|    Apr 21 Sat, 2018 12:13 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഫോര്‍ ദി പീപ്പിള്‍ വെബ്‌സൈറ്റ് ഉടന്‍ ആരംഭിക്കും: മന്ത്രി

Published : 27th November 2016 | Posted By: mi.ptk

kt-jaleel

കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ അഴിമതി തടയുക എന്ന ലക്ഷ്യത്തോടെ ഫോര്‍ ദി പീപ്പി ള്‍ വെബ്‌സൈറ്റ് ആരംഭിക്കുമെന്നു തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി കെ ടി ജലീല്‍. കോഴിക്കോട് ടാഗോര്‍ ഹാളില്‍വച്ച് നടന്ന നവകേരള മിഷന്റെ ഹരിതകേരളം പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ എത്തുന്നവര്‍ കൈക്കൂലി നല്‍കേണ്ട സാഹചര്യങ്ങളുണ്ടായാല്‍ അത് ഓഡിയോ വീഡിയോ രൂപങ്ങളില്‍ റിക്കാര്‍ഡ് ചെയ്ത് ആ തെളിവുകള്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇതുപ്രകാരം തെളിവുകള്‍ സത്യമാണെന്നു തോന്നിയാല്‍ പ്രസ്തുത ഉദ്യോഗസ്ഥനെ ആദ്യം സസ്‌പെന്‍ഡ് ചെയ്യുകയും ശേഷം അന്വേഷണം നടത്തുകയും ചെയ്യുമെന്നും ജലീല്‍ വ്യക്തമാക്കി. അഴിമതിയോടു വിട്ടുവീഴ്ച ചെയ്യുക എന്നാല്‍ ഒരു നാടിന്റെ നാശമാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ നല്‍കുന്നതിനു പുറമേ എന്തിനാണു ജനങ്ങളില്‍ നിന്നു പണം വാങ്ങുന്നതെന്നും ജലീല്‍ ചോദിച്ചു.എല്ലാവര്‍ക്കും ഭവനം, ആര്‍ദ്രം പദ്ധതി, പൊതു വിദ്യാഭ്യാസ യജ്ഞം, ഹരിതകേരളം തുടങ്ങിയ ബൃഹദ് പദ്ധതിയാണു നവകേരള മിഷന്‍. വിവിധ സന്നദ്ധസംഘടനകളെയും സ്വകാര്യ വ്യക്തികളെയും ഉള്‍ക്കൊള്ളിച്ച് ഈ പദ്ധതികള്‍ കൂടുതല്‍ ഫലവത്താക്കും. ഡിസംബര്‍ 8ന് ഹരിതകേരളം പദ്ധതിക്കു തുടക്കംകുറിക്കും. ഇതിനായി എല്ലാ പഞ്ചായത്തുകളും തയ്യാറാവണം. സംഘടിതമായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ സാധിക്കണമെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്ത് ഓഫിസുകളിലെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നുണ്ടോ എന്നറിയാന്‍ മുന്നറിയിപ്പില്ലാതെ പരിശോധനകള്‍ നടത്തും. ഇതിനായുള്ള ചുമതലകള്‍ എംഎല്‍എമാര്‍ക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. നവകേരള മിഷന്റെ ഭാഗമായി ഡിസംബര്‍ എട്ടിന് ആരംഭിക്കുന്ന ഹരിതകേരള മിഷന്‍ പദ്ധതികള്‍ ശുചിത്വം, മാലിന്യസംസ്‌കരണം, ജലവിഭവസംരക്ഷണം, ജൈവകൃഷിയിലൂന്നിയ കാര്‍ഷിക വികസനം എന്നീ മേഖലകളെ സമന്വയിപ്പിച്ച പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്. റോഡരികുകളിലും മറ്റു പൊതുസ്ഥലങ്ങളിലും മാലിന്യങ്ങള്‍ കുന്നുകൂടിക്കിടക്കുന്ന സ്ഥലങ്ങള്‍ വൃത്തിയാക്കി പൂന്തോട്ടം വച്ചുപിടിപ്പിക്കുന്നതുള്‍പ്പെടെയുള്ള സൗന്ദര്യവല്‍ക്കരണ പ്രവൃത്തികള്‍ നടപ്പാക്കുന്ന പദ്ധതിയും അന്നു തുടങ്ങും. കോര്‍പറേഷന്‍, നഗരസഭാ പ്രദേശങ്ങളിലും പഞ്ചായത്തുകളിലും പദ്ധതി നടപ്പാക്കും. അതാതു തദ്ദേശസ്ഥാപനത്തിന്റെ നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെയാണു പദ്ധതികള്‍ നടപ്പാക്കുക. സന്നദ്ധ സര്‍വീസ് സംഘടനകള്‍, കുടുംബശ്രീ, സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സഹകരണം പദ്ധതിയില്‍ ഉറപ്പുവരുത്തും. മേയര്‍ തോട്ടത്തി ല്‍ രവീന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കലക്ടര്‍ ഇമ്പശേഖരന്‍, ഹരിതകേരളം ചെയര്‍പേഴ്‌സന്‍ ഡോ. ടി എന്‍ സീമ, പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ ജോസ് ഐഎഎസ്, ശുചിത്വ മിഷന്‍ എക്‌സി. ഡയറക്ടര്‍ ഡോ. കെ വാസുകി ഐഎഎസ്, സി കെ വിജയകുമാര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss