|    Apr 23 Mon, 2018 1:41 am
FLASH NEWS
Home   >  Editpage  >  Middlepiece  >  

ഫോക്‌ലോര്‍ പഠനത്തിന്റെ പുതിയ സാധ്യതകള്‍

Published : 13th July 2016 | Posted By: SMR

എന്‍ പ്രഭാകരന്‍

പല അനുഷ്ഠാനങ്ങളും ഇന്നു നിലനില്‍ക്കുന്നത് കലകള്‍ എന്ന നിലയ്ക്കുതന്നെയാണെന്ന കാര്യം ഇന്നാട്ടിലെ എല്ലാവര്‍ക്കും ബോധ്യമുള്ളതാണ്. തെയ്യം കെട്ടുന്നയാളെ തെയ്യം കലാകാരന്‍ എന്നു വിളിക്കുന്നതിലും അയാളെ ഫോക്‌ലോര്‍ അക്കാദമിയോ മറ്റു സാംസ്‌കാരിക സ്ഥാപനങ്ങളോ അവാര്‍ഡ് നല്‍കി ആദരിക്കുന്നതിലും ആരും ഒരപാകതയും കാണുന്നില്ല. കാവിന്‍മുറ്റത്തോ പ്രത്യേകം തയ്യാറാക്കിയ മറ്റു സ്ഥലങ്ങളിലോ തെയ്യം പ്രത്യക്ഷപ്പെടുമ്പോള്‍ നൂറുകണക്കിനാളുകള്‍, വിശേഷിച്ചും കുട്ടികള്‍, മൊബൈല്‍ ഫോണുമായി തിക്കിത്തിരക്കുന്നതു കാണാം. ഈ സന്ദര്‍ഭത്തില്‍, കാഴ്ചയ്ക്ക് ഇമ്പം നല്‍കുന്ന, കലാപരമായി അണിയിച്ചൊരുക്കപ്പെട്ട രൂപം എന്ന നിലയ്ക്കാണ് താന്‍ അവരുടെ മുന്നില്‍ നില്‍ക്കുന്നത് എന്ന കാര്യം തെയ്യം കെട്ടിയ ആള്‍ക്ക് തീര്‍ച്ചയായും മനസ്സിലാവുന്നുണ്ടാവും. അതേസമയം, അനുഗ്രഹം വാങ്ങാന്‍ കാത്തുനില്‍ക്കുന്ന ഭക്തജനസഞ്ചയം ഇതേ തെയ്യപ്പറമ്പില്‍ വേറെ ഉണ്ടാവും. അവരുടെ മനോവ്യാപാരങ്ങളും പഴയകാലത്തെ ഭക്തജനത്തിന്റേതിനു സമാനമായിരിക്കില്ല. അത് മൊബൈലുമായി തിക്കിത്തിരക്കുന്ന പുതിയ തലമുറയിലെ യുവജനങ്ങളുടെയും ആയിരിക്കില്ല. ഭക്തിയും കൗതുകവും കലാസ്വാദന താല്‍പര്യവും സമന്വയിക്കുന്ന മനസ്സോടെയാവും അവര്‍ തെയ്യത്തിന്റെ ദര്‍ശനം കാത്തുനില്‍ക്കുന്നത്.
തെയ്യം പോലും ഇങ്ങനെ വ്യത്യസ്തമായാണ് കാഴ്ചക്കാരാല്‍ സ്വീകരിക്കപ്പെടുന്നത്. തെയ്യപ്പറമ്പിലെ ഫോക് തന്നെ ഒരേ താല്‍പര്യത്താല്‍ വിളക്കിച്ചേര്‍ക്കപ്പെട്ട ഒരു കൂട്ടായ്മയല്ലാതായിത്തീര്‍ന്നിരിക്കുന്നു എന്നര്‍ഥം. നാടന്‍കലകളെയും വിശ്വാസങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും പേര്‍ത്തും പേര്‍ത്തും വിവരിച്ചുകൊണ്ടിരിക്കുകയേ ഫോക്‌ലോറിസ്റ്റിന് ചെയ്യാനുള്ളൂവെങ്കില്‍ ഫോക്‌ലോര്‍ എന്ന വിഷയം പ്രാക്ചരിത്രപഠനത്തോട് അടുത്തുവരുന്ന ഒന്നായിമാത്രമേ നിലനില്‍ക്കൂ. അലന്‍ ഡന്‍ഡസ് ചൂണ്ടിക്കാണിച്ചതുപോലെ പുതിയ പുതിയ ഫോക്കുകളും ഫോക്‌ലോറുകളും ഉണ്ടായിക്കൊണ്ടേ ഇരിക്കുന്നുണ്ട്. സാഹിത്യം, രാഷ്ട്രീയം, വൈദ്യം, നിയമം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നിവയില്‍ ഓരോന്ന് കൈകാര്യം ചെയ്യുന്നവരിലും അവരവരുടേതായ ശീലങ്ങളും ആചാരങ്ങളും സംസാരവിഷയങ്ങളും കഥകളും ഫലിതങ്ങളും കോഡ് ഭാഷയുമെല്ലാം രൂപപ്പെടുന്നുണ്ട്. അധ്യാപകര്‍, പത്രപ്രവര്‍ത്തകര്‍, ദൃശ്യമാധ്യമപ്രവര്‍ത്തകര്‍, ചുമട്ടുകാര്‍, ഓട്ടോ ഡ്രൈവര്‍മാര്‍, കച്ചവടക്കാര്‍, വഴിയോരവാണിഭക്കാര്‍ എല്ലാവരും വ്യത്യസ്ത ഫോക്കുകളാണ്. ഇവരുടെയെല്ലാം ഫോക്‌ലോറിനെ പ്രത്യേകം പ്രത്യേകമായെടുത്ത് പഠിക്കുകയും അത്തരം പഠനങ്ങളില്‍നിന്ന് കൈവരുന്ന വിവരങ്ങളെ ചേര്‍ത്തുവച്ച് പരിശോധിക്കുകയും ചെയ്താല്‍ സാമൂഹിക ചലനങ്ങളെ കുറിച്ചും സാമൂഹിക ജീവിതത്തിന്റെ അന്തര്‍ധാരകളെ കുറിച്ചും ആധികാരികമായ കണ്ടെത്തലുകള്‍ സാധ്യമാവും. ഒരു സമൂഹത്തിന് ഏറ്റവും ശക്തമായി അനുഭവപ്പെടുന്ന വൈകാരികാവശ്യങ്ങളെയും ആസന്നസ്വഭാവമുള്ള ഭൗതികാവശ്യങ്ങളെയും ശരിയായരീതിയില്‍ കണ്ടെത്തി അവയെ ശാസ്ത്രീയമായി വിശകലനം ചെയ്യാന്‍ കഴിഞ്ഞാല്‍ സാമൂഹികാസൂത്രണം കുറേക്കൂടി ഫലപ്രദമായി നിര്‍വഹിക്കാന്‍ കഴിയും.
ഫോക്‌ലോറില്‍ നിന്ന് ഒരു ഭാഷയിലെ പഴയകാല സാഹിത്യം എന്തൊക്കെ സ്വീകരിച്ചിരുന്നു, ആ സ്വീകാര്യത്തില്‍ ഫോക്‌ലോര്‍ വസ്തുതകള്‍ക്ക് എന്തൊക്കെ രൂപാന്തരങ്ങള്‍ സംഭവിച്ചിരുന്നു, സമകാലിക സാഹിത്യത്തിലെ ഫോക്‌ലോര്‍ സ്വാധീനത്തിന്റെ സ്വഭാവങ്ങളും ഫലങ്ങളും എന്തൊക്കെയാണ് എന്നെല്ലാം ഫോക്‌ലോറിസ്റ്റുകള്‍ അന്വേഷിക്കേണ്ടതാണ്. പഠനത്തിന് ഏറെ സാധ്യതകളുള്ള വളരെ വിശാലമായ ഒരു മേഖലയാണിത്.
ഫോക് സാഹിത്യത്തിലെയും സമകാലിക സാഹിത്യത്തിലെയും ജീവിതസമീപനങ്ങള്‍, അനുഭവാവിഷ്‌കാരരീതികള്‍, ആഖ്യാനതന്ത്രങ്ങള്‍ എന്നിവ തമ്മിലുള്ള വ്യത്യാസം, അവയില്‍ നിന്ന് സാമൂഹികപരിണാമത്തെക്കുറിച്ച് സ്വരൂപിക്കാവുന്ന വിവരങ്ങള്‍ ഇവയൊക്കെ ഫോക്‌ലോറിസ്റ്റുകള്‍ക്ക് കണ്ടെത്താം. ഇത് ഭാഷയിലെ സാഹിത്യപഠനത്തിന് കൂടുതല്‍ ആഴവും പരപ്പും നല്‍കും.
ഫോക്‌ലോര്‍ സമാഹരണത്തിലും വിവരണത്തിലുമാണ് നമ്മുടെ നാട്ടിലെ ഫോക്‌ലോര്‍ പഠിതാക്കള്‍ പ്രധാനമായും ശ്രദ്ധിച്ചുകാണുന്നത്. അപഗ്രഥനം, ഫോക്‌ലോറില്‍ നിന്ന് കൈവരുന്ന ചരിത്രവസ്തുതകളുടെ ക്രോഡീകരണം, വിശകലനം, സാഹിത്യവും ഇതര കലകളുമായി ബന്ധപ്പെടുത്തിയുള്ള അന്വേഷണങ്ങള്‍ എന്നീ മേഖലകളില്‍ കാര്യമായ നേട്ടങ്ങള്‍ ഇനിയും ഉണ്ടാവേണ്ടതായിട്ടാണ് ഇരിക്കുന്നത്. ഗൃഹാതുരത കലര്‍ന്ന ആവേശത്തോടെ ഫോക്‌ലോറിനെ സമീപിക്കുന്നവര്‍, വിവരശേഖരണത്തില്‍ വലിയ ഉല്‍സാഹം കാണിക്കുകയും വിശകലനത്തിന്റെ വഴിയിലേക്ക് പ്രവേശിക്കുന്നതില്‍ ഒട്ടും താല്‍പര്യം പുലര്‍ത്താതിരിക്കുകയും ചെയ്യുന്നവര്‍, ഈ പഠനമേഖലയില്‍ അധികാരം സ്ഥാപിച്ചുകഴിഞ്ഞതായി ഭാവിച്ച് അഹങ്കരിക്കുന്നവര്‍, ഗവേഷണബിരുദം നേടാനുള്ള എളുപ്പവഴിയായി ഫോക്‌ലോറിനെ കാണുന്നവര്‍ ഇങ്ങനെ പലതരക്കാരാണ് ഫോക്‌ലോര്‍ പഠനത്തിന്റെ മേഖലയില്‍ ഇന്നുള്ളത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss