|    Jun 23 Sat, 2018 2:19 am
FLASH NEWS

ഫോര്‍ത്ത് എസ്‌റ്റേറ്റ് സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റ്‌ : പൊളിറ്റീഷ്യന്‍ ഇലവന്‍ ജേതാക്കള്‍

Published : 30th January 2017 | Posted By: fsq

 

പത്തനംതിട്ട: രാഷ്ട്രീയക്കൊടുങ്കാറ്റില്‍ തകര്‍ന്നടിഞ്ഞ് തപാല്‍ വകുപ്പ്. ഫോര്‍ത്ത് എസ്‌റ്റേറ്റ് സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ രണ്ടാം തവണയും രാഷ്ട്രീയക്കാരുടെ ടീം ജേതാക്കളായി. ഫൈനലില്‍ പോസ്റ്റല്‍ ഇലവനെ 22 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പൊളിറ്റീഷ്യന്‍ ഇലവന്‍ നിശ്ചിത 10 ഓവറില്‍ അഞ്ചു വിക്കറ്റിന് 83 റണ്‍സ് നേടി. തുടക്കത്തില്‍ കിതച്ച രാഷ്ട്രീയക്കാര്‍ അവസാന ഓവറുകളില്‍ നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങിലൂടെയാണ് മികച്ച സ്‌കോറിലെത്തിയത്. ഷിഹാബ് (29 പന്തില്‍ 43) , ധനേഷ് കൃഷ്ണന്‍  (15 പന്തില്‍ 23 റണ്‍സ്) എന്നിവരുടെ പ്രകടനം ടീമിന് കരുത്തേകി. പോസ്റ്റല്‍ ഇലവന്റെ വിക്കറ്റ് കീപ്പര്‍ ഷിബിന്‍ നേടിയ രണ്ട് അത്യുഗ്രന്‍ ക്യാച്ചുകള്‍ മല്‍സരം ആവേശകരമാക്കി. രാഹുല്‍ കൃഷ്ണന്‍ ഒരു മെയ്ഡന്‍ അടക്കം മൂന്ന് ഓവറില്‍ 13 റണ്‍സിന് രണ്ടു വിക്കറ്റെടുത്തു. മറുപടി ബാറ്റിനിറങ്ങിയ പോസ്റ്റല്‍ ഇലവനെ രാഷ്ട്രീയക്കാരുടെ ടീം മികച്ച ബൗളിങ്ങിലൂടെ തളച്ചു. 9.5 ഓവറില്‍ 61 റണ്‍സിന് എല്ലാവരെയും പുറത്താക്കി. മൂന്ന് ഓവറില്‍ 13 റണ്‍സിന് നാലു വിക്കറ്റെടുത്ത അനൂപ് എസ്. നായരും അവസാന ഓവര്‍ മാത്രം എറിഞ്ഞ് അഞ്ചു പന്തുകളില്‍ നിന്ന് ഒരു റണ്‍സ് വിട്ടു കൊടുത്ത് മൂന്ന് വിക്കറ്റെടുത്ത ഷബീറുമാണ് പോസ്റ്റല്‍ ടീമിനെ തകര്‍ത്തത്. പോസ്റ്റലിന്റെ പ്രവീണ്‍ 16 പന്തില്‍ നിന്ന് 19, സുബിന്‍ ആറു പന്തില്‍ 13 റണ്‍സുമെടുത്തു. എംഎല്‍എമാരായ രജു ഏബ്രഹാം, ചിറ്റയം ഗോപകുമാര്‍ എന്നിവരും ഫീല്‍ഡ് ചെയ്യാനിറങ്ങി. രാവിലെ നടന്ന ആദ്യ സെമിഫൈനലില്‍ മീഡിയ ഇലവനെ 57 റണ്‍സിന് പരാജയപ്പെടുത്തിയാണ് പൊളിറ്റീഷ്യന്‍ ഇലവന്‍ ഫൈനലില്‍ കടന്നത്. മാന്‍ ഓഫ് ദ് സീരീസ്: രതീഷ് ആലുങ്കല്‍ (പൊളിറ്റീഷ്യന്‍ ഇലവന്‍), മാന്‍ ഓഫ് ദ് ഫൈനല്‍: അനൂപ് എസ്. നായര്‍ (പൊളിറ്റീഷ്യന്‍ ഇലവന്‍). മികച്ച ബാറ്റ്‌സ്മാന്‍: ഷമീര്‍ (മീഡിയ), മികച്ച ബൗളര്‍: രാഹുല്‍ കൃഷ്ണന്‍(പോസ്റ്റല്‍ ഇലവന്‍), മികച്ച ക്യാച്ച്: ഷിബിന്‍(പോസ്റ്റല്‍). പത്തനംതിട്ട പ്രസ് ക്ലബ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, മുസല്യാര്‍ എന്‍ജിനീയറിങ് കോളജ് എന്നിവ ചേര്‍ന്ന് സംഘടിപ്പിച്ച ടൂര്‍ണമന്റ് മൂന്നാം പതിപ്പിന്റെ സമാപന യോഗം അടൂര്‍ പ്രകാശ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. വീണ ജോര്‍ജ് എംഎല്‍എ ട്രോഫികള്‍ വിതരണം ചെയ്തു. ജേതാക്കള്‍ക്കുള്ള കൊച്ചീപ്പന്‍ മാപ്പിള സ്മാരക ട്രോഫി പൊളിറ്റീഷ്യന്‍ ഇലവന്‍ നായകന്‍ രാജു ഏബ്രഹാം എംഎല്‍എ, ഉപനായകന്‍ സലിം പി. ചാക്കോ എന്നിവരും റണ്ണേഴ്‌സ് അപ്പിനുള്ള ഷാജി അലക്‌സ് സ്മാരക ട്രോഫി പോസ്റ്റല്‍ ടീം നായകന്‍ ആര്‍. വേണുനാഥന്‍ പിള്ള, ഉപനായകന്‍ രാഹുല്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. മറ്റു പുരസ്‌കാരങ്ങള്‍ ജില്ലാ പൊലീസ് മേധാവി ബി. അശോകന്‍ കൈമാറി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കെ. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് സാം ചെമ്പകത്തില്‍, സെക്രട്ടറി ഏബ്രഹാം തടിയൂര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, മുസല്യാര്‍ കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി ട്രഷറര്‍ പി.ഐ. ഹബീബ് മുഹമ്മദ്, തോപ്പില്‍ ഗോപകുമാര്‍, പഴകുളം ശിവദാസന്‍, വി. വിജയകുമാരന്‍ നായര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss