|    Jul 21 Sat, 2018 8:37 pm
FLASH NEWS

ഫോണിലൂടെ അക്കൗണ്ട് വിവരം ചോര്‍ത്തി തട്ടിപ്പ്; ആറുപേരുടെ 2.20 ലക്ഷം നഷ്ടമായി

Published : 26th September 2017 | Posted By: fsq

 

മട്ടന്നൂര്‍: മൊബൈല്‍ ഫോണിലൂടെ അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടി. 10 ദിവസത്തിനകം മട്ടന്നൂരില്‍ 6 പേരുടെ അക്കൗണ്ടുകളില്‍ നിന്നു നഷ്ടപ്പെട്ടത് 2.20 ലക്ഷം രൂപ. ഫോണിലൂടെ അക്കൗണ്ട് വിവരങ്ങള്‍ കൈമാറരുതെന്ന ബാങ്ക് അധികൃതരുടെ കര്‍ശന നിര്‍ദേശം നിലനില്‍ക്കെയാണ് തട്ടിപ്പ് അരങ്ങേറിയത്.കണ്ണൂര്‍ ജില്ലയില്‍ ഇന്നലെ മാത്രം രണ്ടു അക്കൗണ്ടുകളില്‍ നിന്നായി 1.25 ലക്ഷം രൂപ നഷ്ടമായി. ഉളിക്കല്‍, മട്ടന്നൂര്‍ സ്വദേശികളുടെ പണമാണ് നഷ്ടപ്പെട്ടത്. മട്ടന്നൂര്‍ സ്വദേശിയായ തലശ്ശേരിയില്‍ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി ചെയുന്നയാളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നു ഒരു ലക്ഷത്തോളം രൂപയും ഫര്‍ണിച്ചര്‍ ജോലി ചെയുന്ന ഉളിക്കല്‍ സ്വദേശിയുടെ അക്കൗണ്ടില്‍ നിന്നു 25,000 രൂപയുമാണു നഷ്ടമായത്. തലശ്ശേരി, ഉളിക്കല്‍ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് ഇരുവരുടെയും പണം നഷ്ടമായത്. പണം നഷ്ടമായവര്‍ മട്ടന്നൂര്‍, ഉളിക്കല്‍ പോലിസ് സ്‌റ്റേഷനുകളില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നു സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം തുടങ്ങി. 10 ദിവസത്തിനുള്ളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 6 പേരുടെ പണമാണ് നഷ്ടമായത്. പയ്യന്നൂര്‍, കണ്ണൂര്‍ ചൊവ്വ, വാരം തുടങ്ങിയ സ്ഥലങ്ങളിലെ നാലുപേരുടെ പണമാണ് ആദ്യം നഷ്ടമായത്. ഡോക്ടര്‍ ഉള്‍പ്പെടുന്ന നാലു സ്ത്രീകളുടെ അക്കൗണ്ടുകളില്‍ നിന്നാണ് ആദ്യം പണം നഷ്ടമായതെങ്കിലും ഇപ്പോള്‍ രണ്ടു പുരുഷന്‍മാരുടെ അക്കൗണ്ടുകളില്‍ നിന്നാണ് പണം നഷ്ടമായത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, ആധാര്‍ ലിങ്ക് തുടങ്ങിയവ ആന്‍ഡ്രോയിഡ് ഫോണില്‍ തെളിയുന്ന രീതിയിലാണ് ഫോണ്‍ കോളുകള്‍ വരുന്നത്.     കണ്ണൂര്‍ പോലിസ് സൈബര്‍ സെല്ലിന്റെ അന്വേഷണത്തില്‍ ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലുള്ള സംഘമാണ് തട്ടിപ്പിനു പിന്നിലെന്നാണു കണ്ടെത്തിയിട്ടുണ്ട്. കൃത്യമായ ആസൂത്രണത്തോടെയാണു തട്ടിപ്പെന്നാണ് പോലിസിനു ലഭിച്ച വിവരം. ആധാര്‍ ലിങ്ക് ചെയ്യാനെന്ന പേരിലാണ് അക്കൗണ്ടുടമകളെ തട്ടിപ്പുസംഘം സമീപിക്കുന്നത്. പണമുള്ള അക്കൗണ്ടിന്റെ ഉടമകളെ മാത്രമാണ് സംഘം ബന്ധപ്പെടുന്നത്. വിവിധ നമ്പറുകളില്‍ നിന്നാണ് സംഘം ബാങ്ക് അക്കൗണ്ട് ഉടമകളെ ഫോണുകളില്‍ ബന്ധപ്പെടുന്നത്. ഫോണ്‍ കോളിന് പിന്നാലെ ഫോണില്‍ നാലക്ക വണ്‍ടൈം പാസ് വേഡ് നമ്പര്‍ സന്ദേശമായെത്തും. അത് പറഞ്ഞുകൊടുക്കുന്നതോടെയാണ് പണം നഷ്ടമാവുന്നത്. ഒന്നോ രണ്ടോ തട്ടിപ്പിനുശേഷം ഓരോ മൊബൈല്‍ നമ്പറും നശിപ്പിക്കുന്നതായും പോലിസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss