|    Dec 17 Mon, 2018 11:25 pm
FLASH NEWS

ഫൈനലില്‍ എത്തുന്ന ചുണ്ടന്‍വള്ളങ്ങള്‍ക്ക് അഞ്ചുലക്ഷം

Published : 7th August 2016 | Posted By: SMR

ആലപ്പുഴ: അറുപത്തിനാലാമത് നെഹ്‌റു ട്രോഫി ജലോത്സവത്തോടനുബന്ധിച്ച് വിവിധവി ഭാഗങ്ങളിലുള്ള വള്ളങ്ങള്‍ക്ക് നല്‍കുന്ന ബോണസ് തുകയ്ക്ക് കളക്‌ട്രേറ്റില്‍ നടന്ന നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി ജനറല്‍ ബോഡി യോഗം അംഗീകാരം നല്‍കി. ജില്ലാ കളക്ടര്‍ ആര്‍ ഗിരിജ ആധ്യക്ഷ്യം വഹിച്ചു. ഫൈനലില്‍ എത്തുന്ന നാലുചുണ്ടന്‍ വള്ളങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ വീതം ബോണസ് ലഭിക്കും. ലൂസേഴ്‌സ് ഫൈനലില്‍ നാലു വള്ളങ്ങള്‍ക്ക് നാലുലക്ഷം രൂപവീതം ലഭിക്കും. രണ്ടാം ലൂസേഴ്‌സ് ഫൈനലിലെത്തുന്ന നാലുപേര്‍ക്ക് മൂന്നുലക്ഷം വീതവും മൂന്നാം ലൂസേഴ്‌സ് ഫൈനലിലെത്തുന്ന നാലുപേര്‍ക്ക് രണ്ടുലക്ഷം വീതവും ലഭിക്കും. നാലാം ലൂസേഴ്‌സ് ഫൈനലിലെത്തുന്ന നാലുപേര്‍ക്ക് രണ്ടുലക്ഷം രൂപ വീതവും പ്രദര്‍ശന മത്സരത്തില്‍ പങ്കെടുക്കുന്ന അഞ്ചു ചുണ്ടന്‍ വള്ളങ്ങള്‍ക്ക് 1,20,000 രൂപ വീതവും ലഭിക്കും. വെപ്പ് എ ഗ്രേഡ് വിഭാഗത്തിലുള്ള എട്ടു വള്ളങ്ങള്‍ക്ക് 1,10,000 രൂപ വീതവും വെപ്പ് ഗ്രേഡ് ബി വിഭാഗത്തിലുള്ള നാലു വള്ളങ്ങള്‍ക്ക് 80,000 രൂപ വീതവും ബോണസ് ലഭിക്കും.
ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തിലുള്ള അഞ്ചു വള്ളങ്ങള്‍ക്ക് 1,10,000 രൂപ വീതവും ഇരുട്ടുകുത്തി ഗ്രേഡ് ബി ഗ്രേഡ് വിഭാഗത്തിലുള്ള 16 വള്ളങ്ങള്‍ക്ക് 80,000 രൂപവീതവും ലഭിക്കും. മൂന്നു ചുരുളന്‍ വള്ളങ്ങള്‍ക്ക് 65,000 രൂപ വീതം ലഭിക്കും. തെക്കനോടി വനിതാ വിഭാഗത്തിലുള്ള അഞ്ചുവള്ളങ്ങള്‍ക്ക് 70,000 രൂപ വീതവും ലഭിക്കും.  ആകെ 1,05,75,000 രൂപയാണ് ബോണസ് തുകയായി നല്‍കുക.
നെഹ്‌റു ട്രോഫി ജലമേളയുടെ തത്സമയ ദൃശ്യങ്ങള്‍ ഇരുകരകളിലുമുള്ളവര്‍ക്ക് ദൃശ്യമാകത്തക്ക വിധം വലിയ എല്‍.ഇ.ഡി. സ്ഥാപിക്കും. ഇതുവഴി സ്റ്റാര്‍ട്ടിങ്ങും മറ്റും വീഡിയോയിലൂടെ കാണാനാവും. കൂടാതെ ഇത്തവണ ആദ്യമായി വിധി നിര്‍ണയത്തിന് സഹായകരമായ രീതിയില്‍  ഡിജിറ്റല്‍  ടൈമര്‍ സ്ഥാപിക്കും. നാലുട്രാക്കുകള്‍ക്കുള്ള നാലു  ജഡ്ജസിന് മുന്നിലാണ് ഡിജിറ്റല്‍ ടൈമര്‍ സ്ഥാപിക്കുക. ഇത് സ്റ്റാര്‍ട്ടിങ് ആരംഭിക്കുന്നതുമുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങും. ഫിനിഷ് ചെയ്യുന്നതോടെ ഓരോ ജഡ്ജിനും ഒറ്റ ബട്ടണ്‍ അമര്‍ത്തി പ്രവര്‍ത്തനം നിര്‍ത്താം. കുറേക്കൂടി കൃത്യതയോടെ ഫിനിഷിങ് സമയം നിര്‍ണയിക്കാന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രയോജനം. നിലവില്‍ സ്റ്റോപ്പ് വാച്ച് ഉപയോഗിച്ചുള്ള ഫിനിഷിങ് രേഖപ്പെടുത്തലും തുടരും. പുതിയ രീതി ഇപ്രാവശ്യം ഉപയോഗിക്കാന്‍ ജനറല്‍ ബോഡി യോഗം അംഗീകാരം നല്‍കി. മല്‍സരത്തില്‍ പങ്കെടുക്കുന്ന കായികതാരങ്ങളെ ശാരീരികമായി ഉപദ്രവിക്കുന്നവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കാന്‍ ജനറല്‍ ബോഡിയില്‍ നിര്‍ദ്ദേശം ഉയര്‍ന്നു. ഇതുസംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിക്ക് കത്ത് നല്‍കുമെന്ന് കളക്ടര്‍ അറിയിച്ചു. നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ്, മുന്‍ എംഎല്‍എമാരായ സി കെ സദാശിവന്‍, കെ കെ ഷാജു, എന്‍ടിബിആര്‍ സെക്രട്ടറിയും ആര്‍ഡിഒ.യുമായ എസ്. മുരളീധരന്‍പിള്ള, ഇന്‍ഫ്രാസ്‌ട്രെക്ചര്‍ കമ്മിറ്റി കണ്‍വീനറും എക്‌സിക്യൂട്ടീവ് എന്‍ജിനീയറുമായ ആര്‍ രേഖ,  ഡെപ്യൂട്ടി കളക്ടര്‍ എ സുബൈര്‍കുട്ടി  സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss