|    Apr 27 Thu, 2017 12:36 pm
FLASH NEWS

ഫൈസല്‍ വധം: ആര്‍എഎസ്എസ് നേതാക്കളെ രക്ഷപെടുത്താന്‍ നീക്കം

Published : 1st December 2016 | Posted By: Navas Ali kn

faisal1
പരപ്പനങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ
പ്രതികളായ പിടികിട്ടാനുള്ള ഉന്നത ആര്‍എഎസ്എസ് നേതാക്കളെ രക്ഷപ്പെടുത്താനുള്ള നീക്കത്തെ തുടര്‍ന്ന് അന്വേഷണ സംഘത്തില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമായി. കൊടിഞ്ഞി ഫാറൂഖ് നഗറില്‍ ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരില്‍ കൊല ചെയ്യപ്പെട്ട പുല്ലാണി ഫൈസലിന്റ ഘാതകരെ രക്ഷപ്പെടുത്താനുള്ള നീക്കമാണ് അന്വേഷണ സംഘത്തിന് നേതൃത്വം കൊടുക്കുന്ന ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ നടക്കുന്നതെന്ന ആരോപണം ശക്തമാണ്. വെള്ളിയാംമ്പുറം വിദ്യാനികേതനില്‍ വെച്ച് സംഭവം ആസൂത്രണം ചെയ്തവരെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.  വിമുക്തഭടനും ബി ഫോര്‍ യൂ ഡ്രൈവിങ്ങ് സ്‌കുള്‍ ഉടമയുമായ പരപ്പനങ്ങാടിയിലെ  കൊട്ടയില്‍ ജയപ്രകാശന്‍ മുഖേന, തിരൂര്‍ യാസര്‍ വധക്കേസിലെ മുഖ്യപ്രതിആര്‍എഎസ്എസ് ജില്ല ഭാരവാഹി മഠത്തില്‍ നാരായണന്‍ ഏര്‍പെടുത്തിയവരാണ് ഫൈസലിനെ കൊലപ്പെടുത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നാരായണനെ തേടി പോലീസ് വലവിരിച്ചിട്ടുണ്ടെങ്കിലും പിടിച്ചിട്ടില്ല. എന്നാല്‍ മഞ്ചേരി കോടതിയില്‍ കേസുമായി ബന്ധപ്പെട്ട് ഇയാള്‍ നേരിട്ട് എത്താറുണ്ട്. ഇയാളെ പിടി കൂടുന്നില്ലെന്നു മാത്രമല്ല ഇയാളടക്കം പിടികിട്ടാനുള്ള ആറു പേരെ മാറ്റി പകരം ഡമ്മി പ്രതികളെ ഉള്‍പ്പെടുത്താന്‍ ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനും മറ്റുചിലരും ചേര്‍ന്ന് ശ്രമിക്കുന്നുവെന്ന ആരോപണം ശക്തമാണ്.
ഇതിനെ ചോദ്യം ചെയ്ത് അന്യേഷണ സംഘത്തിലെ സത്യസന്ധരായ ചിലര്‍ പരസ്യമായി രംഗത്ത് വന്നിരിക്കയാണ്. ഗൂഡാലോചനയില്‍ പങ്കെടുത്ത മൂന്ന് പേരും കൃത്യം നടത്തിയ മറ്റ് മൂന്ന് പേരുമടക്കം ആറു പ്രതികളെയാണ് ഇനി പിടിക്കാനുള്ളത്. ഇവരെ മാറ്റി പകരം ചിലരെ മേല്‍പറഞ്ഞ ഉന്നത ഉദ്യോഗസ്ഥന്റെ മുന്‍പില്‍ ആര്‍എഎസ്എസ് നേതാക്കള്‍ ഹാജരാക്കിയിരുന്നു. മാത്രമല്ല ഫൈസലിനെ കൊന്നത് താനാണന്ന് പറഞ്ഞും ഒരാള്‍ ഹാജരായിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ ഡമ്മി പ്രതിയാണന്ന് തിരിച്ചറിഞ്ഞു. യഥാര്‍ത്ഥ പ്രതികളുടെ വിവരം പൂര്‍ണ്ണമായി ലഭിച്ചതിനാല്‍ മറ്റുള്ള ഉദ്യോഗസ്ഥര്‍ ശക്തമായ നിലപാട് സ്വീകരിച്ചതിനാലാണ് ഡമ്മി പ്രതിയെ തിരിച്ചറിയാനായത്. തിരൂരിലെ മുറിവൊഴിക്കല്‍ സ്വദേശിയും രണ്ടു പേരും ചേര്‍ന്നാണ് ഫൈസലിനെ വെട്ടിക്കൊന്നത്.
കേസന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ ആര്‍എഎസ്എസ് നേതാക്കളുടെ തീരുമാനത്തിനനുസരിച്ച് കേസ് കൊണ്ട് പോവാന്‍ അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ശ്രമിച്ചതിനാലാണ്, ഗൂഡാലോചന നടന്ന വെളളിയാംമ്പുറത്തെ ആര്‍എഎസ്എസ് സ്ഥാപനമായ വിദ്യാനികേതനെതിരെ കേസ്സെടുക്കാത്തതും, പ്രതികള്‍ ആര്‍എസ്എസുകാരാണെന്ന് മാധ്യമങ്ങളില്‍ നിന്ന് മറച്ച് വെച്ചതെന്നും പറയപ്പെടുന്നു. ആരോപണ വിധേയനായ ഈ ഉദ്യോഗസ്ഥനില്‍ നിന്ന് അന്വേഷണ ചുമതല മാറ്റണമെന്ന ശക്തമായ ആവശ്യം ഉയരുന്നുണ്ട്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day