|    Oct 23 Mon, 2017 1:43 pm
FLASH NEWS

ഫോര്‍ട്ട്‌കൊച്ചിയെ സുന്ദരിയാക്കാന്‍ സമ്പൂര്‍ണ ശുചിത്വ പദ്ധതി

Published : 2nd February 2016 | Posted By: SMR

മട്ടാഞ്ചേരി: പ്രമുഖ പൈതൃക ടൂറിസം കേന്ദ്രമായ ഫോര്‍ട്ട്‌കൊച്ചിയെ സുന്ദരിയാക്കാന്‍ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ കെ വി തോമസ് എംപി മുന്‍കൈയെടുത്ത് പദ്ധതി നടപ്പാക്കുന്നു. നിര്‍മ്മല്‍ ഫോര്‍ട്ട്‌കൊച്ചി സമ്പൂര്‍ണ ശുചിത്വ പദ്ധതിയെന്ന് പേരിട്ടിരിക്കുന്ന മിഷന്റെ വിജയത്തിനായി ഫോര്‍ട്ട്‌കൊച്ചി താലൂക്ക് ഓഫിസില്‍ ചേര്‍ന്നു. വന്‍തോതില്‍ വിദേശ സ്വദേശ സഞ്ചാരികള്‍ എത്തുന്ന ഫോര്‍ട്ട്‌കൊച്ചിയില്‍ മാലിന്യ നിര്‍മാര്‍ജനം, ശുചിത്വം എന്നിവ എന്നും പ്രശ്‌നമാണ്.
നഗരസഭ, ടൂറിസം സംഘടനകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കിയെങ്കിലും വിജയമാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പുതിയ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നേതൃത്വത്തിലുള്ള ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിലാണ് നവീന ശുചീകരണ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.
ശുചീകരണ പദ്ധതിയെന്നതിലുപരി തൊഴില്‍ സംരംഭക പദ്ധതിയായി കൂടിയാണ് ഇത് നടപ്പാക്കുന്നത്. ഫോര്‍ട്ട്‌കൊച്ചിക്ക് എന്നും ശാപമായി പോളപ്പായല്‍ നിര്‍മാര്‍ജനമാണ് പദ്ധതിയുടെ പ്രധാന ഘടകം. കുടുംബശ്രീ അംഗങ്ങള്‍ക്ക് ഇതിനായി പ്രത്യേക പരിശീലനം നല്‍കും. കോട്ടപ്പുറം ആസ്ഥാനമായുള്ള കിഡ്‌സിന്റെ സഹകരണത്തോടെയാണ് പരിശീലനം. കരകൗശല വസ്തുക്കള്‍ ഫോര്‍ട്ട്‌കൊച്ചിയിലും കിഡ്‌സിന്റെ നേതൃത്വത്തിലും വിപണനം ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കും.
ബോധവല്‍ക്കരണമാണ് മറ്റൊരു ഘടകം. ഇതിനായി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പദ്ധതികള്‍ തയ്യാറാക്കുമെന്ന് യോഗത്തില്‍ സംസാരിച്ച മേയര്‍ സൗമിനി ജയിന്‍ പറഞ്ഞു. ഡിറ്റിപിസിയുടെ നിയന്ത്രണത്തിലായിരിക്കും പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ നിരീക്ഷണത്തിനായി എല്ലാവരേയും ഉള്‍ക്കൊള്ളിച്ച് പ്രത്യേക സമിതിയുണ്ടാക്കും. ഫോര്‍ട്ട്‌കൊച്ചിയിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നും ഷൂട്ടിംഗിന് അനുമതി നല്‍കുമ്പോള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ഫോര്‍ട്ട്‌കൊച്ചിയില്‍ മാലിന്യ നിക്ഷേപിക്കുന്നതിന് വെയിസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഫോര്‍ട്ട്‌കൊച്ചിയിലെ അനധികൃത കൈയേറ്റങ്ങള്‍ അടിയന്തരമായി നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് സബ് കലക്ടര്‍ എസ് സുഹാസ് യോഗത്തില്‍ പറഞ്ഞു.
ഉന്തുവണ്ടികള്‍ രാവിലെ കൊണ്ട് വന്ന് വൈകിട്ട് തിരിച്ച് പോകണമെന്നും സബ് കളക്ടര്‍ പറഞ്ഞു. മാലിന്യം വലിച്ചറിയുന്നവരില്‍ നിന്ന് പിഴ ഈടാക്കുന്നതിന് ഉത്തരവിടുമെന്നും സുഹാസ് അറിയിച്ചു. ഫോര്‍ട്ട്‌കൊച്ചിയിലെ പൊതു ശുചിമുറി അടിയന്തരമായി പ്രവര്‍ത്തന സജ്ജമാക്കാന്‍ നടപടി സ്വീകരിക്കും. പദ്ധതി നടത്തിപ്പിന് സഹകരണം തേടുന്നതിനായി മൂന്നാം തിയ്യതി സര്‍വകക്ഷി യോഗം വിളിക്കും. ഫോര്‍ട്ട്‌കൊച്ചിയില്‍ ഷൂട്ടിങ്ങിനായി അനുവാദം നല്‍കുമ്പോള്‍ നിയന്ത്രണം പാലിക്കുന്നതിനുള്ള നടപടി സ്വീകരിക്കുവാന്‍ ഡൊമിനിക് പ്രസന്റേഷന്‍ എംഎല്‍എ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.
നഗരസഭ പ്രതിപക്ഷ നേതാവ് കെ ജെ ആന്റണി, ഡെപ്യൂട്ടി മേയര്‍ ടി ജെ വിനോദ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ ബി സാബു, ഷൈനി മാത്യൂ, വി കെ മിനിമോള്‍, പി എം ഹാരിസ്,ഗ്രേസി ജോസഫ്, കൗണ്‍സിലര്‍മാരായ സീനത്ത് റഷീദ്,ഷീബാ ലാല്‍ വിവിധ സംഘടനകളെ പ്രധിനിധീകരിച്ച് ജോസ് ഡൊമിനിക്, രാജ് കുമാര്‍ ഗുപ്ത, കെ ബി സലാം, എം എം സലീം ചര്‍ച്ചയില്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക