|    Jan 24 Tue, 2017 6:53 pm
FLASH NEWS

ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റലുകള്‍ക്കൊരു താക്കീത്

Published : 1st February 2016 | Posted By: SMR

slug-vettum-thiruthumകോഴിക്കോട്ടെ വന്‍കിട സ്വകാര്യ ആശുപത്രികളിലൊന്ന് മഹാസമ്പന്ന രോഗികളെ ‘കുളിപ്പിച്ചുകിടത്താന്‍’ തുടങ്ങിയിട്ട് കാലം ഏറെയായി. നടന്‍ ജഗതിയെ ഓര്‍ക്കുക. വൈദ്യശാസ്ത്രത്തെ ഇത്രമേല്‍ വ്യാപാരവല്‍ക്കരിച്ച ഇതുപോലൊരു ആശുപത്രി സംവിധാനത്തിനെതിരേ എന്തുകൊണ്ട് ജനകീയ പ്രസ്ഥാനങ്ങള്‍ നിശ്ശബ്ദരാവുന്നു. ഹെല്‍ത്ത് കെയര്‍ എന്ന പേരില്‍ സാധുജനങ്ങള്‍ക്കായി പദ്ധതികളാവിഷ്‌കരിക്കുന്ന ചിലരെങ്കിലും ആ രംഗത്ത് സ്തുത്യര്‍ഹമായ സേവനങ്ങളനുഷ്ഠിക്കുന്നു. പക്ഷേ, ഹെല്‍ത്ത് കെയര്‍ സ്‌കീമിലെ സൗഹൃദ ആശുപത്രികള്‍ക്കെതിരേ ആരും ‘കമാ’ന്നൊരക്ഷരം മിണ്ടില്ല. കൊടുങ്ങല്ലൂരിലെ സമ്പന്ന വ്യക്തി തുടര്‍ച്ചയായി തന്നെ പീഡിപ്പിക്കുന്ന പനിയെ ഭയപ്പെട്ടുതുടങ്ങി. ജ്യേഷ്ഠന്‍ ഉന്നതബന്ധങ്ങളുള്ളയാളും ആശുപത്രിയിലെ വന്‍കിട ഡോക്ടര്‍മാരുമായി സുഹൃദ്ബന്ധം സൂക്ഷിക്കുന്ന സ്ഥിതിക്കും അനുജനെ ഏകനായി അങ്ങോട്ടയച്ചു. ഡോക്ടറെ നമുക്ക് അന്‍വര്‍ എന്നു വിളിക്കാം. തിരക്കിനിടയില്‍ കൊടുങ്ങല്ലൂര്‍ രോഗിയെ വളരെ വേഗം പരിശോധിച്ച് സ്‌കാനിങ്, രക്തം, മൂത്രം, കഫം അടക്കം പരിശോധനകളുടെ വമ്പന്‍ ലിസ്റ്റ്. പെട്ടെന്ന് ഡോക്ടര്‍ക്കൊരു ബോധോദയം: ”അല്ലാ, നിങ്ങളെ മനസ്സിലായില്ല.” രോഗി ജ്യേഷ്ഠന്റെ പേരു പറഞ്ഞു. അബദ്ധം പറ്റിയ മട്ടില്‍ ടെസ്റ്റിന് കുറിച്ച പേപ്പറുകളെല്ലാം പിടിച്ചുവാങ്ങി കൊട്ടയിലിട്ടു. തന്റെ മേശവലിപ്പില്‍നിന്ന് നാലു ഗുളികയും നല്‍കി. രാത്രി കിടക്കുമ്പോള്‍ കഴിക്കാന്‍. ഗുളിക ഉറക്കം കിട്ടാനുള്ള ഒരിനം.
ഇതാണ് സ്വകാര്യ ആശുപത്രിയിലെ കൊള്ളയ്ക്ക് ജീവനുള്ള നല്ലൊരുദാഹരണം. രോഗിയും അന്‍വറിന്റെ സമക്ഷം അനുജനെ അയച്ച പ്രമുഖനും അന്‍വറുമൊക്കെ ജീവിച്ചിരിക്കുന്നു. കഥ സാങ്കല്‍പികമല്ലെന്നു വ്യക്തമാക്കാനാണിതു പറഞ്ഞത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സൂചി വിഴുങ്ങിയ കുഞ്ഞിന്റെ സംഭവത്തില്‍ കോഴിക്കോട്ടെ ആശുപത്രിക്കെതിരേ എന്തേ നൈതിക രാജാക്കളായ ദിനപത്രങ്ങളും പൗരസമിതികളും നിശ്ചലരാവുന്നു? ഇന്ന് റസിഡന്റ്‌സ് അസോസിയേഷനുകളുടെ കാലമാണ്. സ്വന്തം അസോസിയേഷനിലെ ഡോക്ടര്‍ക്കെതിരേ ഒരംഗവും പ്രതികരിക്കില്ല. വന്‍കിട ഫഌറ്റുകളിലാണെങ്കില്‍ വന്‍കിട പോലിസുദ്യോഗസ്ഥനും പത്രപ്രവര്‍ത്തക യൂനിയന്റെ വേണ്ടപ്പെട്ടയാളും തൊട്ടുതൊട്ടുള്ള ഫഌറ്റുകളിലാണു വാസം. ന്യൂജന്‍ സംസ്‌കാരത്തില്‍ വമ്പന്‍മാര്‍ക്കെതിരേ ഇനി വന്‍കിട പ്രക്ഷോഭങ്ങള്‍ക്ക് സാധ്യതയുള്ള കാലം ബഹുദൂരമാണ്. എഴുപതുകളിലും മറ്റും ജനകീയ സാംസ്‌കാരികവേദി പോലുള്ള നൈതികത നഷ്ടമാവാതിരുന്ന യുവ മുന്നേറ്റങ്ങള്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരെയും അഴിമതിവീരന്മാരെയും പരസ്യമായി ജനകീയ വിചാരണ നടത്തിയതും പേടിക്കൊടലന്‍മാര്‍ ഭയന്നു വിറച്ച് ജോലി രാജിവച്ചതുമടക്കം നിരവധി സംഭവങ്ങള്‍. ഇന്നു രാഷ്ട്രീയപ്പാര്‍ട്ടികളുടെ യുവജനവിഭാഗങ്ങള്‍ സ്ഥാനാര്‍ഥിപ്പട്ടത്തിനായി വന്‍തോക്കുകള്‍ക്കു മുമ്പില്‍ യാചിച്ചുനടപ്പാണ്. ദേഹം നോവാതെ ‘വിപ്ലവം’ നടത്തുന്നവരാണ് മറ്റൊരു വിഭാഗം. പോസ്റ്റര്‍, പ്രകടനം, സെമിനാര്‍, കാവ്യോല്‍സവം, ഫേസ്ബുക്ക് തുടങ്ങി തടികേടാവാത്ത ഇനങ്ങളാണ് യുവജനസംഘടനകള്‍ക്കു പ്രിയം. അറ്റകൈക്കൊരു ഫാഷിസ്റ്റ് വിരുദ്ധ ചലച്ചിത്രമേള; തീര്‍ന്നു പ്രതിഷേധം.
വന്‍കിട ആശുപത്രികളും അതിനുള്ളിലെ ‘കൊമ്പന്‍മാരും’ അഞ്ചുലക്ഷവും മുകളിലോട്ടും ശമ്പളം വാങ്ങി, ആരെയൊക്കെ വരുതിയിലാക്കാമോ അതൊക്കെ ചെയ്യുന്നു. ഓരോ ഡോക്ടര്‍ക്കുമുണ്ട് സ്‌കാനിങ് സെന്ററും വന്ധ്യതാ നിവാരണ ക്ലിനിക്കും കാന്‍സര്‍ പ്രതിരോധ സന്നാഹങ്ങളും. കഴുത്തറപ്പന്മാരായി മാറുകയാണ് ഒരു വിഭാഗം ഡോക്ടര്‍മാരും അവര്‍ക്കാശ്രയമായ ഫൈവ്സ്റ്റാര്‍ ആശുപത്രികളും. നന്മയുടെ ശബ്ദങ്ങളില്ലേ? ഉണ്ട്. അര്‍ബുദരോഗികള്‍ക്കാശ്രയമായി ഒരു വി പി ഗംഗാധരന്‍, പ്രമേഹരോഗികള്‍ക്കൊരു രാമമൂര്‍ത്തി ഡോക്ടര്‍, ഹൃദ്രോഗികള്‍ക്ക് എസ് അബ്ദുല്‍ഖാദര്‍… ഉദാഹരണം വേണ്ടത്ര. ഇവരും ചികില്‍സയിലൂടെ ധനം ആര്‍ജിച്ചവര്‍. പക്ഷേ, കാരുണ്യത്തോടെ രോഗിയെ പരിചരിക്കും. എന്തെങ്കിലും കൊടുത്താല്‍ വാങ്ങും. ടെസ്റ്റ് റിപോര്‍ട്ടുകള്‍ എഴുതി ഏജന്‍സി വ്യവസായം കൊഴുപ്പിക്കില്ലിവര്‍. കേരളമെമ്പാടും കാരുണ്യം വറ്റാത്ത ഇവരെപ്പോലുള്ള എത്രയോ നല്ല ഭിഷഗ്വരന്മാരുണ്ട്. പക്ഷേ, അവര്‍ പടിക്കുപുറത്താണ്. സംഘടന അവരെ ബഹുമാനിക്കാറില്ല. ആരോഗ്യവകുപ്പ് അവര്‍ക്ക് യാതൊരു റെക്കമെന്റേഷന്‍ സര്‍ട്ടിഫിക്കറ്റും നല്‍കാറില്ല. സര്‍ക്കാര്‍ ആശുപത്രികള്‍ പെയിന്റ് ചെയ്യാന്‍ കമ്മീഷന്‍ വാങ്ങി പെയിന്റ് കമ്പനിയോടും ബന്ധപ്പെട്ട ബ്രോക്കര്‍മാരോടും കൈനീട്ടുന്ന ആരോഗ്യമന്ത്രി ഉള്ള നാട്ടില്‍ ആരെയും ആരും ‘വെട്ടാനും തിരുത്താനും’ നില്‍ക്കാറില്ല. പക്ഷേ, സ്വകാര്യ ആശുപത്രികളെന്ന ബ്ലേഡ് കമ്പനിക്കാരും അവരുടെ പരികര്‍മികളും കരുതിയിരിക്കുക. കുടം പൊട്ടി ആ ‘രക്ഷകന്‍’ ഏതു നിമിഷമാണ് ഉയരുക എന്നു പറഞ്ഞുകൂടാ. കേരളം അത്തരം പലേ നിമിത്തങ്ങള്‍ക്കും സാക്ഷ്യംവഹിച്ചിട്ടുണ്ട്. കഴുത്തറപ്പന്മാര്‍ ജാഗ്രതൈ എന്നേ ഓര്‍മിപ്പിക്കാനുള്ളൂ. $

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 323 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക