|    May 25 Thu, 2017 2:26 pm
FLASH NEWS

ഫോറസ്റ്റ് റേഞ്ച് ഓഫിസിലേക്ക് നടത്തിയ ; പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം എട്ടോളംപേര്‍ക്ക് പരിക്ക്

Published : 6th October 2016 | Posted By: Abbasali tf

കോതമംഗലം: നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ക്കും വനം പോലിസ് ഉദ്യോഗസ്ഥര്‍ക്കും പരിക്ക്. ഇന്നലെ രാവിലെ 11ന് ഇടുക്കി, അടിമാലി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തിനിടെ പോലിസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ ആറുപേര്‍ക്കും ഉന്തിലും തള്ളിലും കല്ലേറിലും രണ്ട് ഉദ്യോഗസ്ഥര്‍ക്കുമാണ് പരിക്ക്. അടിമാലി സ്വദേശികളായ കൃഷ്ണമൂര്‍ത്തി (28), ഷിയാസ് (25) എന്നിവരെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലും കുട്ടമ്പുഴ പോലിസ് സ്‌റ്റേഷനിലെ എഎസ്‌ഐ രാധാകൃഷ്ണനേയും, അടിമാലി റേഞ്ചിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ ശ്യാംകുമാറിനെയും കോതമംഗലം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റ മറ്റ് നാലു പ്രതിഷേധക്കാരെ അടിമാലി ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. നേര്യമംഗലം വില്ലാഞ്ചിറ മുതല്‍ അടിമാലി വാളറ വരെയുള്ള ദേശീയ പാതയില്‍ വളവുകളും മണ്ണിടിഞ്ഞ ഭാഗങ്ങളും സംരക്ഷണ ഭിത്തിയും കലുങ്കും നിര്‍മിച്ച് റോഡ് വീതി കൂട്ടുന്ന പ്രവൃത്തികള്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു. ഇതിനെതിരേ നടത്തിയ പ്രതിഷേധ മാര്‍ച്ച് ഇടുക്കി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് റോയി കെ പൗലോസ് ഉദ്ഘാടനംചെയ്തു. പിന്നീട് നടന്ന മാര്‍ച്ച് പോലിസ് തടഞ്ഞതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. പ്രവര്‍ത്തകര്‍ ഓഫിസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതോടെ പോലിസ് ലാത്തിവീശി തുടര്‍ന്ന് പിന്തിരിഞ്ഞോടിയ പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലെറിഞ്ഞു. ലാത്തിയടിയില്‍ തലക്ക്ഗുരുതര പരുക്കേറ്റവരെയാണ് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. ഉദ്യോഗസ്ഥ നടപടികളില്‍ പ്രതിഷേധിച്ച് അടിമാലിയില്‍ വൈകീട്ട് പ്രതിഷേധ യോഗവും നടത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day