|    Feb 24 Fri, 2017 12:38 am

ഫോണ്‍ ചോര്‍ത്തല്‍ വിവാദം ക്രൈംബ്രാഞ്ച് അന്വേഷിക്കും

Published : 25th October 2016 | Posted By: SMR

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ഫോണും ഇ-മെയിലുകളും ചോര്‍ത്തിയെന്ന പരാതിയെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. ഈ വിഷയം ഉന്നയിച്ച് പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടീസിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. തുടക്കത്തില്‍ ഡിജിപി അന്വേഷിക്കുമെന്ന് മറുപടി നല്‍കിയ മുഖ്യമന്ത്രി പിന്നീട് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നു തിരുത്തുകയായിരുന്നു.
ഇതുസംബന്ധിച്ച് ഡിജിപി ജേക്കബ് തോമസ് പരാതി നല്‍കിയിട്ടില്ലെന്നും മാധ്യമവാര്‍ത്തകളില്‍ ആശങ്ക പ്രകടിപ്പിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി തുടക്കത്തില്‍ പറഞ്ഞെങ്കിലും പ്രതിപക്ഷം തെളിവുകള്‍ നിരത്തിയതോടെ പരാതി ലഭിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫോണുകള്‍ ചോര്‍ത്തുന്നത് ഈ സര്‍ക്കാരിന്റെ നയമല്ല. ഇതുസംബന്ധിച്ച മാധ്യമവാര്‍ത്തകളില്‍ സത്യമുണ്ടെങ്കില്‍ നടപടിയെടുക്കും. എന്നാല്‍, അദ്ദേഹത്തിന്റെ ഫോണ്‍ ചോര്‍ത്താന്‍ ആഭ്യന്തര സെക്രട്ടറിയോട് ആരും അനുമതി ചോദിച്ചിട്ടില്ല. ഇന്ത്യന്‍ ടെലിഗ്രാഫ് നിയമം അനുസരിച്ച് നിയമപരമല്ലാത്ത നിരീക്ഷണ മാര്‍ഗങ്ങള്‍ കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരും. അത്തരം സംഭവം ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആഭ്യന്തര സെക്രട്ടറിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലല്ല ഫോണ്‍ ചോര്‍ത്തിയതെങ്കില്‍ സംഭവം അതിഗുരുതരമാണെന്ന് അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. ജേക്കബ് തോമസ് പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്നത് ആഭ്യന്തര വകുപ്പിനെയും മുഖ്യമന്ത്രിയെയുമാണ്. ബിഎസ്എന്‍എല്‍ സര്‍വീസ് പ്രൊവൈഡറില്‍ നിന്നു ഇതുസംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയുന്നത് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കാണ്. അതിനാല്‍, അന്വേഷണം കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയെ ഏല്‍പിക്കണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ പോലിസില്‍ ഐക്യം തകര്‍ന്നിരിക്കുകയാണ്. 54,000 പോലിസുകാര്‍ക്ക് 5000 നിലപാടുകളാണ്. പോലിസിനുള്ളില്‍ തന്നെയാണോ അതോ സര്‍ക്കാര്‍തലത്തിലാണോ ഗൂഢാലോചന നടന്നതെന്ന് അന്വേഷിക്കണമെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു. ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും ജേക്കബ് തോമസ് നല്‍കിയ അതീവരഹസ്യ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു കിട്ടിയതിനെക്കുറിച്ച് മുഖ്യമന്ത്രി മറുപടി പറയണമെന്ന് വി ഡി സതീശനും ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ചും പരിശോധിക്കുമെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. അന്വേഷണങ്ങള്‍ക്കു വിധേയരായ ചിലരാണ് അദ്ദേഹത്തിനെതിരേ തിരിഞ്ഞിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതിനിടെ, വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ടോ എന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. സ്ഥാനമൊഴിയാനല്ല, പകരം അദ്ദേഹം ചില ആഗ്രഹങ്ങള്‍ പ്രകടിപ്പിച്ചാണ് കത്ത് നല്‍കിയതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ജേക്കബ് തോമസിനെതിരേ പോലിസ് തലപ്പത്ത് ഗൂഢാലോചന നടക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക