|    Mar 25 Sat, 2017 11:13 pm
FLASH NEWS

ഫോര്‍ട്ട്‌കൊച്ചി കടപ്പുറം മനോഹരമാക്കുന്നു: കടപ്പുറത്ത് വേസ്റ്റ് ബിന്നുകള്‍ സ്ഥാപിച്ചു

Published : 28th August 2016 | Posted By: SMR

മട്ടാഞ്ചേരി: മാലിന്യം കുമിഞ്ഞുകൂടി സൗന്ദര്യം നഷ്ടപ്പെട്ട ഫോ ര്‍ട്ട്‌കൊച്ചി കടപ്പുറത്തെ മനോഹരിയാക്കാനുള്ള ജനകീയ കൂട്ടായ്മയുടെ ശ്രമം ഫലം കാണുന്നു. ക്ലീന്‍ കൊച്ചി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ജനമൈത്രി പോലിസ്, പ്രദേശത്തെ ഹോട്ടലുകള്‍, ഹോംസ്‌റ്റേകള്‍, വഴിയോര കച്ചവടക്കാര്‍ എന്നിവരുടെ സഹകരണത്തോടെ കഴിഞ്ഞ ആഴ്ച ആരംഭിച്ച ജനകീയ ശുചീകരണമാണ് ഫോര്‍ട്ട്‌കൊച്ചിയുടെ നഷ്ടപ്പെട്ട മനോഹാരിത തിരികെ കൊണ്ടുവരുന്നതിന് സഹായകമാവുന്നത്. എല്ലാ ശനിയാഴ്ചയും ഈ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കടപ്പുറം ശുചീകരിക്കാനാണ് പദ്ധതി.
സാധാരണ രീതിയിലുള്ള ശുചീകരണത്തിന് പകരം സമഗ്രമായ ശുചീകരണമാണ് നടക്കുന്നത്. ഇതിനായി ചെലവുവരുന്ന പണം പ്രദേശത്തെ ഹോട്ടല്‍, ഹോംസ്‌റ്റേ ഉടമകള്‍ നല്‍കുമ്പോള്‍ പോലിസും വഴിയോര കച്ചവടക്കാരും അവരുടെ കായിക അധ്വാനം ഇതിനായി ചെലവിടുന്നു. രാവിലെ ഏഴ് മണിക്ക് ആരംഭിക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉച്ചവരെ നീണ്ടുനില്‍ക്കും.
പോളപായലും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും കുമിഞ്ഞുകൂടിയ ഓരോ ഭാഗവും സമ്പൂര്‍ണമായി ശുചീകരിക്കുന്നതുമൂലം കൂടുതല്‍ ചവറുകള്‍ അടിയുന്നത് ഒഴിവാക്കാനാവും. മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നത് തടയാന്‍ വഴിയോര കച്ചവടക്കാര്‍ക്ക് ബോധവല്‍ക്കരണം നല്‍കും. സഞ്ചാരികള്‍ മാലിന്യങ്ങള്‍ അലക്ഷ്യമായി ഇടുന്നത് കണ്ടാല്‍ അവരെ അതില്‍നിന്ന് വിലക്കി ബോധവല്‍ക്കരണം നല്‍കാന്‍ പ്രാപ്തരാക്കും. കൂടാതെ ടൂറിസം പോലിസും ഇതിനായി രംഗത്തുണ്ടാവും. ഫോര്‍ട്ട്‌കൊച്ചിയിലെ സാജ് ഹോംസ്‌റ്റേ ഉടമ സാദിക്കാണ് ഇത്തരം ഒരു ആശയം കൊണ്ടുവന്നത്. പിന്നീട് അത് ടൂറിസം മേഖല ഏറ്റെടുക്കുകയായിരുന്നു. തുടക്കത്തില്‍ ഉണ്ടായതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ രണ്ടാംഘട്ടത്തില്‍ പങ്കെടുത്തുവെന്നത് പദ്ധതിയുടെ ജനകീയത വെളിവാക്കുന്നതാണ്.
മാലിന്യം നിക്ഷേപിക്കുന്നതിന് വേണ്ടത്ര സംവിധാനം ഫോര്‍ട്ട്‌കൊച്ചിയിലില്ലാത്തതും പ്രശ്‌നമായിരുന്നു. ഇതിന് പരിഹാരമായി കടപ്പുറത്ത് വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കുന്ന പദ്ധതിക്കും തുടക്കമായി. നഗരസഭയുടെ നേതൃത്വത്തില്‍ ജൈവ മാലിന്യങ്ങളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും പ്രത്യേകം നിക്ഷേപിക്കാവുന്ന തരത്തിലുള്ള ബിന്നുകളാണ് സ്ഥാപിച്ചിട്ടുള്ളത്. നാല്‍പത് ബിന്നുകളില്‍ ആദ്യ ഘട്ടം പതിനാല് ബിന്നുകളാണ് സ്ഥാപിച്ചത്. നഗരസഭ ടൗണ്‍ പ്ലാനിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഷൈനി മാത്യു ഉദ്ഘാടനം ചെയ്തു.

(Visited 31 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക