്‍ സൂപ്പര്‍ താരം റാഫേല്‍ നദാല്‍ ഫ്രഞ്ച് ഓപണ്‍ സെമിയില്‍. ആദ്യ സെറ്റിന്റെ ലീഡില്‍ രണ്ടാം സെറ്റില്‍ രണ്ട് പോയിന്റിന് സ്പാനിഷ് താരം നദാല്‍ മുന്നിലെത്തിയതോടെ നാട്ടുകാരനായ ബുസ്ത റിട്ടേര്‍ഡ് പ്രഖ്യാപിക്കുകയായിരുന്നു. സ്‌കോര്‍: 6-0, 2-0. ഇത് പത്താംതവണയാണ് നദാല്‍ ഫ്രഞ്ച് ഓപണ്‍ ക്വാര്‍ട്ടറിലെത്തുന്നത്. ആദ്യ സെറ്റില്‍ നാല് തവണ സെര്‍വ് നഷ്ടപ്പെടുത്തിയ ബുസ്തയ്ക്ക് നദാലിന്റെ പൊരിഞ്ഞ പോരാട്ടം ചെറുക്കാനായില്ല. മല്‍സരം 51 മിനിറ്റ് പിന്നിട്ടപ്പോള്‍ ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് 20ാം സീഡ് ബുസ്ത റിട്ടേഡ് ചെയ്തത്. ലോക 21ാം റാങ്കുകാരനായ ബുസ്തയുടെ ആദ്യ ഗ്രാന്‍സ്ലാം ക്വാര്‍ട്ടറായിരുന്നു ഇത്. ആദ്യ സെറ്റിന് ശേഷം ചികില്‍സ തേടിയെങ്കിലും അസുഖം മൂര്‍ചിഛതോടെ രണ്ടാം സെറ്റില്‍ 19 മിനിറ്റിന് ശേഷം വിരമിക്കുകയായിരുന്നു.
2014ന് ശേഷം ആദ്യ ഫ്രഞ്ച് ഓപണ്‍ കിരീട പ്രതീക്ഷ സജീവമാക്കിയ വെറ്ററന്‍ താരം നദാലിന്റെ നൂറാം ബെസ്റ്റ് ഫൈവ് സെറ്റ് വിജയം കൂടിയാണ് ഇത്. 102 മാച്ചില്‍ നിന്നാണ് സ്പാനിഷ് വമ്പന്‍ ഈ നേട്ടം സ്വന്തമാക്കിയത്.

വനിതകളില്‍ പ്ലിസ്‌കോവയും ഹാലെപും
വനിതാ സിംഗിള്‍സില്‍ മൂന്നാം റാങ്ക് കരോലിന പ്ലിസ്‌കോവയും നാലാം റാങ്ക് സിമോണ ഹാലെപും സെമിയില്‍ പ്രവേശിച്ചു. ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിന്റെ കരോളിന്‍ ഗാര്‍ഷ്യയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് പ്ലിസ്‌കോവ അവസാന നാലില്‍ കടന്നത്. 27ാം റാങ്കുകാരിയാണ് ഗാര്‍ഷ്യ. സ്‌കോര്‍: 7-6 (7-3), 6-4. ഉക്രെയ്‌ന്റെ ആറാം നമ്പര്‍ താരം എലിന സ്വിറ്റോലിനയെ രണ്ട് സെറ്റിന്റെ മുന്‍തൂക്കത്തിലാണ് ഹാലെപ് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 3-6, 7-8 (8-6), 6-0. ഇന്ന് നടക്കുന്ന സെമിഫൈനലില്‍ ഹാലെപ് പ്ലിസ്‌കോവയെ നേരിടും. ഒസ്താപെങ്കോയും ബാസിന്‍സ്‌കിയും തമ്മിലാണ് രണ്ടാംസെമി.

ബൊപ്പണ്ണ സഖ്യം ഫൈനലില്‍
ഫ്രഞ്ച് ഓപണ്‍ മിക്‌സഡ് ഡബിള്‍സില്‍ ബൊപ്പണ്ണ- ദബ്രോസ്‌കി സഖ്യം ഫൈനലില്‍. ആന്‍ഡ്രിയ ഹ്ലാവക്കോവ- റോജര്‍ വസ്സെലിന്‍ സഖ്യത്തെ തോല്‍പിച്ചാണ് രോഹന്‍ ബൊപ്പണ്ണയും പങ്കാളി ഗബ്രിയേല ദബ്രോസ്‌കിയും അവസാന റൗണ്ടിലെത്തിയത്. സ്‌കോര്‍: 7-5, 6-3. സെമി ഫൈനലില്‍ പുറകില്‍ നിന്ന ബൊപ്പണ്ണ സഖ്യം ഗെയിം പോയിന്റിലാണ് ആദ്യ സെറ്റ് സ്വന്തമാക്കിയത്. രണ്ടാം സെറ്റില്‍ എതിരാളികള്‍ക്ക് ഒരു അവസരവും നല്‍കാതെ ഫൈനല്‍ ഉറപ്പിക്കുകയായിരുന്നു.
റോബര്‍ട് ഫറാ- അന്നാ ലെന ഗ്രോനെഫെല്‍ഡ് സഖ്യമാണ് ഫൈനലില്‍ എതിരാളികള്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss