|    Feb 22 Wed, 2017 11:54 pm
FLASH NEWS

ഫൈസല്‍ ഇസ്‌ലാമിലേക്കു വന്നത് അമ്മാവന്റെ വഴിയേ

Published : 25th November 2016 | Posted By: mi.ptk

റഷീദ് ഖാസിമി
റിയാദ്: ജാതിയുടെ പേരില്‍ ഒരേ മതത്തില്‍ പെട്ടവരെ തന്നെ തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരുമായി മാറ്റി നിര്‍ത്തുന്ന അവസ്ഥ, ജീവിതത്തില്‍ യാതൊരു സ്വാധീനവും സൃഷ്ടിക്കാന്‍ കഴിയാത്ത കല്ലുകളെയും മരങ്ങളെയും ദൈവമായി കണ്ട് ആരാധിക്കല്‍… താന്‍ ജനിച്ചുവളര്‍ന്ന ചുറ്റുപാടിലെ ഈ വൈരുദ്ധ്യം മനസ്സിനെ അസ്വസ്ഥപ്പെടുത്തുമ്പോഴാണ് അമ്മാവന്‍ ഒരു പുതിയ മതത്തില്‍ ചേര്‍ന്നതായി അനില്‍ കുമാര്‍ അറിയുന്നത്. ജാതീയ അടിമത്വത്തെ കുറിച്ചും സാമാന്യ ബുദ്ധിക്കു നിരക്കാത്ത ആചാര, ആരാധനകളെ കുറിച്ചുമുള്ള തന്റെ സംശയങ്ങള്‍ അമ്മാവനും പങ്കുവച്ചതോടെ സത്യ മതം എതാണ് ? യഥാര്‍ഥ ദൈവം ആരാണ് തുടങ്ങിയ സംശങ്ങള്‍ അനില്‍ കുമാറില്‍ ശക്തമായി വന്നത്. കഴിഞ്ഞ ശനിയാഴ്ച വര്‍ഗീയ ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അനില്‍ കുമാര്‍ എന്ന ഫൈസലിന്റെ ജീവിതത്തെ മാറ്റിമറിച്ച ആശയത്തിനു ഇതോടെ തുടക്കം കുറിക്കുകയായിരുന്നു. നാട്ടില്‍ മുസ് ലിംകളായ കളിക്കൂട്ടുകാരില്‍ നിന്നും അയല്‍വാസികളില്‍ നിന്നും ഇസ് ലാമിക സാഹോദര്യത്തിന്റെ മാധുര്യം അനുഭവിച്ചറിഞ്ഞതോടെ ഇസ് ലാം മതത്തോട് പ്രത്യേക താല്‍പര്യം വളര്‍ന്നുവന്നു. ഇതിനിടെ നാലു വര്‍ഷം മുമ്പ് തൊഴില്‍ തേടി സൗദി അറേബ്യന്‍ തലസ്ഥാന നഗരിയായ റിയാദിലെത്തി. ഒരു സൗദിയുടെ വീട്ടില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരുന്നതിനിടെ ബദിയ, സുവൈദിയ എന്നിവിടങ്ങളി ല്‍ ജോലി ചെയ്യുകയായിരുന്ന മലപ്പുറം സ്വദേശികളുമായി സൗഹൃദത്തിലായി. ഉണ്ണി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന അനില്‍ കുമാര്‍ സുഹൃത്തുക്കളുടെ സ്്‌നേഹം വളരെ വേഗം പിടിച്ചുപറ്റിയിരുന്നു. എപ്പോഴും തികഞ്ഞ ബഹുമാനം നിലനിര്‍ത്തി സുഹൃത്തുക്കളോട് പോലും പെരുമാറുന്ന ഉണ്ണി ആരുടെയും ഹൃദയം കവരുന്ന വ്യക്തിത്വത്തിനുടമായിരുന്നുവെന്ന് സുഹൃത്ത് ഷറഫുദ്ദീന്‍ പറയുന്നു. സൗദിയിലെ ഇസ്‌ലാമിക സാഹചര്യങ്ങള്‍ അനില്‍ കുമാറിന് ഇസ് ലാമിലേക്കു കൂടുതല്‍ അടുക്കാന്‍ പ്രേരണയായി. രണ്ടു വര്‍ഷം മുമ്പ് അനില്‍കുമാര്‍ തന്റെ സുഹൃത്തുക്കളോട് ഇസ്‌ലാമിലേക്ക് വരാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ചപ്പോള്‍ പെട്ടന്ന് ഒരു ആവേശത്താല്‍ അല്ല വരേണ്ടതെ ന്നും ഇസ്‌ലാമിനെ കുറിച്ച് കൂടുതല്‍ പഠിച്ച് ബോധ്യപ്പെട്ട ശേഷം വരാനും നിര്‍ദേശിച്ചു. പഠനത്തിലൂടെ ഇസ്‌ലാമിനെ കൂടുതല്‍ ബോധ്യമായ അദ്ദേഹം തന്റെ സുഹൃത്തുക്കളോട് മതം സ്വീകരിക്കാനാവശ്യമായ സഹായം നല്‍കാന്‍ ആവശ്യപ്പെട്ടു. ഇതു പ്രകാരം റിയാദിലെ സന്നദ്ധപ്രവര്‍ത്തകരായ സൈതലവി മലപ്പുറം, ബഷീര്‍ മണ്ണാര്‍ക്കാട് എന്നിവര്‍ അനില്‍ കുമാറിനെ നേരില്‍ കണ്ട് സംസാരിച്ച്ആവശ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. എന്നാല്‍ ഉടന്‍ അവധിക്കായി നാട്ടിലേക്കു മടങ്ങുമെന്നും നാട്ടിലെത്തി ഭാര്യയെയും മക്കളെയും കൂട്ടി ഒരുമിച്ച് ഇസ് ലാമിലേക്കു വരാനാണ് ആഗ്രഹിക്കുന്നതെന്നും അനില്‍ കുമാര്‍ വ്യക്തമാക്കി. ഇസ്‌ലാം സത്യമാണെന്നു ബോധ്യപ്പെട്ട സ്ഥിതിക്ക് എത്രയും വേഗം വിശ്വാസം സ്വീകരിക്കലാണ് ഉത്തമം എന്ന് ഇരുവരും ഉപദേശിച്ചു. തുടര്‍ന്ന് കഫീലുമായി സംസാരിച്ച ശേഷം നാട്ടില്‍ ഭാര്യയെയും അച്ഛനെയും അമ്മയെയും എല്ലാം വിളിച്ച് അറിയിച്ച ശേഷം കഫീലിന്റെ സാന്നിധ്യത്തില്‍ ഇസ്‌ലാം ആശ്ലേഷിച്ച് ഫൈസല്‍ എന്ന പേര് സ്വീകരിച്ചു. മുസ്‌ലിമായി എന്ന് അറിഞ്ഞാല്‍ നാട്ടില്‍ സംഘപരിവാര ശക്തികളില്‍ നിന്നുള്ള ആക്രമണങ്ങളുണ്ടായേക്കുമെന്ന് സുഹൃത്തുക്കള്‍ ഓര്‍മപ്പെടുത്തിയിരുന്നെങ്കിലും ഫൈസലിന്റെ ഇസ്‌ലാമിക ആവേശത്തെ അത് തളര്‍ത്തിയില്ല. മൂന്നു മാസം മുമ്പ് അവധിക്കായി നാട്ടിലേക്കു പോയ ഫൈസല്‍ വിമാനത്താവളത്തില്‍ നിന്നു ഭാര്യയെയും മക്കളെയും കൊണ്ട് നേരെ പോയത് പൊന്നാനിയിലേക്കായിരുന്നു. ഇസ് ലാമിനെ കുറിച്ച് തന്റെ കുടുംബത്തെ കൂടുതല്‍ പഠിപ്പിക്കുകയും സത്യമാര്‍ഗത്തിലേക്ക് അവരെയും കൊണ്ടുവരികയായിരുന്നു ലക്ഷ്യം. ഈ സംഭവത്തോടെ ബന്ധുക്കളായ ചിലര്‍ ഉള്‍പ്പടെ ഫൈസലിനെതിരേ വധഭീഷണി മുഴക്കിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,473 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക