|    Oct 19 Fri, 2018 8:19 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഫൈവ് സ്റ്റാര്‍ ബാഴ്‌സ

Published : 21st December 2015 | Posted By: SMR

യോക്കോഹാമ (ജപ്പാന്‍): നിലവില്‍ ലോകത്തെ ഏറ്റവും മികച്ച ക്ലബ്ബ് തങ്ങള്‍ തന്നെയാണെന്ന് സ്പാനിഷ് അതികായന്‍മാരായ ബാഴ്‌സലോണ ഒരിക്കല്‍ കൂടി തെളിയിച്ചു. ഈ വര്‍ഷം അഞ്ച് കിരീടങ്ങള്‍ തികച്ച് 2015നെ ബാഴ്‌സ അവിസ്മരണീയമാക്കി. ഇന്നലെ ജപ്പാനില്‍ നടന്ന ഫിഫ ക്ലബ്ബ് ലോകകപ്പ് ഫുട്‌ബോളില്‍ കിരീടം ചൂടിയാണ് ബാഴ്‌സ 2015നെ സുവര്‍ണ വര്‍ഷങ്ങളിലൊന്നാക്കി മാറ്റിയത്.
നേരത്തെ യുവേഫ ചാംപ്യന്‍സ് ലീഗിലും യുവേഫ സൂപ്പര്‍ കപ്പിലും മുത്തമിട്ട ബാഴ്‌സ സ്പാനിഷ് ലീഗിലും സ്പാനിഷ് കിങ്‌സ് കപ്പിലും ചാംപ്യന്‍പട്ടം കൈക്കലാക്കിയിരുന്നു.
ഇന്നലെ നടന്ന കലാശപ്പോരാട്ടത്തില്‍ ലാറ്റിനമേരിക്കന്‍ ജേതാക്കളും അര്‍ജന്റീനയിലെ കരുത്തുറ്റ ടീമുമായ റിവര്‍പ്ലേറ്റിനെ യൂറോപ്യന്‍ ചാംപ്യന്‍മാരായ ബാഴ്‌സ തരിപ്പണമാക്കുകയായിരുന്നു. ഇരട്ട ഗോള്‍ നേടിയ ഉറുഗ്വേ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ലൂയിസ് സുവാറസിന്റെ മികവില്‍ എതിരില്ലാത്ത മൂന്നു ഗോളിനായിരുന്നു ബാഴ്‌സയുടെ വിജയം. അസുഖത്തെ തുടര്‍ന്ന് ടൂര്‍ണമെന്റിലെ സെമി ഫൈനലില്‍ കളിക്കാതിരുന്ന അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയാണ് ബാഴ്‌സയ്ക്കു വേണ്ടി നിറയൊഴിച്ച മറ്റൊരു താരം. 36ാം മിനിറ്റില്‍ മെസ്സിയാണ് ബാഴ്‌സയുടെ ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നീട് സെമി ഫൈനലില്‍ ഹാട്രിക്കുമായി മിന്നിയ സുവാറസിന്റെ ഈഴമായിരുന്നു. 49, 68 മിനിറ്റുകളില്‍ ബാഴ്‌സയ്ക്കു വേണ്ടി ലക്ഷ്യം കണ്ട സുവാറസ് തന്റെ മികച്ച വര്‍ഷമാണ് ഇതെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു.
ടൂര്‍ണമെന്റില്‍ ബാഴ്‌സയുടെ മൂന്നാം കിരീടം കൂടിയാണിത്. ഇതോടെ ക്ലബ്ബ് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടുന്ന ടീമെന്ന റെക്കോഡ് ബാഴ്‌സ തങ്ങളുടെ പേലില്‍ എഴുതി ചേര്‍ക്കുകയും ചെയ്തു. 2009, 2011 വര്‍ഷങ്ങളിലാണ് ബാഴ്‌സ ഇതിനു മുമ്പ് ക്ലബ്ബ് ലോകകപ്പില്‍ കിരീടം ചൂടിയത്. ക്ലബ്ബ് ലോകകപ്പിലും ഗോള്‍ നേടിയതോടെ മെസ്സി മറ്റൊരു അപൂര്‍വ്വ നേട്ടത്തിനും അര്‍ഹനായി.
2015ല്‍ ഏഴു വ്യത്യസ്ത ടൂര്‍ണമെന്റുകളില്‍ ഗോള്‍ നേടുന്ന താരമെന്ന നേട്ടമാണ് മെസ്സി സ്വന്തമാക്കിയത്. സ്പാനിഷ് ലീഗ്, കിങ്‌സ് കപ്പ്, യുവേഫ സൂപ്പര്‍ കപ്പ്, സ്പാനിഷ് സൂപ്പര്‍ കപ്പ്, യുവേഫ ചാംപ്യന്‍സ് ലീഗ്, കോപ അമേരിക്ക, ക്ലബ്ബ് ലോകകപ്പ് എന്നിവയിലാണ് മെസ്സി സ്‌കോര്‍ ചെയ്തത്.
മെസ്സിക്കൊപ്പം പരിക്കിനെ തുടര്‍ന്ന് സെമി ഫൈനലില്‍ കളിക്കാതിരുന്ന ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറും തിരിച്ചെത്തിയത് ബാഴ്‌സയ്ക്ക് ഇന്നലെ നേട്ടമായി. ഗോള്‍ നേടിയില്ലെങ്കിലും മെസ്സിക്കും സുവാറസിനും ഗോളിനുള്ള അവസരം ഒരുക്കി കൊടുത്ത് നെയ്മര്‍ തന്റെ കേളിമികവ് കളിക്കളത്തില്‍ ആവര്‍ത്തിച്ചു.
ലോകത്തെ ഏറ്റവും അപകടകാരികളായ മൂന്ന് സ്‌ട്രൈക്കര്‍മാര്‍ക്കെതിരേ പൊരുതി നില്‍ക്കാന്‍ റിവര്‍പ്ലേറ്റിനെ കഴിയാതെ പോവുകയായിരുന്നു. മല്‍സരത്തില്‍ പന്തടക്കത്തിലും ആക്രമണത്തിലും ലൂയിസ് എന്റ്‌റിക്വെ പരിശീലിപ്പിക്കുന്ന ബാഴ്‌സ മേധാവിത്വം നേടുകയായിരുന്നു. 64 ശതമാനം പന്ത് നിയന്ത്രിച്ച ബാഴ്‌സ ലക്ഷ്യത്തിലേക്ക് ഒമ്പത് തവണ ഗോള്‍ ശ്രമം നടത്തുകയും ചെയ്തു.
അതേസമയം, ലൂസേഴ്‌സ് ഫൈനലില്‍ ജപ്പാനീസ് ലീഗ് ചാംപ്യന്‍മാരായ സാന്‍ഫ്രെസ് ഹിരോഷിമ വെന്നിക്കൊടി നാട്ടി. ഏഷ്യന്‍ ചാംപ്യന്‍സ് ലീഗ് ജേതാക്കളും ചൈനീസ് ക്ലബ്ബുമായ ഗ്വാങ്ഷു എവര്‍ഗ്രാന്റെയെ 1-2ന് പരാജയപ്പെടുത്തിയാണ് ടൂര്‍ണമെന്റിലെ മൂന്നാം സ്ഥാനം സാന്‍ഫ്രെസ് കരസ്ഥമാക്കിയത്.
ഒരു ഗോളിന് പിന്നില്‍ നിന്നതിനു ശേഷമായിരുന്നു സാന്‍ഫ്രെസിന്റെ തിരിച്ചുവരവ്. ഇരട്ട ഗോള്‍ നേടിയ ഡഗ്ലസാണ് സാന്‍ഫ്രെസിന്റെ വിജയശില്‍പ്പി. ഗ്വാങ്ഷുവിന്റെ ആശ്വാസ ഗോള്‍ പൗലീഞ്ഞോയുടെ വകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss