|    Nov 15 Thu, 2018 4:07 am
FLASH NEWS

ഫോര്‍മാലിന്‍: പരിശോധനയില്‍ വീഴ്ച സംഭവിച്ചെന്നു പരാതി

Published : 5th August 2018 | Posted By: kasim kzm

വടകര: നഗരത്തിലും, പരിസരപ്രദേശങ്ങളിലേയും മല്‍സ്യ മാര്‍ക്കറ്റുകളിലും, ചോമ്പാല്‍ തുറമുഖത്തടക്കം വ്യാപകമായ തോതില്‍ ഫോര്‍മാലിന്‍ കലര്‍ന്ന മല്‍സ്യമെത്തുന്നതായി വികസന സമിതിയോഗത്തില്‍ ആരോപണമുയര്‍ന്നു. എന്നാല്‍ ഈ കാര്യത്തില്‍ ഫലപ്രദമായ രീതിയില്‍ പരിശോധന നടത്താന്‍ ഭക്ഷ്യസുരക്ഷ വകുപ്പ് തയ്യാറാകുന്നില്ലെന്ന് പരക്കെ പരാതിയുയര്‍ന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നാട്ടുകാരാണ് ഫോര്‍മാലിന്‍ കര്‍ന്ന മല്‍സ്യം പിടികൂടി ഭക്ഷ്യസുരക്ഷ വകുപ്പിനെ ഏല്‍പ്പിച്ചത്. ഫോര്‍മാലിന്‍ കലര്‍ന്ന മല്‍സ്യം കണ്ടെത്തി പിടികൂടാനുള്ള കിറ്റുകള്‍ ഹെല്‍ത്ത് അധികൃതര്‍ക്ക് എത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഓണം-ബക്രീദ് ആഘോഷങ്ങള്‍ അടുത്ത വരുന്ന സാഹചര്യത്തില്‍ മല്‍സ്യമാര്‍ക്കറ്റുകളിലും മറ്റും പരിശോധന ശക്തമാക്കണമെന്നും ഫോ ര്‍മാലിന്‍ ഉള്‍പ്പെടെയുള്ള കീടനാശിനികളുടെ സാന്നിദ്ധ്യം പരിശോധിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പരിശീലനവും ആവശ്യമുള്ള പരിശോധന കിറ്റുകളും ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഓണം റംസാന്‍ പ്രമാണിച്ച് വടകര നഗരത്തിലെ ഗതാഗക്കുരുക്കും, പാര്‍ക്കിംഗ് സംവിധാനത്തെക്കുറിച്ചും ആലോചിക്കാന്‍ പ്രത്യോക യോഗം വിളിച്ചുചേര്‍ക്കാന്‍ താലൂക്ക് യോഗം തീരുമാനിച്ചു. നഗരസഭാ ചെയര്‍മാന്റെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ക്കുന്ന യോഗത്തില്‍ റവന്യു, പോലിസ്, ആര്‍ടിഒ തുടങ്ങിയ വകുപ്പുകളിലെ പ്രതിനിധികളടക്കം പങ്കെടുക്കും. നഗരത്തില്‍ നിലവില്‍ ഗതാഗക്കുരുക്ക് രൂക്ഷമാണ്, ഇതോടൊപ്പം ഓണം, പെരുന്നാള്‍ കൂടി വന്നുചേരുന്നതോടെ വാഹങ്ങള്‍ക്കും, കാല്‍നട യാത്രക്കാര്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാകുമെന്ന് യോഗം വിലയിരുത്തി. നഗരത്തില്‍ തോന്നിയത് പോലെ വാഹങ്ങള്‍ നിര്‍ത്തിയിടുന്നത് ഗതാഗതക്കുരുക്ക് ഉണ്ടാക്കുമെന്നും യോഗത്തില്‍ ചൂണ്ടിക്കാണിക്കപ്പെട്ടു. ഇക്കാര്യം പരിഹരിക്കാനാണ് പ്രത്യേക യോഗം വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചത്.
വില്ലേജ് ഓഫീസുകളില്‍ നികുതി സ്വീകരിക്കുന്നതിനുപകാരം ഭൂവുടമകളെ അക്ഷയകേന്ദ്രങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കി വില്ലേജ് ഓഫീസില്‍ തന്നെ നികുതി സ്വീകരിക്കണമെന്ന റവന്യു കമ്മീഷണറുടെ ഉത്തരവ് നടപ്പിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വടകര നഗരസഭയിലെ പുതുപ്പണത്തെ 30,27 വാര്‍ഡുകളുടെ അതിര്‍ത്തിയില്‍ എന്‍എച്ച് ല്‍ തുടങ്ങി കോഴിക്കോട് റൂറല്‍ എസ്പി ഓഫീസ് മുതല്‍ ജനതാ റോഡ് വരെയുള്ള റോഡിന്റെ പുനത്തില്‍ മുക്ക് വരെയുള്ള കുറ്റിയാടി ഇറിഗേഷന്‍ പ്രൊജക്ടിന്റെ അധീനതയിലുള്ള റോഡില്‍ കഴിഞ്ഞ ഇരുപത് വര്‍ഷത്തില്‍ അധികമായി യാതൊരു വിധത്തിലുള്ള റിപ്പയര്‍ വര്‍ക്കുകളോ റീ ടാറിങ്ങോ നടത്താത്തതിനാല്‍ റോഡ് കുണ്ടും കുഴികളും നിറഞ്ഞ് ഗതാഗത യോഗ്യമല്ലാത്ത അവസ്ഥയിലായിരിക്കുകയാണ്.
ഇതിലെ യാത്ര ചെയ്യുന്ന വാഹനങ്ങള്‍ അപകടങ്ങളില്‍പെടുന്നുണ്ടെന്നും ഇത് പരിഹരിക്കാന്‍ താലൂക്ക് വികസന സമിതി ഇടപെടണമെന്നും എസ്പിഓഫീസ് പരിസരവാസികള്‍ യോഗത്തോട് ആവശ്യപ്പെട്ടു. കുറ്റിയാടി ടൗണിലെ വര്‍ദ്ധിച്ച വരുന്ന ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കാന്‍ ബൈപാസിന്റെ പണി ഉടന്‍ ആരംഭിക്കണമെന്നും ബസ് സ്റ്റാന്‍ഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും വികസന സമിതി അംഗം ടിവി ഗംഗാധരന്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ മാസത്തെ യോഗത്തില്‍ ഉന്നയിച്ച വിവിധ പരാതികളിലുള്ള മറുപടി റിപോര്‍ട്ട് അവതരിപ്പിച്ചു. വികസന സമിതി അംഗം പുത്തൂര്‍ അസീസിന്റെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. വടകര നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ പി ഗീത അധ്യക്ഷത വഹിച്ചു. സമിതിയംഗങ്ങളായ ടിവി ബാലകൃഷ്ണന്‍, കളത്തില്‍ ബാബു, സികെ കരീം, ടിവി ഗംഗാധരന്‍, പ്രദീപ് ചോമ്പാല, പിഎം അശോകന്‍, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ കെകെ നളിനി(ചോറോട്), എകെ നാരായണി(നരിപ്പറ്റ), തഹസില്‍ദാര്‍ പികെ സതീഷ് കുമാര്‍, മറ്റു വിവിധ ഓഫീസ് മേധാവികള്‍ സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss