|    Apr 21 Sat, 2018 10:03 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഫൈസല്‍ വധം: പ്രതികള്‍ വലയിലായതായി സൂചന

Published : 22nd November 2016 | Posted By: SMR

faizal

മലപ്പുറം: കൊടിഞ്ഞി ഫാറൂഖ് നഗര്‍ പുല്ലാണി ഫൈസല്‍ (30) കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളെല്ലാം പോലിസ് വലയിലായതായി സൂചന. ഫൈസലിന്റെ അടുത്ത ബന്ധു ഉള്‍പ്പെടെ സംഭവത്തില്‍ നേരിട്ട് ബന്ധമുള്ളവരെയെല്ലാം പോലിസ് കസ്റ്റഡിയില്‍ പ്രത്യേക കേന്ദ്രത്തില്‍ ചോദ്യം ചെയ്തുവരുകയാണ്. അറസ്റ്റ് അടുത്ത ദിവസമുണ്ടാവുമെന്നാണു പോലിസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ഫോണും പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ വ്യക്തമായ വിവരങ്ങള്‍ പോലിസിനു ലഭിച്ചിരുന്നു.
പ്രഭാത നമസ്‌കാരത്തിനു പോയിരുന്നവര്‍ രണ്ടു ബൈക്കിലും കാറിലും ആളുകള്‍ റോഡില്‍ നിന്നിരുന്നത് കണ്ടിരുന്നതായി മൊഴി നല്‍കിയിട്ടുണ്ട്. ഇവര്‍ നമസ്‌കാരം കഴിഞ്ഞുവരുമ്പോള്‍ ഓട്ടോറിക്ഷയുടെ ലൈറ്റ് കത്തിക്കിടക്കുകയായിരുന്നു. ഫൈസല്‍ കൊല്ലപ്പെട്ട നിലയിലുമായിരുന്നു. വിദഗ്ധ പരിശീലനം ലഭിച്ച സംഘമാണ് കൊലപാതകത്തിനു പിന്നിലെന്നു ആദ്യ ദിവസംതന്നെ പോലിസ് തിരിച്ചറിഞ്ഞിരുന്നു. വെട്ടിന്റെയും മുറിവിന്റെയും സ്വഭാവങ്ങളാണ്  അന്വേഷണ സംഘത്തെ ഈ നിഗമനത്തിലെച്ചത്. തലയ്ക്കാണ് ആദ്യം വെട്ടിയത്. പിന്നീട് വയറ്റില്‍ കുത്തുകയായിരുന്നു. നീളത്തിലുള്ള ആയുധം ആഴത്തില്‍ വയറ്റില്‍ കുത്തിയ ശേഷം വലിച്ചെടുത്തതിനാലാണു കുടല്‍മാല പുറത്തുചാടിയത്. സംഘപരിവാരവുമായി ബന്ധമുള്ള ക്രിമിനല്‍ സംഘങ്ങളാണു സാധാരണ ഇപ്രകാരം കൊല നടത്താറുള്ളത്.
കുന്നമംഗലത്തും കളമശ്ശേരിയിലും സുബ്ഹി നമസ്‌കരിക്കാന്‍ പള്ളിയിലേക്കു പോയ ആളുകളെ ഇപ്രകാരം ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയ കാര്യവും പോലിസ് അന്വേഷണത്തിനു സഹായകരമായിട്ടുണ്ട്. ഫൈസല്‍ ഭാര്യയുടെ മാതാപിതാക്കളെ താനൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് വിളിക്കാന്‍ പോവുന്ന കാര്യം മുന്‍കൂട്ടി അറിഞ്ഞ ബന്ധുക്കളാണു കൊലയാളി സംഘത്തിനു വിവരം ചോര്‍ത്തി നല്‍കിയതെന്ന് തെളിഞ്ഞിട്ടുണ്ട്.
സംഭവസ്ഥലത്തിനടുത്ത ബേക്കറിയിലെ സിസിടിവിയില്‍ നിന്നാണ് നിര്‍ണായകമായ തെളിവുകള്‍ പോലിസിനു ലഭിച്ചത്. രണ്ടു ബൈക്കുകളില്‍ നാലുപേരും ആള്‍ട്ടോകാറില്‍ നാലു പേരും ഉള്ളതായി ദൃശ്യങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.  ഫൈസല്‍ വീട്ടില്‍ നിന്നു പുറത്തിറങ്ങി ഏതാനും മിനിറ്റുകള്‍ക്കകംതന്നെ കൊലപാതകം നടന്നുവെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.
മതംമാറിയതിന്റെ വിരോധത്തില്‍ ഫൈസലിനെ വകവരുത്തുമെന്ന് ഏറ്റവും അടുത്ത ബന്ധു ഭീഷണിപ്പെടുത്തിയതായി പോലിസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇയാള്‍ വിശ്വഹിന്ദുപരിഷത്ത്, ആര്‍എസ്എസ് സംഘത്തില്‍പ്പെട്ടവരെക്കൊണ്ടും ഭീഷണി ആവര്‍ത്തിച്ചിരുന്നതായും മൊഴി ലഭിച്ചിട്ടുണ്ട്. ഫൈസലിന്റെ മാതാവ് നല്‍കിയ മൊഴിയും അന്വേഷണത്തില്‍ വഴിത്തിരിവായിട്ടുണ്ട്. അടുത്ത ബന്ധു ഫൈസലിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതിനു പുറമെ മറ്റു ബന്ധുക്കളോട് കൊല്ലാന്‍ പറഞ്ഞിരുന്നുവെന്നും കൊലയ്ക്കുശേഷം വേണ്ടത് ചെയ്യാമെന്നും മദ്യപിക്കുന്നതിനിടയില്‍ പറഞ്ഞതായി മാതാവ് മൊഴി നല്‍കിയിട്ടുണ്ട്.
മലപ്പുറം ഡിവൈഎസ്പി വി എം പ്രദീപ്, കൊണ്ടോട്ടി സിഐ മുഹമ്മദ് ഹനീഫ, താനൂര്‍ സിഐ അലവി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. എട്ടംഗ സംഘമാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതെന്നാണ് ഇതുവരെ ലഭിച്ചിട്ടുള്ള സൂചന. തിരൂരിലെ യാസിര്‍ വധക്കേസില്‍ സുപ്രിംകോടതി വെറുതെവിട്ട പ്രതികളടക്കം ആര്‍എസ്എസിന്റെ ഉയര്‍ന്ന നേതാക്കള്‍ നേരിട്ടു പങ്കെടുത്ത യോഗത്തിലാണ് കൊലപാതകത്തിനു വേണ്ട ആസൂത്രണങ്ങള്‍ നടന്നതെന്നാണു നിഗമനം.
രണ്ടു ദിവസത്തിനകം പ്രതികളെ പിടിക്കുമെന്നാണ് അന്വേഷണത്തിനു നേതൃത്വം നല്‍കുന്ന മലപ്പുറം ഡിവൈഎസ്പി പി എം പ്രദീപ് മാധ്യമങ്ങളോട് പറഞ്ഞു. ഫൈസലിന്റെ സഹോദരി ഭര്‍ത്താവ് ഉള്‍പ്പെടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെയും ചോദ്യംചെയ്തു വരുന്നതായി സിഐ മുഹമ്മദ് ഹനീഫയും വ്യക്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss