|    Jun 24 Sun, 2018 9:29 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

‘ഫൈസല്‍ വധം: പോലിസ് വെളിപ്പെടുത്തലുകളില്‍ ദുരൂഹത

Published : 29th November 2016 | Posted By: SMR

പരപ്പനങ്ങാടി: കൊടിഞ്ഞി സംഭവത്തില്‍ യഥാര്‍ഥ പ്രതികളെയും പിന്നില്‍ പ്രവര്‍ത്തിച്ചവരെയും പറ്റിയുള്ള പോലിസിന്റെ വെളിപ്പെടുത്തലുകളില്‍ ദുരൂഹതയുള്ളതായി നാട്ടുകാര്‍ ആരോപിക്കുന്നു. കഴിഞ്ഞ 19ന് കൊടിഞ്ഞിയിലെ ഫാറൂഖ് നഗറില്‍ കൊല്ലപ്പെട്ട പുല്ലാണി ഫൈസലിന്റെ വധവുമായി ബന്ധപെട്ടുള്ള അന്വേഷണ വിവരങ്ങളില്‍ മുഴുവനും സംശയം ജനിപ്പിക്കുന്ന രീതിയിലാണു പോലിസിന്റെ വെളിപ്പെടുത്തല്‍.
ഇസ്‌ലാംമതം സ്വീകരിച്ച ഫൈസലിനെ കുടുംബാംഗങ്ങള്‍ ചേര്‍ന്നു ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയെന്നും അതിന് പ്രാദേശിക തീവ്രഹിന്ദുത്വ സംഘത്തെ ഉപയോഗപ്പെടുത്തിയെന്നുമാണ് പോലിസ് പറയുന്നത്. എന്നാല്‍, പിടികൂടിയവരില്‍ ഭൂരിഭാഗം പേരും ആര്‍എസ്എസിന്റെ വലിയ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നവരാണ്. മാത്രമല്ല ഗൂഢാലോചന നടത്താന്‍ യോഗം കൂടിയ വെള്ളിയാപുറം മേലേപുറത്തുള്ള വിദ്യാനികേതന്‍ സ്‌കൂള്‍ ആര്‍എസ്എസ് നിയന്ത്രണത്തിലാണ്. തിരൂരിലെ യാസര്‍ വധമടക്കമുള്ള കേസില്‍ പങ്കുള്ള ആര്‍എസ്എസ് ജില്ലാ നേതാവിനെ കൃത്യത്തിനു ചുമതലപ്പെടുത്തിയതും വെറും കുടുംബ പകയല്ലെന്നതിനു തെളിവാണ്. തികച്ചും ആസൂത്രിതമായി ജില്ലയെ കലാപഭൂമിയാക്കാനുള്ള നീക്കമാണെന്നതില്‍ സംശയമില്ല.
കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത പുളിക്കല്‍ ഹരിദാസ് ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹകാണ്. സംഭവത്തില്‍ അക്രമം നടത്തിയവരെ പിടികൂടി അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് തന്നെ ഗൂഢാലോചന നടത്തിയവരെ അറസ്റ്റ് ചെയ്തത് കേസിന്റെ തുടര്‍ നടപടിയെ ബാധിക്കുമെന്ന് നിയമ വിദഗ്ധര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.
തുടക്കത്തില്‍ സിസിടിവി പരിശോധിച്ചപ്പോള്‍ ഒരു കാറിനെ കുറിച്ച് പറഞ്ഞിരുന്നെങ്കിലും ഇതിനെക്കുറിച്ച് ഇപ്പോള്‍ അനേഷണമില്ല. സമീപത്തെ സിസിടിവിയില്‍ ഇത് കണ്ടത്തിയിരുന്നു. ആര്‍എസ്എസിന്റെ ഉന്നതതല നേതൃത്വത്തിന്റെ തീരുമാനമാണു ഫൈസലിന്റെ വധത്തിന് പിന്നിലുള്ളതെന്ന് ഉറപ്പായിരിക്കുകയാണ്. വെള്ളിയാംപുറത്തെ ഗൂഢാലോചന നടന്ന വിദ്യാനികേതന്റെ പേര് പറയാതെ സ്ഥാപനത്തെ രക്ഷപ്പെടുത്താനും നീക്കം നടന്നിട്ടുണ്ട്. നേരത്തേ ഇവിടെ ആര്‍എസ്എസിന്റെ ആയുധ പരിശീലനങ്ങള്‍ നടക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നെങ്കിലും നടപടിയെടുത്തിരുന്നില്ല. ഈ സ്ഥാപനത്തിനെതിരേ കേസെടുത്ത് അടച്ച് പൂട്ടാന്‍ അധികൃതര്‍ തയ്യാറാവുന്നുമില്ല.
എം എം അക്ബറിന്റെ പീസ് സ്‌കൂളിനെതിരേ നടപടിയെടുക്കാന്‍ ധൃതി കാട്ടിയ പോലിസ് ആര്‍എസ്എസിന്റെ ആയുധ കേന്ദ്രത്തിനെതിരേ തെളിവുണ്ടായിട്ടും നിശബ്ദമായിരിക്കുന്നത് ആര്‍എസ്എസും പോലിസും ചേര്‍ന്നുള്ള ഒത്തുകളിയാണന്നാണ് ആരോപിക്കപ്പെടുന്നത്. സംഭവത്തിലെ പ്രതികളെ 48 മണിക്കൂറിനുള്ളില്‍ പിടിക്കുമെന്ന് സര്‍വകക്ഷി യോഗത്തില്‍ പറഞ്ഞ പോലിസ് ആഴ്ച പിന്നിട്ടപ്പോഴാണ് പ്രതികളില്‍ ചിലരെ പിടികൂടിയത്. ഇതും ജനങ്ങളുടെ വന്‍ പ്രതിഷേധത്തെ ചൊല്ലിയാണെന്നാണു വിലയിരുത്തുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss