|    Feb 20 Mon, 2017 12:02 pm
FLASH NEWS

‘ഫൈസലിന്റെ രക്തസാക്ഷിത്വം തനിക്ക് 60 വയസ്സിലും ലഭിക്കാത്ത മഹാഭാഗ്യം’

Published : 26th November 2016 | Posted By: SMR

റഷീദ് ഖാസിമി

റിയാദ്: ‘മുസ്‌ലിമായി ജനിച്ചുവളര്‍ന്ന എനിക്ക് 60 വര്‍ഷമായി ട്ടും ലഭിക്കാത്ത രക്തസാക്ഷി ത്വം എന്ന മഹാഭാഗ്യം ആറുമാസം കൊണ്ട് ഫൈസലിന് ലഭിച്ചു. മുസ്‌ലിമായ ഉടന്‍ ഒരു നമസ്‌കാരം പോലും നിര്‍വഹിക്കുന്നതിനു മുമ്പ് രക്തസാക്ഷികളായ സഹാബികളുണ്ട്. ആ ഭാഗ്യമാണ് ഫൈസലിനും ലഭിച്ചത്…’- തന്റെ മക്കള്‍ക്കു സമാനം സ്‌നേഹിച്ചിരുന്ന ഫൈസല്‍ കഴിഞ്ഞ ദിവസം മലപ്പുറം കൊടിഞ്ഞിയില്‍ ഇസ്‌ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ടതിന്റെ ദുഃഖം സൃഷ്ടിച്ച വേദനയ്ക്കിടയിലും അഭിമാനത്തോടെ സ്‌പോണ്‍സര്‍ അബ്ദുല്ലാ അബ്ദുര്‍റഹ്മാന്‍ അല്‍ മുഹാവിസ് പറഞ്ഞു. ‘ഏഴു മക്കളാണെനിക്ക്. വീട്ടുഡ്രൈവറായി എത്തിയ ഫൈസല്‍ സ്‌നേഹപൂര്‍ണമായ ഇടപെടലിലൂടെ ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ എട്ടാമത്തെ മകനു സമാനമായി’- റിയാദില്‍ എക്‌സിറ്റ് 27ലുള്ള തന്റെ വീട്ടിലിരുന്ന് അബ്ദുല്ല ഗള്‍ഫ് തേജസിനോട് മനസ്സു തുറന്നു.
മക്കള്‍ക്കെല്ലാം ഡ്രൈവിങ് അറിയാം. അതിനാല്‍ പ്രത്യേകം ഡ്രൈവറെ നിയമിച്ചിരുന്നില്ല. എന്നാല്‍ ചിലര്‍ തൊഴില്‍ തേടി മലേഷ്യയിലേക്കു പോയതോടെ നാലുവര്‍ഷം മുമ്പാണ് അനില്‍കുമാറിനെ നിയമിച്ചത്. സൗമ്യമായ സ്വഭാവവും ആദരവു നിറഞ്ഞ പെരുമാറ്റവും ജോലിയില്‍ പുലര്‍ത്തിയ ആത്മാര്‍ഥതയും അബ്ദുല്ല എടുത്തുപറഞ്ഞു. ഒരു കാര്യവും ചെയ്യാന്‍ കഴിയില്ലെന്നു പറയില്ല. തന്റെ മകന്‍ ഫൈസലുമായി നല്ല സൗഹൃദമായിരുന്നു അനില്‍കുമാറിനെന്ന് അബ്ദുല്ല പറഞ്ഞു.
സൗദിയിലെ ഇസ്‌ലാമിക സാഹചര്യങ്ങള്‍ ഇസ്‌ലാമിലേക്കു കൂടുതല്‍ അടുക്കാന്‍ പ്രേരണയായി. റമദാനില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം അനില്‍കുമാറും വ്രതമനുഷ്ഠിക്കും. ഇസ്‌ലാമിക ആരാധനാകര്‍മങ്ങളോട് പ്രത്യേക താല്‍പര്യം പ്രകടിപ്പിച്ചിരുന്ന അനില്‍കുമാര്‍ കഴിഞ്ഞ റമദാന്‍ മാസത്തിനു മുമ്പാണ് മുസ്‌ലിം ആവണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്. മുസ്‌ലിം ആയിക്കോളൂ; പക്ഷേ, ഇന്ത്യയിലെ വര്‍ഗീയ സാഹചര്യങ്ങളെക്കുറിച്ച് അറിയാവുന്നതിനാല്‍ അത് പരസ്യമായി പ്രഖ്യാപിക്കേണ്ടതില്ലെന്ന് താന്‍ ഉപദേശിച്ചിരുന്നു. എന്നാല്‍, താന്‍ മനസ്സിലാക്കിയ സത്യം പരസ്യമായി പ്രഖ്യാപിക്കുന്നതിന് എന്തിനു ഭയക്കണമെന്നായിരുന്നു അനിലിന്റെ പ്രതികരണം. സ്വന്തം അമ്മാവന്‍ സ്വീകരിച്ച മതത്തിന്റെ മഹത്ത്വം കൂടുതലായി ഫൈസല്‍ തിരിച്ചറിയുകയായിരുന്നു.
ഫൈസല്‍ എന്ന തന്റെ മകന്റെ പേരു തന്നെ മുസ്‌ലിമായപ്പോള്‍ അനില്‍ തിരഞ്ഞെടുത്തത് തങ്ങളെ ഏറെ സന്തോഷിപ്പിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. റമദാനില്‍ ഇഫ്താറുമായി ബന്ധപ്പെട്ട സേവനപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. എല്ലാ നമസ്‌കാരത്തിനും നേരത്തേ പള്ളിയിലെത്തും. മുസ്‌ലിമായി ജനിച്ച തന്റെ മക്കളെ ഉള്‍പ്പെടെ നമസ്‌കാരത്തിനു പള്ളിയിലേക്ക് നിര്‍ബന്ധിച്ചു കൂട്ടിക്കൊണ്ടുപോവും. വെള്ളിയാഴ്ചകളില്‍ ജുമുഅ നമസ്‌കാരത്തിനായി വളരെ നേരത്തേ തന്നെ പള്ളിയിലെത്തും. അവിടത്തെ ഇമാമുമായും നല്ല സൗഹൃദത്തിലായിരുന്നു. നാട്ടില്‍ പോയി ഭാര്യയെയും മക്കളെയും ഇസ്‌ലാമിക ആദര്‍ശത്തിലേക്കു കൊണ്ടുവരണമെന്നും അതിനാവശ്യമായ സൗകര്യം ഏര്‍പ്പെടുത്തേണ്ടതിനാല്‍ മൂന്നുമാസത്തെ അവധി വേണമെന്നുമുള്ള ഫൈസലിന്റെ ആവശ്യം അംഗീകരിച്ചാണ് റീ എന്‍ട്രി അടിച്ചത്.
കുറച്ചു പണം മുമ്പ് ഫൈസല്‍ കടമായി വാങ്ങിയിരുന്നു. കുറച്ചു വീതം തന്ന് വീട്ടിയിരുന്നുവെങ്കിലും 2000 റിയാല്‍ ബാക്കിയുണ്ടായിരുന്നു. ആ തുക നാട്ടില്‍ നിന്നു വരുത്തിച്ച് നല്‍കാന്‍ ശ്രമിച്ചപ്പോള്‍ അതു പ്രശ്‌നമില്ല, നാട്ടില്‍ പോയിവരൂ എന്നു പറഞ്ഞശേഷം മാത്രേമ ഫൈസല്‍ യാത്രയ്ക്ക് തയ്യാറായുള്ളൂവെന്ന് അദ്ദേഹം ഓര്‍ക്കുന്നു.
നാട്ടില്‍ എത്തിയശേഷം മിക്ക ദിവസവും വാട്‌സ്ആപ്പിലൂടെ നാട്ടിലെ വിശേഷങ്ങള്‍ പങ്കുവയ്ക്കുമായിരുന്നു. 20ാം തിയ്യതി റിയാദിലേക്കു വരുമെന്ന സന്ദേശം കൊല്ലപ്പെടുന്നതിനു തൊട്ടു തലേന്നാള്‍ അയച്ചിരുന്നു. ‘അസ്സലാമു അലൈക്കും ബാബ, അന ഈജി യൗമുല്‍ ഇഷ്‌രീന്‍’- ഫൈസലിന്റെ ഈ ശബ്ദസന്ദേശം കേള്‍പ്പിക്കുമ്പോള്‍ അദ്ദേഹം വിങ്ങിപ്പൊട്ടി. ഫൈസല്‍ നാട്ടില്‍ കൊല്ലപ്പെട്ട വിവരം മൂത്തമകനാണ് ആദ്യം അറിഞ്ഞത്. നേരിട്ട് പറയാനുള്ള മനോവിഷമം കാരണം പള്ളിയിലെ ഇമാം മുഖേനയാണ് തന്നെ വിവരം ധരിപ്പിച്ചതെന്ന് അടക്കിപ്പിടിച്ച വേദനയോടെ അദ്ദേഹം പറഞ്ഞു. മകനെപ്പോലെ ഫൈസലിനെ സ്‌നേഹിച്ച തന്റെ ഭാര്യയെ ഇതുവരെ സംഭവം അറിയിച്ചിട്ടില്ലെന്ന് അബ്ദുല്ല വ്യക്തമാക്കി. പത്രത്തില്‍ പ്രസിദ്ധീകരിച്ച ഫൈസലിന്റെയും മക്കളുടെയും പടവും വാര്‍ത്തയും നോക്കി ഏറെ സങ്കടപ്പെട്ട അദ്ദേഹം അവരുടെ നന്മയ്ക്കായി പ്രാര്‍ഥിച്ചു.
ഫൈസലിന് സത്യവാചകം ചൊല്ലിക്കൊടുത്ത അരീക്കോട് സ്വദേശി ആസിഫ് ഹുസയ്‌ന് ഇപ്പോഴും അദ്ദേഹം കൊല്ലപ്പെട്ട വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. ഫൈസല്‍ സത്യവാചകം ചൊല്ലുമ്പോള്‍ സാക്ഷ്യംവഹിച്ച, തൊട്ടടുത്ത് ജോലി ചെയ്യുന്ന അയല്‍വാസി അബ്ദുല്‍ ഖാദര്‍ കൊടിഞ്ഞി, സിദ്ദീഖ് തുവ്വൂര്‍, റഷീദ് വാഴക്കാട് എന്നിവര്‍ക്കും പങ്കുവയ്ക്കാനുള്ള ഓര്‍മകള്‍ നിരവധിയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 902 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക