|    Oct 21 Sun, 2018 10:17 am
FLASH NEWS

ഫേസ്ബുക്ക്: സെന്‍സര്‍ഷിപ്പും മറ്റു ചില കാര്യങ്ങളും

Published : 29th September 2017 | Posted By: G.A.G

റഫീഖ് റമദാന്‍

നവസാമൂഹികമാധ്യമമായ ഫേസ്ബുക്ക് ഇന്ന് ലോകത്ത് 200 കോടിയിലധികമാളുകള്‍ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. 150 കോടി ആളുകള്‍ ദിനേന മൊബൈല്‍ ഫോണ്‍ വഴി മുഖപുസ്തകത്തിലെ സുഹൃത്തുക്കളുമായി സംവദിക്കുന്നു. 76 ശതമാനം സ്ത്രീകളും 66 ശതമാനം പുരുഷന്മാരും ഫേസ്ബുക്ക് ഉപയോഗിക്കുന്നു. ഇതില്‍ 83 കോടി പേരും വ്യാജ പ്രൊഫൈല്‍ വഴി ഇടപഴകുന്നവരാണ്!
മുഖപുസ്തകത്തിലേക്ക് ഒരു ദിവസം 30 കോടി ഫോട്ടോ അപ്‌ലോഡിങ് നടക്കുന്നു. ഒരാള്‍ ശരാശരി 20 മിനിറ്റ് ഫേസ്ബുക്കില്‍ ചെലവഴിക്കുന്നതായി കണക്കാക്കപ്പെടുന്നു. ഓരോ മിനിറ്റിലും 5,10,000 കമന്റുകള്‍ പോസ്റ്റ് ചെയ്യപ്പെടുകയും 2,93,000 സ്റ്റാറ്റസ് അപ്‌ഡേഷനും 1,36,000 ഫോട്ടോ അപ്‌ഡേഷനും നടക്കുന്നു. 500 കോടിയോളം പോസ്റ്റുകള്‍ ഓരോ ദിനവും ഷെയര്‍ ചെയ്യപ്പെടുകയും ചെയ്യുന്നു. 18നും 24നുമിടയില്‍ പ്രായമുള്ളവരില്‍ 50 ശതമാനവും ദിവസവും എഴുന്നേറ്റ ഉടന്‍ ഫേസ്ബുക്കിലേക്കു പോവുന്നു. ആഗോള മാര്‍ക്കറ്റിങ് കമ്പനികള്‍ പറയുന്നത് അവരുടെ ബിസിനസ്സിനെ ഈ മുഖപുസ്തകം സാരമായി ബാധിക്കുന്നുണ്ടെന്നാണ്. പരസ്യരംഗത്ത് അവഗണിക്കാനാവാത്ത ഒരു ശക്തിയായി ഫേസ്ബുക്ക് മാറിയിട്ടുണ്ട്. ഇന്റര്‍നെറ്റ് ഉപയോഗത്തിനു കൂടുതല്‍ പേരും മൊബൈല്‍ ഫോണിനെ ആശ്രയിച്ചുതുടങ്ങിയതോടെ വിശേഷിച്ചും.
13 വര്‍ഷം മുമ്പ്, 2004 ഫെബ്രുവരി 4ന് മാര്‍ക് സുക്കര്‍ബെര്‍ഗും നാലു സുഹൃത്തുക്കളും ചേര്‍ന്നു രൂപംനല്‍കിയ ഫേസ്ബുക്ക് എന്ന സാമൂഹികമാധ്യമം ഇന്ന് അനേക കോടികള്‍ വരുമാനമുള്ള ഒരു വ്യവസായമായി വളര്‍ന്നിരിക്കുന്നു. 2013ല്‍ 7.87 ബില്യണ്‍ യു.എസ്. ഡോളര്‍ വാര്‍ഷിക വരുമാനമുണ്ടായിരുന്ന ഫേസ്ബുക്കിന് 2016 ആയപ്പോഴേക്കും വരുമാനം 27.64 ബില്യണ്‍ ആയി വര്‍ധിച്ചു. 6500 കോടി ആസ്തിയുമുണ്ട്. 20,658 പേര്‍ക്ക് പ്രത്യക്ഷമായി ജോലി നല്‍കുന്ന ഈ സ്ഥാപനത്തിനു കീഴിലുള്ള വാട്‌സ് ആപ്, മെസ്സന്‍ജര്‍, ഇന്‍സ്റ്റഗ്രാം എന്നിവയും സമാന്തര ശക്തികളായിമാറിയിട്ടുണ്ട്.
ജനജീവിതത്തില്‍ ഇത്രയും സ്ഥാനമുള്ള ഒരു സാമൂഹിക മാധ്യമത്തിനു ലോകത്ത് വലിയ മാറ്റങ്ങളുണ്ടാക്കാന്‍ ശേഷിയുണ്ടാവുക സ്വാഭാവികം. മൂന്നാംലോക രാജ്യങ്ങളില്‍ പോലും ഫേസ്ബുക്ക് ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ഒരു ജീവന്‍ രക്ഷിക്കാനുള്ള യത്‌നത്തില്‍ ആയിരക്കണക്കിനു പേരെ ഒന്നിപ്പിക്കാന്‍ ഒരു ഫേസ്ബുക്ക് പോസ്റ്റിനു നിമിഷങ്ങള്‍ക്കുള്ളില്‍ സാധിക്കും. അതേപോലെ വ്യാജ ഫോട്ടോകളും വാര്‍ത്തകളും വഴി നാട്ടില്‍ കലാപമുണ്ടാക്കാനും ഇതുപോലൊരു മാധ്യമം ഉപയോഗിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഇതിനാല്‍ തന്നെ പല രാജ്യങ്ങളും ഫേസ്ബുക്ക് ഉപയോഗത്തിനു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ചൈനയും ഇറാനുമാണ് ഫേസ്ബുക്ക് ഉപയോഗത്തിനു കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഉത്തര കൊറിയയിലും ഫേസ്ബുക്കിനു നിയന്ത്രണമുണ്ട്. അവിടെ ഇന്റര്‍നെറ്റ് സൗകര്യം തന്നെ പരിമിതമാണ്. ബംഗ്ലാദേശിലും ഫേസ്ബുക്ക് ഏറെ കാലം നിരോധിക്കപ്പെട്ടിരുന്നു. ലോകത്ത് ഏറ്റവുമധികം ഇന്റര്‍നെറ്റ് ഉപഭോക്താക്കളുള്ള -7,310 ലക്ഷം- ചൈനയില്‍ 2009 മുതല്‍ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തിരിക്കുകയാണ്. ഈജിപ്തില്‍ 2011ല്‍ സര്‍ക്കാരിനെതിരായ ജനകീയ സമരം ശക്തമായപ്പോള്‍ ഫേസ്ബുക്കിനു നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. നമ്മുടെ രാജ്യത്ത് ആദ്യമായി ഫേസ്ബുക്കിനും ട്വിറ്ററിനും നിരോധനമുണ്ടായത് ഈ വര്‍ഷമാണ്. കശ്മീരില്‍. വിദ്യാര്‍ഥിയുവജനങ്ങളുടെ പ്രതിഷേധ സമരങ്ങള്‍ ശക്തമായ സമയത്ത്. ഇപ്പോഴും നിയന്ത്രണങ്ങളുണ്ട് അവിടെ.


സാമൂഹിക ഉത്തരവാദിത്തമുള്ള ഒരു വലിയ സ്ഥാപനമെന്ന നിലയില്‍ ഫേസ്ബുക്ക് കമ്പനി ഉപയോക്താക്കള്‍ക്ക് ശക്തമായ സെന്‍സറിങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജര്‍മനിയിലെ എസ്സനില്‍ 500 തൊഴിലാളികളോടു കൂടിയ ഒരു പുതിയ സെന്‍സര്‍ഷിപ്പ് കേന്ദ്രം തുടങ്ങുകയാണെന്നു കഴിഞ്ഞ മാസമാണ് ഫേസ്ബുക്ക് പ്രഖ്യാപിച്ചത്. ബെര്‍ലിനില്‍ ഇതുപോലൊന്ന് നിലവിലിരിക്കെയാണിത്.
ആളുകളുടെ തല വെട്ടുന്ന വീഡിയോകളും കുട്ടികളുടെ അശ്ലീല ചിത്രങ്ങളും എഡിറ്റ് ചെയ്തും അല്ലാതെയും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. അവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ നീക്കംചെയ്യാന്‍ ഫേസ്ബുക്കിനു സംവിധാനമുണ്ട്. കമ്മ്യൂണിറ്റി നിയന്ത്രണങ്ങള്‍ പാലിക്കാത്ത പോസ്റ്റുകളും ബ്ലോക്ക് ചെയ്യും.

പലപ്പോഴും മാസ് പെറ്റിഷനുകളെ (കൂട്ട നിവേദനങ്ങള്‍) ഇതിനായി ആശ്രയിക്കുന്നു. അതേസമയം തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത പോസ്റ്റുകളെയും വിമര്‍ശനങ്ങളെയും തടയാന്‍ പലരും മാസ് പെറ്റിഷനെ വ്യാപകമായി ഉപയോഗിക്കുന്നത് ഒരു പ്രശ്‌നമാണ്. നിയന്ത്രണങ്ങള്‍ പാലിക്കാതെ പോസ്റ്റിങ് നടത്തുന്നവരെ ബ്ലോക്ക് ചെയ്യാനും സംവിധാനമുണ്ട്. എന്നാലിവ ദുരുപയോഗം ചെയ്യുന്ന സംഭവങ്ങളും ഏറെയുണ്ട്. പ്രശസ്ത ഓസ്ട്രിയന്‍ എഴുത്തുകാരി സ്റ്റെഫാനി സര്‍നാഗലിനെ 30 ദിവസത്തേക്ക് ഫേസ്ബുക്കില്‍ നിന്നു ബ്ലോക്ക് ചെയ്ത സംഭവം ഉദാഹരണം. പരദേശിവിദ്വേഷത്തിനും വംശീയവാദത്തിനുമെതിരേ ഹാസ്യാത്മകമായി കമന്റ് ചെയ്തതായിരുന്നു സ്റ്റെഫാനി ചെയ്ത കുറ്റം! അവരുടെ പ്രൊഫൈലിനെതിരേ തീവ്ര വലതുപക്ഷ വര്‍ഗീയവാദികള്‍ കടുത്ത ആക്രമണമാണ് അഴിച്ചുവിട്ടത്. അവര്‍ നല്‍കിയ മാസ് പെറ്റിഷനാണ് ഫേസ്ബുക്ക് സെന്‍സര്‍മാര്‍ പരിഗണിച്ചത്.

ശരിതെറ്റുകള്‍ക്കപ്പുറം ആര്‍ക്കെതിരേ കൂട്ടപരാതി വരുന്നു എന്നതുമാത്രം പരിഗണിക്കുന്നുവെന്നത് ഫേസ്ബുക്കിലെ ‘ദുര്‍ബലവിഭാഗങ്ങള്‍’ നേരിടുന്ന വലിയൊരു പ്രതിസന്ധിയാണ്. ബെര്‍ലിനിലെ ബ്ലോഗറായ ജോര്‍ജ് കെന്റലിനും സമാനമായ അനുഭവമുണ്ടായി. ജി-20 ഉച്ചകോടിയോടനുബന്ധിച്ചു നടന്ന അക്രമസംഭവങ്ങള്‍ക്കെതിരേ എഴുതിയ പോസ്റ്റ് ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യുകയായിരുന്നുവത്രേ.
സര്‍ക്കാരിനും സെലിബ്രിറ്റികള്‍ക്കുമെതിരായ വാര്‍ത്തകളും വീഡിയോകളും നിഷ്‌കരുണം ഡിലീറ്റ് ചെയ്യുന്ന നിലപാടിനെതിരേ വിമര്‍ശനങ്ങളുണ്ടെങ്കിലും അക്രമം, ക്രൂരമായ കൊലപാതകം, അപമാനകരമായവ പോലുള്ളവ പോസ്റ്റിയതു കണ്ടാല്‍ ഉടന്‍ നീക്കംചെയ്യാന്‍ തൊഴിലാളികള്‍ക്ക് ഫേസ്ബുക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ട്രംപിനെ ആരോ ചിലര്‍ വെടിവച്ചു കൊന്നു എന്ന് ഒരാള്‍ പോസ്റ്റിയെന്നിരിക്കട്ടെ, ആ പോസ്റ്റ് ഉടന്‍ നീക്കം ചെയ്തിരിക്കും. കാരണമത് വലിയ അനുരണനമാണുണ്ടാക്കുക. ഭരണാധികാരി എന്ന നിലയില്‍ ട്രംപും മോദിയുമെല്ലാം ‘സംരക്ഷിത വിഭാഗ’ത്തിലാണ് പെടുക. വന്‍കിട കോര്‍പറേറ്റ് കമ്പനികളും സര്‍ക്കാരുകളും തമ്മിലുള്ള ബാന്ധവമാണിതു കാണിക്കുന്നതെന്നു വിമര്‍ശകര്‍ പറയുന്നു.
നിലവില്‍ 7,500 സെന്‍സര്‍ഷിപ്പ് കേന്ദ്രങ്ങള്‍ ലോകമെങ്ങുമായി ഫേസ്ബുക്ക് കമ്പനിക്കുണ്ട്. ഇതില്‍ 15 ശതമാനവും ജര്‍മനിയിലാണ്. യു.എസിലെ ഫെഡറല്‍ പാര്‍ലമെന്റ് പാസാക്കിയ നെറ്റ്‌വര്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് നിയമമനുസരിച്ചു ഫേസ്ബുക്ക് നിയമാവലി പാലിക്കാത്ത കമന്റുകളും പോസ്റ്റുകളും 24 മണിക്കൂറിനകം നീക്കം ചെയ്യാനും 590 ലക്ഷം യു.എസ് ഡോളര്‍ വരെ പിഴ ചുമത്താനും ഫേസ്ബുക്കിന് അധികാരമുണ്ട്. ഇത് ഒരു കോടതിയിലും ചോദ്യംചെയ്യാനാവില്ല. ഗൂഗിളും ഇതുപോലെ ചില നിയന്ത്രണങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്.
ചൈനയിലെ ഇന്റര്‍നെറ്റ് ഉപഭോക്താക്കളെ രാജ്യത്തിന്റെ നിയന്ത്രണങ്ങളില്‍ നിന്നു രക്ഷപ്പെടുത്തുന്ന വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്കുകളെ (വി.പി.എന്‍) അടിച്ചമര്‍ത്താന്‍ അമേരിക്കന്‍ സഹകരണത്തോടെ ചൈനീസ് ഭരണകൂടം നടപടികളാരംഭിച്ചിട്ടുണ്ട്. 2018ഓടെ വി.പി.എന്നുകളെ സ്വീകരിക്കുന്നതിന് കടുത്ത നിയന്ത്രണം കൊണ്ടുവരാന്‍ രാജ്യത്തെ വാര്‍ത്താവിനിമയ കമ്പനികളോട് ചൈനീസ് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. വി.പി.എന്‍ വഴി, ചൈനയില്‍ നിരോധിക്കപ്പെട്ടതും യു.എസില്‍ നിരോധനമില്ലാത്തതുമായ വെബ്‌സൈറ്റുകള്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് ലഭ്യമാവും എന്നതിനാലാണിത്. ചൈനയിലെ ഗ്രേറ്റ് വാള്‍ ഇന്റര്‍നെറ്റ് ഫയര്‍വാളറിയാതെ അവിടെ ഇന്റര്‍നെറ്റ് ഉപയോഗം സാധ്യമല്ല. തായ്‌ലന്‍ഡിലും ഭരണകൂട വിമര്‍ശകരുടെ പോസ്റ്റുകള്‍ക്ക് കടുത്ത നിയന്ത്രണങ്ങളുണ്ട്. ചൈനയില്‍ പ്രവേശനം കാത്തുകഴിയുകയാണ് ഫേസ്ബുക്ക്.
ഇന്ത്യയില്‍ പശുമോഷ്ടാക്കളെന്ന് ആരോപിച്ച് ദലിതുകളെയും മുസ്‌ലിംകളെയും ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവങ്ങളില്‍ ഫേസ്ബുക്കിനു കീഴിലുള്ള വാട്‌സ് ആപ്പിനുള്ള പങ്ക് വലുതാണെന്നു നമുക്കറിയാം. വാര്‍ത്തയിലെ സത്യമെന്ത് എന്നന്വേഷിക്കാതെ ആ വാര്‍ത്ത വായിച്ച ഗ്രൂപ്പ് അംഗങ്ങളും നാട്ടുകാരും ഓടിച്ചെന്നു കിട്ടിയ ആയുധങ്ങളുമായി പാവം മനുഷ്യരെ തല്ലിക്കൊല്ലുന്നു. ഈ വിധത്തില്‍ വ്യാജ വാര്‍ത്തകള്‍ പോസ്റ്റുന്നതിനും ഷെയര്‍ ചെയ്യുന്നതിനും നിയന്ത്രണമുണ്ടാവാതിരിക്കുവോളം കലാപങ്ങള്‍ തുടരുകയും ആള്‍ക്കൂട്ടം ഉന്മാദം കൊള്ളുകയും ചെയ്യും.
വ്യാജ വാര്‍ത്തകള്‍ വര്‍ധിച്ചുവരുകയും ഭീകരവാദി സംഘടനകള്‍ ആളുകളെ റിക്രൂട്ട് ചെയ്യുന്നതിന് ഫേസ്ബുക്കിനെ ഉപയോഗിക്കുന്നുണ്ടെന്ന ഉല്‍ക്കണ്ഠ വ്യാപകമാവുകയും ചെയ്ത ഇക്കാലത്ത് ഇതിനെ പ്രതിരോധിക്കാനായി ഫേസ്ബുക്ക് കമ്പനി നൂറുകണക്കിന് നിയമങ്ങളും എന്തെല്ലാം പാടുണ്ട്, പാടില്ല എന്നീ കാര്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും ഇതെല്ലാം ചിലരുടെ കാര്യത്തിലേ പാലിക്കപ്പെടുന്നുള്ളൂവെന്ന് വാള്‍ സ്ട്രീറ്റ് ജേണലിന്റെ മുന്‍ റിപോര്‍ട്ടര്‍ ജൂലിയ ആന്‍ഗ്വിന്‍ രണ്ടു സംഭവങ്ങളെ ഉദ്ധരിച്ച് ചൂണ്ടിക്കാട്ടുന്നു.
ഇക്കഴിഞ്ഞ ജൂണ്‍ മാസമാദ്യം ലണ്ടനില്‍ നടന്ന ഭീകരാക്രമണം ഓര്‍മയില്ലേ? ആ സമയം ഒരു യു.എസ് കോണ്‍ഗ്രസ് അംഗമായ റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ ക്ലേ ഹിഗ്ഗിന്‍സ് ഫേസ്ബുക്കിലൂടെ റാഡിക്കലൈസ്ഡ് മുസ്‌ലിംകളെ കശാപ്പുചെയ്യാന്‍ ആഹ്വാനം ചെയ്തു. അദ്ദേഹം കുറിച്ചത് ഇങ്ങനെയായിരുന്നു: ”അവരെ വേട്ടയാടുക, കണ്ടെത്തുക, കൊന്നുകളയുക. എല്ലാറ്റിനെയും കൊന്നേക്കുക.”
സാധാരണഗതിയില്‍ ഇത്തരം വയലന്‍സ് നിറഞ്ഞ ആക്രോശം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ഇത്തരം ആക്രമണോല്‍സുക പോസ്റ്റുകള്‍ കണ്ടെത്തി ശുദ്ധീകരിക്കാന്‍ നിയോഗിക്കപ്പെട്ട ഫേസ്ബുക്ക് ജീവനക്കാര്‍ ആ പോസ്റ്റ് നീക്കം ചെയ്യും. എന്നാല്‍, അതുണ്ടായില്ല! അതേസമയം, വെളുത്തവരെല്ലാം വംശീയവിരോധികളാണെന്ന ദിദി ദെല്‍ഗാഡോ എന്ന ബോസ്റ്റന്‍ കവിയുടെ പോസ്റ്റ് ഉടന്‍ ഫേസ്ബുക്ക് അധികൃതര്‍ നീക്കം ചെയ്യുകയും ഏഴു ദിവസത്തേക്ക് അവരുടെ അക്കൗണ്ട് നിര്‍ജീവമാക്കുകയും ചെയ്തു. ഈ രീതിയില്‍ വര്‍ണപരവും-മുതലാളിത്തപരവുമായ താല്‍പ്പര്യങ്ങള്‍ ഫേസ്ബുക്ക് സംരക്ഷിക്കുന്നുണ്ടെന്നതു നിഷേധിക്കാനാവില്ല. ഗൂഗിളും നിരവധി ഇടതുപക്ഷ പുരോഗമന ചിന്താഗതിയുള്ള സംഘടനകളെ കരിമ്പട്ടികയില്‍പ്പെടുത്തിയതായി ആരോപണമുണ്ട്. ട്രംപ് ഭരണകൂടം രാഷ്ട്രീയ എതിരാളികളുടെ ഇന്റര്‍നെറ്റ് വിവരങ്ങള്‍ ചോര്‍ത്തുന്ന വാര്‍ത്തയും ഇതോടു ചേര്‍ത്തുവായിക്കാം.
13 ലക്ഷം പേരുടെ സ്വകാര്യ ഇന്റര്‍നെറ്റ് റെക്കോഡുകള്‍ നല്‍കാനാണ് ട്രംപ് സര്‍ക്കാര്‍ ഗൂഗിളിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ട്രംപിനെതിരേ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചതിനോടനുബന്ധിച്ചാണ് റശൃൌുഷേ20.ീൃഴ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചവരുടെ ഇ-മെയില്‍ വിലാസവും മറ്റു വിവരങ്ങളും ട്രംപ് തേടിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss