|    Mar 19 Mon, 2018 4:59 am
FLASH NEWS
Home   >  Editpage  >  Lead Article  >  

ഫോക്‌ലോര്‍ പഠനം എന്ന പ്രശ്‌നമേഖല

Published : 30th June 2016 | Posted By: SMR

എന്‍ പ്രഭാകരന്‍

കേരളത്തില്‍ ഒരു പ്രത്യേക പഠനവിഷയമെന്ന നിലയില്‍ ഫോക്‌ലോറിന് യൂനിവേഴ്‌സിറ്റി തലത്തില്‍ അംഗീകാരം ലഭിച്ചിട്ട് കുറച്ചുകാലമേ ആയുള്ളൂ. പക്ഷേ, ഫോക്‌ലോര്‍ അക്കാദമിയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന ഫോക്‌ലോര്‍ ക്ലബ്ബുകളും കൂട്ടായ്മകളും ഏതാനും വര്‍ഷങ്ങളായി സംഘടിപ്പിച്ചുവരുന്ന പലതരം പരിപാടികളിലൂടെ ഈ വിഷയത്തിന്റെ ഉള്ളടക്കത്തെ കുറിച്ചുള്ള സാമാന്യധാരണ എല്ലാവിഭാഗം ജനങ്ങള്‍ക്കും കൈവന്നുകഴിഞ്ഞു. അക്കാദമിക മേഖലയില്‍ ഫോക്‌ലോറിന് മാന്യമായ ഒരു സ്ഥാനമുണ്ട് എന്നു സ്ഥാപിക്കാന്‍ സഹായിക്കുന്ന അനേകം വിവരണാത്മക കൃതികളും ഗവേഷണ പ്രബന്ധങ്ങളും കഴിഞ്ഞ ഏതാനും ദശകങ്ങള്‍ക്കുള്ളില്‍ പുറത്തിറങ്ങുകയും ചെയ്തു. വ്യത്യസ്തങ്ങളായ വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും നാടോടിക്കലകളും തലമുറകള്‍ കൈമാറിയെത്തിയ പാട്ടുകളും കഥകളും പഴഞ്ചൊല്ലുകളുമെല്ലാം ശ്രദ്ധാപൂര്‍വം പഠിക്കപ്പെടേണ്ടുന്നവയാണെന്ന തിരിച്ചറിവ് നേരത്തേ തന്നെ പല സാഹിത്യ ചരിത്രകാരന്‍മാര്‍ക്കും നിരൂപകര്‍ക്കും ഗവേഷകര്‍ക്കുമെല്ലാം ഉണ്ടായിരുന്നുവെങ്കിലും വേറിട്ടൊരു നിലനില്‍പ് സാധ്യമാവുന്ന ഒരു പഠനവിഷയം തന്നെയാണ് ഫോക്‌ലോര്‍ എന്ന ബോധ്യം പൊതുവെ ഉണ്ടായിവരാന്‍ കുറേ കാത്തിരിക്കേണ്ടണ്ടിവന്നു എന്നുമാത്രം.
ഫോക്‌ലോറിന് ഗവേഷകരില്‍ നിന്നും സാധാരണക്കാരില്‍ നിന്നും ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന വിശേഷ പരിഗണന പക്ഷേ, ഈ വിഷയത്തെ അതിന്റെ ആദ്യകാല പഠിതാക്കളുടെ നിര്‍വചനത്തിന്റെ പരിധിക്ക് പുറത്തേക്കു കൊണ്ടുവരുന്നിടത്തേക്കും ഫോക്‌ലോര്‍ പഠനത്തിന് കാലോചിതമായ ഒരു രീതിശാസ്ത്രം രൂപപ്പെടുന്നിടത്തേക്കും ഇനിയും എത്തിച്ചേര്‍ന്നിട്ടില്ല. താരതമ്യരീതി ഉപയോഗിച്ചുള്ള പഠനത്തിലൂടെ മിത്തുകളുടെയും മറ്റും ആദിമാതൃകകളെ കണ്ടെത്തുക, ഭാഷയുടെയും മനുഷ്യചിന്തയുടെയും മിത്ത് നിര്‍മാണത്തിന്റെയും വിവിധഘട്ടങ്ങളെ കുറിച്ചുള്ള നിഗമനങ്ങളില്‍ എത്തിച്ചേരുക, മിത്തുകള്‍ എവിടെ ആരംഭിച്ചു, എങ്ങോട്ടൊക്കെ സഞ്ചരിച്ചു എന്നന്വേഷിക്കുക, പല ദേശങ്ങളില്‍ പല ജനസമൂഹങ്ങളില്‍ ഒരേസമയം തന്നെ അവ ഉണ്ടായി വന്നതാണെന്നു സ്ഥാപിക്കുക, ഫ്രോയ്ഡിയന്‍ മനശ്ശാസ്ത്രത്തിന്റെയും യുങ്ങിയന്‍ മനശ്ശാസ്ത്രത്തിന്റെയുമൊക്കെ സാമഗ്രികള്‍ ഉപയോഗിച്ച് മിത്തുകളെയും നാടോടിക്കഥകളെയും നാട്ടാചാരങ്ങളെയും അനുഷ്ഠാനങ്ങളെയും വ്യാഖ്യാനിക്കുക എന്നിങ്ങനെയുള്ള വ്യത്യസ്ത ആവശ്യങ്ങള്‍ക്ക് പൂര്‍വപഠിതാക്കള്‍ സ്വീകരിച്ച വ്യത്യസ്തരീതികളെല്ലാം നമ്മുടെ ഫോക്‌ലോറിസ്റ്റുകള്‍ക്ക് പരിചിതമാണ്. വഌദിമിര്‍ പ്രോപ്പിന്റെ ‘മോര്‍ഫോളജി ഓഫ് ദി ഫോക്‌ടെയ്’ല്‍ മുതല്‍ ക്ലോഡ് ലെവിസ്‌ട്രോസിന്റെയും അലന്‍ ഡന്‍ഡസിന്റെയും വിഖ്യാതകൃതികള്‍ വരെ ഫോക്‌ലോറിസ്റ്റുകള്‍ തങ്ങളുടെ അപഗ്രഥനങ്ങള്‍ക്ക് മൂശയൊരുക്കുന്നതിനായി പ്രയോജനപ്പെടുത്തുന്ന ക്ലാസിക്കുകളെല്ലാം അവര്‍ പഠിക്കുന്നുണ്ട്. എന്നാല്‍, തങ്ങള്‍ ജീവിക്കുന്ന കാലത്ത് ഫോക്‌ലോറിന്റെ ധര്‍മമെന്താണ് എന്ന് അന്വേഷിക്കാന്‍ സഹായകമാവുന്ന ഒരു ദര്‍ശനവും രീതിശാസ്ത്രവും കരുപിടിപ്പിക്കുന്നതിനെക്കുറിച്ച് അവര്‍ ഗൗരവമായി ആലോചിച്ചു കാണുന്നില്ല.
പരസ്പരം ബന്ധിപ്പിക്കുന്ന ഒരു പൊതുഘടകമെങ്കിലും ഒരു ജനവിഭാഗത്തിനകത്ത് പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അവര്‍ ഗ്രാമീണ കര്‍ഷകരായാലും നഗരത്തിലെ ഒരു ട്രേഡ് യൂനിയനിലെ അംഗങ്ങളായാലും അവര്‍ക്കെല്ലാം അവരുടെതായ ഫോക്‌ലോര്‍ ഉണ്ടാവും എന്നതാണ് അലന്‍ ഡന്‍ഡസിന്റെ കൃതികളിലൂടെ പ്രചരിച്ചതും പുതിയകാലത്തെ ഫോക്‌ലോറിസ്റ്റുകള്‍ അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നതുമായ വീക്ഷണം. ഈ വീക്ഷണം സ്വീകരിക്കുന്ന ഒരു പഠിതാവിനെ സംബന്ധിച്ചിടത്തോളം ഫോക്‌ലോര്‍ വളരെ വലിയ അന്വേഷണമേഖലയാണ്. പക്ഷേ, കേരളത്തിലെ ഫോക്‌ലോറിസ്റ്റുകള്‍ ഇപ്പോഴും തെയ്യത്തിന്റെയും നാട്ടറിവുകളുടെയും ജാതിയെയൊ ആദിവാസിവിഭാഗത്തെയോ അടിസ്ഥാനമാക്കിയുള്ള വംശീയ പഠനത്തിന്റെയും ലോകത്തിനു പുറത്തേക്ക് മിക്കവാറും കടക്കുന്നില്ല. ഈ പഠനങ്ങള്‍ ഏറെക്കുറെ എല്ലാം തന്നെ വിവരണാത്മകമാണു താനും. ഫോക്‌ലോര്‍ ഗവേഷണത്തെ മൗലികമായ വഴിയില്‍ സൈദ്ധാന്തികതയിലേക്ക് ഉയര്‍ത്താന്‍ ശ്രമിച്ച രാഘവന്‍ പയ്യനാടന്റെ ‘ഫോക്‌ലോറിനൊരു പഠനപദ്ധതി’ എന്ന ഗ്രന്ഥം പോലും കൂട്ടായ്മ എന്തു ചെയ്യുന്നു, എന്തു വിശ്വസിക്കുന്നു, അവരുടെ ദൈവസങ്കല്‍പം എങ്ങനെ പ്രവര്‍ത്തിക്കുന്നു, തങ്ങളുടെ അനുഭവങ്ങളെ അവര്‍ എങ്ങനെ മനസ്സിലാക്കുന്നു എന്നെല്ലാം ചൂണ്ടിക്കാണിക്കുന്നതിന് അപ്പുറം കടന്നതായി കാണുന്നില്ല.
വര്‍ത്തമാനത്തെ വലിയൊരളവോളം ഒഴിവാക്കിക്കൊണ്ടാണ് നമ്മുടെ ഫോക്‌ലോര്‍ പഠനം നിലനില്‍ക്കുന്നത്. ഭൂതകാലത്തിന്റെതായി എന്തൊക്കെ വര്‍ത്തമാനത്തില്‍ നിലനിര്‍ത്തപ്പെടുന്നുണ്ടോ അതിലാണ് ഫോക്‌ലോറിസ്റ്റിന്റെ ശ്രദ്ധ ചെല്ലുന്നത്. ഇതുകാരണം ഫോക്‌ലോറിസ്റ്റിക്‌സ് എന്നാല്‍ പഴങ്കഥകള്‍, പഴയ പാട്ടുകള്‍, ഗ്രാമീണരുടെ, അവരില്‍ തന്നെയുള്ള കീഴാള ജനവിഭാഗങ്ങളുടെ ദൈവവിശ്വാസം, മന്ത്രവാദം, ആചാരാനുഷ്ഠാനങ്ങള്‍ തുടങ്ങിയവയെ കുറിച്ചുള്ള പഠനമാണ് എന്ന ധാരണയാണ് സാമാന്യമായി നിലനില്‍ക്കുന്നത്.
ഓരോ കൂട്ടായ്മയും ലോകത്തെയും ജീവിതം എന്ന പ്രതിഭാസത്തെയും പരമ്പരാഗതമായി എങ്ങനെ മനസ്സിലാക്കി വരുന്നു എന്നു വ്യക്തമാക്കുക മാത്രമാണ് ഫോക്‌ലോറിസ്റ്റിന്റെ ഉത്തരവാദിത്തം എന്നു കരുതുന്നവരാണ് ഫോക്‌ലോര്‍ ഗവേഷകരില്‍ പലരും. കൂട്ടായ്മയുടെ ലോകവീക്ഷണത്തെയും ജീവിതബോധത്തെയും വിമര്‍ശനാത്മകമായി വിലയിരുത്തുകയോ അവയുടെ പരിഷ്‌കരണത്തിന് കൂട്ടായ്മയെ പ്രേരിപ്പിക്കുകയോ തങ്ങളുടെ ലക്ഷ്യമേ അല്ലെന്ന് അവര്‍ പറയും.
പരമ്പരാഗത വിശ്വാസങ്ങളും ആചാരങ്ങളുമൊന്നും ചരിത്രത്തിനു പുറത്ത് രൂപംകൊണ്ടവയല്ല, ഓരോ കാലത്ത് ഓരോ ദേശത്ത് ജീവിച്ച വ്യത്യസ്ത ജനവിഭാഗങ്ങളുടെ തൊഴില്‍, സാമ്പത്തിക സ്ഥിതി, ലോകത്തെ കുറിച്ചുള്ള അറിവ് എന്നിവയുടെ അടിസ്ഥാനത്തിലാണ് അവ ഉണ്ടായിവന്നത്. രോഗങ്ങള്‍, വ്യക്തിജീവിതത്തിലെയും കുടുംബജീവിതത്തിലെയും ദുരന്തങ്ങള്‍, സാമൂഹിക സംഘര്‍ഷങ്ങള്‍ എന്നിവയ്‌ക്കെല്ലാം പിന്നില്‍ ഭൗതികാതീത ശക്തികളാണ് പ്രവര്‍ത്തിക്കുന്നതെന്നും അവയെ പ്രീതിപ്പെടുത്തിയില്ലെങ്കില്‍ ദുരനുഭവങ്ങള്‍ ആവര്‍ത്തിക്കുമെന്നും ഉള്ള ധാരണയോടെയാണ് പഴയകാലത്തെ ഏതാണ്ട് എല്ലാ കൂട്ടായ്മകളും അവയുടെ ജീവിതധാരണകള്‍ സ്വരൂപിച്ചതും ആചാരാനുഷ്ഠാനങ്ങള്‍ക്ക് രൂപം നല്‍കിയതും. ഒരു ആചാരത്തെക്കുറിച്ചു പഠിക്കുമ്പോള്‍ ഫോക്‌ലോറിസ്റ്റ് ആദ്യമായി ചെയ്യേണ്ടത് ആ ആചാരത്തെ എല്ലാ വിശദാംശങ്ങളോടും കൂടി മനസ്സിലാക്കി രേഖപ്പെടുത്തുക എന്നതു തന്നെയാണ്. അടുത്ത പടിയായി ആ ആചാരത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന വിശ്വാസത്തിന്റെ ആധികാരികമായ വിവരണം സാധിക്കുക. പിന്നെ ആചാരം നിലവില്‍വന്ന ചരിത്ര സന്ദര്‍ഭത്തിന്റെ പ്രത്യേകതകള്‍ വ്യക്തമാക്കുക. ആചാരത്തെ ഘടനാവാദത്തിന്റെയോ തനിക്കു കൂടുതല്‍ ഫലപ്രദമെന്നു തോന്നുന്ന മറ്റേതെങ്കിലും സങ്കേതത്തിന്റെയോ സഹായത്തോടെ അപഗ്രഥിക്കുക. ആചാരത്തെ നിലനിര്‍ത്തുന്ന ജനവിഭാഗത്തിന്റെ ഭൗതിക സാഹചര്യങ്ങള്‍ ആചാരം രൂപംകൊണ്ട കാലത്തിലേതില്‍ നിന്ന് ഒരുപാട് മാറിക്കഴിഞ്ഞതിനു ശേഷവും ആചാരം എന്തുകൊണ്ടു നിലനില്‍ക്കുന്നു? അതിനെ നിലനിര്‍ത്തുന്നതില്‍ എന്തുകൊണ്ട് ആ ജനവിഭാഗം വലിയ താല്‍പര്യവും ജാഗ്രതയും പുലര്‍ത്തുന്നു? എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തലാണ് ആചാരത്തെ കുറിച്ചുള്ള പഠനത്തില്‍ ഫോക്‌ലോറിസ്റ്റിന് ചെയ്യാനുള്ള വളരെ പ്രധാനപ്പെട്ട ഒരു കാര്യം. കൂട്ടായ്മയെ ആചാരവുമായി വേര്‍പിരിയാനാവാത്ത വിധം ബന്ധിപ്പിച്ചുനിര്‍ത്തുന്ന ഘടകങ്ങള്‍ പലതാവാം. അവ ഒന്നൊന്നായി കണ്ടെടുത്ത് വിശദീകരിക്കുമ്പോഴാണ് ഫോക്‌ലോര്‍ പഠനത്തിന്റെ സമകാലിക പ്രസക്തി വ്യക്തമാവുക. കൂട്ടായ്മയുടെ മാറിയ ജീവിത സാഹചര്യങ്ങളിലും മാറ്റത്തെ പ്രതിരോധിക്കുന്ന ഏതേതൊക്കെ ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നു വ്യക്തമാക്കുന്ന പ്രക്രിയ സമകാലിക രാഷ്ട്രീയത്തിന്റെയും ഇതര സാമൂഹികാനുഭവങ്ങളുടെയും ഉപരിതലത്തില്‍ ദൃശ്യമാവാത്ത പലതിനെയും ആഴത്തില്‍ നിന്നു കണ്ടെത്തി പുറത്തെടുക്കുന്നതിലൂടെയേ പൂര്‍ത്തിയാക്കാനാവൂ. ഈ അന്വേഷണത്തിലൂടെ രാഷ്ട്രീയ ദര്‍ശനത്തിനും സാമൂഹ്യശാസ്ത്രത്തിനും സംസ്‌കാരപഠനത്തിനുമെല്ലാം ഫോക്‌ലോറിസ്റ്റ് സംഭാവന ചെയ്യുന്നത് മറ്റു വഴികളില്‍ കണ്ടെത്താനാവാത്ത സത്യങ്ങളായിരിക്കും.
തങ്ങള്‍ പഠനവിധേയമാക്കുന്ന ഫോക്‌ലോര്‍ ഇനം വര്‍ത്തമാനജീവിതത്തില്‍ നിര്‍വഹിക്കുന്ന ധര്‍മമെന്ത്? അതു മനുഷ്യവംശം ആര്‍ജിച്ചു കഴിഞ്ഞവിജ്ഞാനവും പുതിയ ജീവിതധാരണകളുമായി എത്രത്തോളം പൊരുത്തപ്പെടുന്നുണ്ട്? അതിന്റെ രാഷ്ട്രീയവും സാമൂഹികവുമായ ഫലങ്ങള്‍ എന്തൊക്കെയാണ്? എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തലാണ് ഫോക്‌ലോര്‍ പഠിതാക്കള്‍ ചെയ്യേണ്ടുന്ന രണ്ടാമത്തെ പ്രധാന കാര്യം. $
ജീവിത പുരോഗതിയെ കുറിച്ചും ജനത കൈവരിക്കേണ്ടുന്ന സാംസ്‌കാരിക വളര്‍ച്ചയെക്കുറിച്ചും ഫോക്‌ലോറിസ്റ്റിന് സ്വന്തമായി ഒരു നിലപാടും ഇല്ലെങ്കില്‍ ഈ അന്വേഷണത്തിന്റെ വഴിയില്‍ അയാള്‍ക്ക് അധികമൊന്നും മുന്നോട്ടുപോവാനാവില്ല. കൂട്ടായ്മയുടെ വിശ്വാസങ്ങളെയും തീരുമാനങ്ങളെയും അംഗീകരിക്കലാണ് അതല്ലാതെ കൂട്ടായ്മയ്ക്ക് പുറത്തുള്ളവരുടെ യുക്തി ഉപയോഗിച്ച് അവയെ ചോദ്യം ചെയ്യലല്ല ഫോക്‌ലോറിസ്റ്റിന്റെ കടമ എന്നു വാദിക്കുന്നവരുണ്ട്. സതിസമ്പ്രദായം നിലനില്‍ക്കേണ്ടത് ആവശ്യമാണെന്ന് ഒരു കൂട്ടായ്മക്ക് തോന്നുന്നുവെങ്കില്‍ അതു നിലനില്‍ക്കട്ടെ എന്നു പോലും അവര്‍ പറഞ്ഞുകളയും. തെയ്യംകെട്ട് മഹോല്‍സവത്തിന്റെ ഭാഗമായി ഒരു പ്രദേശത്തെ വേട്ടക്കാരുടെ പല സംഘങ്ങള്‍ കാടു കയറി മുയല്‍, മാന്‍, കൂരന്‍, കാട്ടുപന്നി, അണ്ണാന്‍ തുടങ്ങിയ മൃഗങ്ങളെ ധാരാളമായി കൊന്ന് മുളന്തണ്ടില്‍ കെട്ടി ആഘോഷപൂര്‍വം കൊണ്ടുവരുന്ന ചടങ്ങിനെ പിന്തുണയ്ക്കാനായി വന്യജീവിസംരക്ഷണം എന്ന ആശയത്തെ തന്നെ പുച്ഛിച്ചു തള്ളുന്നതിനു പിന്നിലും ഇതേ നിലപാടാണുള്ളത്. ഫോക്‌ലോറിസ്റ്റിന്റെ മനോഭാവം ഇതായിരിക്കരുത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss