|    Dec 13 Thu, 2018 9:42 pm
FLASH NEWS
Home   >  Sports  >  Football  >  

ഫോന്റൈന്‍: തിരുത്തപ്പെടാത്ത ഗോള്‍ ചരിത്രം

Published : 30th May 2018 | Posted By: vishnu vis

ജലീല്‍ വടകര

ഒരു ലോകകപ്പ് ടൂര്‍ണമെന്റില്‍ 13 ഗോളുകള്‍. അതും ആറൂ മല്‍സരങ്ങളില്‍ നിന്ന്്. ഇന്നും തിരുത്തപ്പെടാതെ ചരിത്രത്താളുകളില്‍ നിറഞ്ഞുനില്‍ക്കുന്ന അപൂര്‍വ റെക്കോഡ് നേടിയ ഫ്രഞ്ച് താരം ജസ്റ്റ് ഫോന്റൈനാണ് ലോകകപ്പില്‍ ഗോല്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയവരില്‍ ഏറ്റവും മുമ്പന്‍. ഫ്രാന്‍സ് ആദ്യമായി മൂന്നാം സ്ഥാനത്തെത്തിയ 1958ലെ സ്വീഡന്‍ ഫുട്‌ബോള്‍ ലോകകപ്പിലാണ് ഫുട്‌ബോളിന്റെ ഈറ്റില്ലമായ മൊണോക്കോയില്‍ ജനിച്ച ഫോന്റൈന്‍ ഈ നേട്ടം കൈവരിച്ചത.് അതുവരെയുള്ള ലോകകപ്പുകളില്‍ ക്വാര്‍ട്ടര്‍ വരെ എത്തിയാണ് ഫ്രാന്‍സ് യശസ്സുയര്‍ത്തിയിരുന്നത്. 1958ല്‍ ഫ്രാന്‍സ് സ്വന്തമാക്കിയ 23 ഗോളുകളിലാണ് ഫോന്റൈന്റെ 13 ഗോള്‍ നേട്ടം. ലൂസേഴ്‌സ് ഫൈനലില്‍ നിലവിലെ ചാംപ്യന്‍മാരായ പശ്ചിമ ജര്‍മനിക്കെതിരേ നേടിയ നാല് ഗോള്‍ നേട്ടവും ഇതില്‍ ഉള്‍പ്പെടും. സ്പാനിഷ് – ഫ്രഞ്ച് ദമ്പതികളുടെ മകനായി ജനിച്ച ഫോന്റൈന്‍ ഫ്രാന്‍സിന് 21 മല്‍സരങ്ങളില്‍ നിന്ന് 30 ഗോളുകളാണ് സമ്മാനിച്ചത്. ഇതില്‍ 1953ല്‍ ലക്‌സംബര്‍ഗിനെതിരായ ആദ്യ അന്താരാഷ്ട്ര  മല്‍സരത്തില്‍ നിന്നുള്ള ഹാട്രിക് ഗോളും ഉള്‍പ്പെടും. എന്നാല്‍ ഏഴു വര്‍ഷത്തിനു ശേഷം പിടികൂടിയ  കഠിനമായ പരിക്ക് താരത്തെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും  ആരാധകരില്‍ നിന്നും വിട്ടു നില്‍ക്കാന്‍ നിര്‍ബന്ധിതനാക്കി. അങ്ങനെ 28ാമത്തെ വയസ്സില്‍ താരം അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ചു. അപ്പോഴും ഫുട്‌ബോള്‍ കരിയറിനെ വിടാന്‍ താല്‍പര്യമില്ലാതിരുന്ന ഫോന്റൈന്‍ പരിശീലനത്തിലൂടെ ലോക ആരാധകരുടെ മനസ്സില്‍ കയറിപ്പറ്റി. താരത്തെ വിടാന്‍ ഒരുക്കമില്ലാതിരുന്ന ഫ്രഞ്ച് ഫുട്‌ബോള്‍ അസോസിയേഷന്‍ 1967ല്‍ ടീമിന്റെ മുഖ്യ പരിശീലകനാക്കി. പിന്നീട് മൊറോക്കന്‍ ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്ത ഫോന്റൈന്‍ 1980ല്‍ ടീമിനെ ആഫ്രിക്കന്‍ നാഷന്‍സ് കപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് നയിച്ചിട്ടുണ്ട്.

1958ലെ ലോകകപ്പ്
യുഗോസ്ലാവിയയും പരാഗ്വയും സ്‌കോട്ട്‌ലന്‍ഡുമടങ്ങിയ ഗ്രൂപ്പിലാണ് 1958ലെ ലോകകപ്പില്‍ ടീം സ്ഥാനം പിടിച്ചത്. പരാഗ്വയ്‌ക്കെതിരായ ആദ്യ മല്‍സരത്തില്‍ തന്നെ ഹാട്രിക് ഗോള്‍ കണ്ടെത്തിയാണ് ഫോന്റൈന്‍ ഈ ലോകകപ്പില്‍ വരവറിയിച്ചത്. അടുത്ത മല്‍സരത്തില്‍ യുഗോസ്ലാവിയയോട് 3-2ന് പരാജയപ്പെട്ടെങ്കിലും ടീമിലെ രണ്ട് ഗോളും ഫോന്റൈന്റെ വകയായിരുന്നു. സ്‌കോട്ട്‌ലന്‍ഡിനെതിരായ ഗ്രൂപ്പിലെ അവസാന മല്‍സരത്തില്‍ ടീം 1-1ന്റെ സമനിലയില്‍ നില്‍ക്കവേ വിജയഗോള്‍ നേടാനും ഈ സുവര്‍ണ താരത്തിന് കഴിഞ്ഞു. ഇതോടെ ടീം ഗ്രൂപ്പ് ചാംപ്യന്‍മാരായി ക്വാര്‍ട്ടറിലേക്ക് കുതിച്ചു. ക്വാര്‍ട്ടറില്‍ താരതമ്യേന ദുര്‍ബലരായ വടക്കന്‍ അയര്‍ലന്‍ഡിനെ ടീം 4-0നു തകര്‍ത്തു വിട്ടപ്പോള്‍ രണ്ട് ഗോളും ഫോന്റൈന്റെ ബൂട്ടുകളില്‍ നിന്നായിരുന്നു. സെമിയില്‍ കരുത്തരായ ബ്രസീലിനെയായിരുന്നു ഫ്രാന്‍സ് നേരിട്ടത്. അന്ന് ലോക ഇതിഹാസം പെലെയുടെ ഹാട്രിക് ഗോള്‍ ഫ്രഞ്ച് വലയില്‍ ചെന്നെത്തിയപ്പോള്‍ ഫോന്റൈന് സ്വന്തം രാജ്യത്തെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഫ്രാന്‍സ് 2-5ന് ചാരമായപ്പോള്‍ ഒരു ഗോള്‍ ഫോന്റൈന്റെ കാലില്‍ നിന്നും പിറന്നു. എന്നാല്‍ മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ പശ്ചിമ ജര്‍മനിയുമായി ടീം മാറ്റുരച്ചപ്പോള്‍ നാല് ഗോളുകള്‍ ജര്‍മന്‍ വലയില്‍ നിക്ഷേപിച്ചാണ് ബ്രസീലിനോടേറ്റ തോല്‍വിയുടെ ക്ഷീണം ഫോന്റൈന്‍ തീര്‍ത്തത്. ഒടുവില്‍ ലോകകപ്പില്‍ ആദ്യമായി മൂന്നാം സ്ഥാനനേട്ടത്തോടെ ഫ്രാന്‍സ് ലോക ഫുട്‌ബോളിന്റെ നെറുകയില്‍ എത്തിച്ചേര്‍ന്നു. ഈ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനത്തോടെ ഫോന്റൈന്‍ ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം സ്വന്തം പേരിലും കുറിച്ചു.
ഈ ഒരൊറ്റ ടൂര്‍ണമെന്റിലൂടെയാണ് ഫോന്റൈന്‍ ലോകകപ്പില്‍ എക്കാലത്തെയും ഗോള്‍ സ്‌കോറര്‍മാരില്‍ നാലാം സ്ഥാനത്തെത്തിയത്. 16 ഗോളുകളുമായി ഒന്നാമത് നില്‍ക്കുന്ന ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസെ നാല് ഫുട്‌ബോള്‍ ലോകകപ്പുകളില്‍ നിന്നാണ് ഈ റെക്കോഡ് സ്വന്തമാക്കിയത്. 15 ഗോളോടെ രണ്ടാമതുള്ള ബ്രസീലിയന്‍ താരം റൊണാള്‍ഡോ നാല്് ലോകകപ്പില്‍ നിന്നും 14 ഗോളോടെ മൂന്നാമതുള്ള ജര്‍മനിയുടെ ജെറാര്‍ഡ് മുള്ളര്‍ രണ്ട് ലോകകപ്പില്‍ നിന്നുമാണ് ഇത്രയും ഗോളുകള്‍ നേടിയത്. തന്റെ 28ാം വയസ്സില്‍ ഫുട്‌ബോള്‍ കരിയറിന് കരി നിഴല്‍ വീണിട്ടില്ലെങ്കില്‍ ജസ്റ്റ് ഫോന്റൈന്റെ പേരില്‍ ഇന്നും തിരുത്തപ്പെടാത്ത ഒരു പിടി മികച്ച റെക്കോഡുകള്‍ കുറിക്കപ്പെടുമായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss