|    Aug 15 Wed, 2018 12:15 pm
FLASH NEWS
Home   >  Sports  >  Football  >  

ഫൈനലില്‍ റഷ്യ അര്‍ജന്റീനയെ അട്ടിമറിക്കുമോ

Published : 7th August 2018 | Posted By: jaleel mv


വലന്‍സിയ: അന്താരാഷ്ട്ര അണ്ടര്‍ 20 കോട്ടിഫ് കപ്പിലെ ഫൈനലില്‍ ആറ് തവണ ലോക രാജാക്കന്‍മാരായ അര്‍ജന്റീനയും താരതമ്യേന ദുര്‍ബലരായ റഷ്യയും തമ്മില്‍ കൊമ്പുകോര്‍ക്കും. ഇന്ന് രാത്രിയാണ് മല്‍സരം. കരുത്തരായ അര്‍ജന്റീന ഉറുഗ്വായെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയപ്പോള്‍ വെനസ്വേലയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് റഷ്യയും അടിയറവ് പറയിച്ചു. നിശ്ചിത സമയത്തും അധിക സമയത്തും ഗോള്‍ രഹിതമായി നിന്നതോടെയാണ് അര്‍ജന്റീന-ഉറുഗ്വേ മല്‍സരം പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. പെനല്‍റ്റിയില്‍ നാല് കിക്കുകള്‍ പൂര്‍ത്തിയായപ്പോള്‍ അര്‍ജന്റീന 2-1 ന് മുന്നിലായിരുന്നു. അഞ്ചാം കിക്കെടുത്ത ഇന്റര്‍ താരം ഫാക്കുണ്ടോ കൊളിഡോ അര്‍ജന്റീനയ്ക്കായി മൂന്നാം ലക്ഷ്യവും കണ്ടതോടെ വിജയം അര്‍ജന്റീനയ്‌ക്കൊപ്പം നിന്നു. അര്‍ജന്റീനയ്ക്കായി ബലെര്‍ഡിയും മാറിനെല്ലിയും പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ചു. മറുപടിയില്‍ തോമസ് ചാക്കോനാണ് ഉറുഗ്വേ നിരയില്‍ ലക്ഷ്യം കണ്ട ഏക താരം. നേരത്തേ 30ാം മിനിറ്റില്‍ അര്‍ജന്റീനന്‍ താരം അയല ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായെങ്കിലും പിന്നീട് 10 പേരുമായി കളി മെനഞ്ഞ അര്‍ജന്റീനന്‍ പ്രതിരോധത്തെ തകര്‍ക്കാന്‍ ഉറുഗ്വേയ്ക്ക് കഴിഞ്ഞില്ല. ഗ്രൂപ്പ് എയില്‍ നാലു കളികളില്‍ നിന്ന് മൂന്നും ജയിച്ചാണ് അര്‍ജന്റീന പ്ലേ ഓഫില്‍ കടന്നത്. ഇതില്‍ ഇന്ത്യക്ക് മാത്രമാണ് അര്‍ജന്റീനന്‍ ടീമിനെ പരാജയപ്പെടുത്താനായത്. ആദ്യ പകുതിയിലെ എക്‌സ്ട്രാ ടൈമില്‍ മീക്കായില്‍ യാക്കോവ്‌ലേവും 69ാം മിനിറ്റില്‍ മാക്‌സിം ഗ്ലുശേന്‍കോവുമാണ് റഷ്യക്ക് ഗോള്‍ സമ്മാനിച്ച് ഫൈനല്‍ ടിക്കറ്റെടുപ്പിച്ചത്. ഗ്രൂപ്പ് ബിയില്‍ നാല് മല്‍സരങ്ങളില്‍ നിന്ന് അപരാജിതരായി മൂന്ന് ജയവും ഒരു സമനിലയും നേടി ഒന്നാം സ്ഥാനക്കാരായാണ് റഷ്യ പ്ലേ ഓഫിന് യോഗ്യത നേടിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss