|    Mar 24 Sat, 2018 4:09 am
FLASH NEWS
Home   >  Editpage  >  Middlepiece  >  

ഫേസ്ബുക്ക് പോസ്റ്റില്‍ ഒതുങ്ങുന്ന പൗരബോധം

Published : 23rd September 2016 | Posted By: SMR

slug-madhyamargamകേരളത്തിന്റെ പൗരബോധം പല ഘട്ടങ്ങളിലും ഉയര്‍ച്ചതാഴ്ചകളെ നേരിട്ടിട്ടുണ്ട്. കൂട്ടുകുടുംബ സമ്പ്രദായം തകരുകയും അണുകുടുംബ വ്യവസ്ഥ വ്യാപകമാവുകയും ചെയ്തതോടെ മലയാളികളുടെ പൗരബോധം ഉയര്‍ത്താന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അയല്‍പക്ക സംഘടനകളും റസിഡന്‍സ് അസോസിയേഷനുകളും ഇക്കാര്യത്തില്‍ നിര്‍ണായകമായ പങ്കാണു വഹിക്കുന്നത്. പൗരബോധമുയര്‍ത്താന്‍ സര്‍ക്കാരിന്റെ മിഷനറികള്‍ തന്നെ എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിക്കുന്നുണ്ട്.
മാധ്യമങ്ങള്‍, വിശിഷ്യാ ചാനലുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഓവര്‍ടൈം പ്രവര്‍ത്തനം ആരെയും അദ്ഭുതപ്പെടുത്തും. സ്‌കൂളുകളിലും കോളജുകളിലും എവിടെ നോക്കിയാലും പൗരബോധം ഉയര്‍ത്താനുള്ള ഉപദേശനിര്‍ദേശങ്ങളാണ്. മാലിന്യം മുതല്‍ പട്ടി വധം വരെ പൗരബോധത്തിന്റെ വരുതിയിലാണ്. എന്നാല്‍, സമീപകാലത്ത് നമ്മുടെ പൗരബോധം കുത്തനെ ഉയര്‍ന്നത് പെണ്ണുങ്ങളുടെ പേരിലാണെന്ന കാര്യം മറക്കരുത്. സ്ത്രീകള്‍ക്കു നേരെ ഉണ്ടാവുന്ന ചെറിയ സംഭവങ്ങള്‍പോലും വലിയ സംഭവങ്ങളായി രാഷ്ട്രീയ വിവാദങ്ങളുമാവുന്നു. സോളാര്‍ താരം സരിത എസ് നായര്‍ വിഷയം മാധ്യമങ്ങള്‍ മാത്രമല്ല, ജനങ്ങളാകെ നന്നായി ആഘോഷിച്ചുവല്ലോ. സൗമ്യ സംഭവത്തില്‍ പൊട്ടിക്കരയാത്തവര്‍ ഉണ്ടാവില്ല. ഗോവിന്ദച്ചാമിയെ നേരിട്ടു കണ്ടാല്‍ ജീവനെടുക്കാന്‍ തക്ക രോഷം മലയാളികള്‍ക്ക് അന്നും ഇന്നും ഉണ്ട്. ചാമിയെ മാത്രമല്ല, അയാളുടെ വക്കീല്‍ ആളൂരിനെ കണ്ടാലും മുഖത്ത് കാര്‍ക്കിച്ചു തുപ്പാന്‍ മിക്കവര്‍ക്കും മടിയില്ല. സൗമ്യ കൊലക്കേസിനു ശേഷം തീവണ്ടി സുരക്ഷയെക്കുറിച്ച് നിരവധി വാഗ്ദാനങ്ങള്‍ ലഭിച്ചിരുന്നു. അതൊന്നും നടന്നില്ല. വീണ്ടുമൊരു ഗോവിന്ദച്ചാമിയുടെ അക്രമം അറിയുമ്പോള്‍ വാഗ്ദാന കടലാസുകള്‍ പൊടിതട്ടിയെടുക്കാവുന്നതാണ്.
ജിഷ വധക്കേസ് പൗരബോധം നന്നായി ഉയര്‍ത്താന്‍ പോന്നതാണെന്ന് ഏവരും കരുതി. ഒരു യുവതിക്ക് ഒറ്റയ്ക്ക് ഒരു വീട്ടില്‍ കഴിയാന്‍ നിവൃത്തിയില്ലാത്ത അവസ്ഥ. അവിടെ അയല്‍വാസികളുടെ പൗരബോധവും ശ്രദ്ധക്കുറവുകളും തലനാരിഴകീറി പരിശോധിക്കപ്പെട്ടു.
സ്ത്രീകള്‍ക്കു നേരെ നടമാടിയ പീഡനങ്ങളും കൊലപാതകങ്ങളും രാഷ്ട്രീയക്കാര്‍ക്ക് വലിയൊരു അനുഗ്രഹവുമായി. ഇന്നത്തെ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് ഈ വിഷയങ്ങള്‍ വലിയ പങ്ക് വഹിക്കുകയും ചെയ്തു. ജിഷ കൊല്ലപ്പെട്ടപ്പോള്‍ ഒത്തമുകളിലെത്തിയ മലയാളികളുടെ പൗരബോധം തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ പൊടുന്നനെ താഴേക്ക് പോയതായാണ് അനുഭവം. ഇപ്പോള്‍ ‘ബോധ’ത്തിന്റെ അവസ്ഥ നിന്നേടത്ത് ഒറ്റനില്‍പ്പാണ്. സമൂഹ മാധ്യമങ്ങളില്‍ തകര്‍ന്നാടിനില്‍ക്കുകയാണ്. എവിടെയെങ്കിലും ഒരു സംഭവമുണ്ടായെന്ന് ആരെങ്കിലും എപ്പോഴെങ്കിലും പറയുന്നതു കേട്ടാല്‍ ഫേസ്ബുക്കും വാട്‌സ്ആപ്പും ട്വിറ്ററും ചലിക്കാന്‍ തുടങ്ങുകയായി. പൗരബോധമുള്ളവര്‍ പോസ്റ്റിട്ട് കൃതകൃത്യരാവുന്നു. ബുക്കിലും ആപ്പിലും ബോധം നിന്നു തിളയ്ക്കുന്ന വര്‍ണശബളമായ കാഴ്ചകള്‍! പൗരബോധം തുള്ളിത്തുളുമ്പുന്ന ഈ പോസ്റ്റുകള്‍ക്ക് സത്യവുമായി ബന്ധമുണ്ടോ എന്നത് നോക്കുന്നവര്‍ അന്വേഷിക്കുകയും വേണം. പോസ്റ്റ് ഇടുന്നതു മാത്രമാണ് ഇടുന്നവന്റെ ജോലി. അത് അന്വേഷിക്കലും ഇടപെടലും ഒക്കെ മറ്റുള്ളവന്റെ ജോലി. സൗജന്യമായി പോസ്റ്റ് കിട്ടിയാല്‍ പിന്നെ ഷെയര്‍ ചെയ്യാനുള്ള തിടുക്കമായി. മണിക്കൂറുകളും ദിവസങ്ങളും ചെലവഴിക്കുന്ന പോസ്റ്റ് അഭ്യാസം!
പൗരബോധം പോസ്റ്റിലൂടെ വൈറലാവുന്ന സന്ദര്‍ഭത്തിലാണ് കടയ്ക്കലില്‍ ബോധത്തിന് അല്‍പം വീഴ്ചയുണ്ടായത്. ഭരണത്തിലിരിക്കുന്നവര്‍ക്ക് വമ്പന്‍ സ്വാധീനമുള്ള പ്രദേശമായതിനാല്‍ ബോധക്കുറവ് വരാന്‍ ഒരു സാധ്യതയും കാണുന്നില്ല. തിരുവോണമാണു പറ്റിച്ചത്. ആഘോഷലഹരിക്കിടയില്‍ പൗരന്മാര്‍ ബോധം മറക്കുന്നത് സ്വാഭാവികമല്ലേ? ദുരന്തങ്ങളും പീഡനങ്ങളും പോലുള്ള ചീത്ത കാര്യങ്ങള്‍ തിരുവോണനാളില്‍ വന്നാല്‍ ആരെയും കുറ്റംപറഞ്ഞിട്ട് കാര്യമില്ല. മഹാജനങ്ങള്‍ക്കു കൂടി സൗകര്യപ്പെട്ട ദിവസം പീഡനത്തിനു തിരഞ്ഞെടുക്കേണ്ടത് സാമാന്യ മര്യാദ മാത്രമാണ്.
കാന്‍സര്‍രോഗം ബാധിച്ച് 90 കഴിഞ്ഞ, വടി കുത്തിപ്പിടിച്ച് കൂനിക്കൂനി നടക്കുന്ന വല്യമ്മയ്ക്കാണ് കടയ്ക്കലില്‍ തിരുവോണദിവസം പീഡനമേറ്റത്. അയല്‍വാസിയായ ഒരു മനുഷ്യമൃഗം വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന് അമ്മയെ കീഴ്‌പ്പെടുത്തി ആക്രമിച്ചു. അമ്മ തന്നെ നടന്നത് നടന്നതുപോലെ പറയുമ്പോള്‍ ഫേസ്ബുക്ക് പോസ്റ്റുകളെ ആശ്രയിക്കേണ്ടിവരുന്നില്ല! സംഭവം പുറംലോകം അറിഞ്ഞതോടെ പൗരബോധം തിളച്ചുമറിഞ്ഞു. വൃദ്ധയെ പീഡിപ്പിച്ചോ ഇല്ലയോ എന്നതായിരുന്നു മുഖ്യ ചര്‍ച്ചാവിഷയം. 90 പിന്നിട്ടാല്‍ ഓര്‍മശക്തി നഷ്ടപ്പെടില്ലേ എന്ന വിഷയത്തിലും ചര്‍ച്ചകള്‍ ഉണ്ടായത്രെ! അമ്മയെ പീഡിപ്പിച്ച വാര്‍ത്തയ്ക്ക് അല്‍പായുസ്സു മാത്രം. പെട്ടെന്നു പ്രതി കോണ്‍ഗ്രസ്സുകാരനാണെന്ന വാര്‍ത്ത മേല്‍ക്കൈ നേടി. അമ്മയുടെ ദേഹത്ത് നഖപ്പാട് ഉണ്ടോ എന്ന് അന്വേഷിക്കാന്‍ ഖദര്‍ധാരികള്‍ കൂട്ടമായി എത്തി. പാട് ഇല്ലെന്നു മനസ്സിലായപ്പോള്‍ പീഡനം നടന്നില്ലെന്ന് കോണ്‍ഗ്രസ്സുകാര്‍ വിലയിരുത്തി. അവരത് വെട്ടിത്തുറന്നു പറഞ്ഞു. പ്രതി കോണ്‍ഗ്രസ്സാണെങ്കില്‍ കമ്മ്യൂണിസ്റ്റുകള്‍ ഇളകിമറിയുമെന്ന് പൗരബോധം കൂടിയ ചിലര്‍ ധരിച്ചു. കാരണം, ഭരണക്കാരുടെ ശക്തികേന്ദ്രത്തിലാണ് പീഡനം നടന്നത്. സഖാവ് പിണറായി വിജയന്റെ സര്‍ക്കാരിനു കുറച്ചിലുണ്ടാക്കുമെന്നു കരുതി അവരൊക്കെ പീഡനം പൗരബോധത്തിന്റെ മറയില്‍ മൂടിവച്ചു.
കാന്‍സര്‍രോഗിണിയായ ഈ അമ്മ ഉന്തിയാല്‍ തുറക്കുന്ന വാതിലുകളുള്ള ചെറിയൊരു വീട്ടില്‍ ഒറ്റയ്ക്ക് കഴിയുകയായിരുന്നു. അവരെ സഹായിക്കാനാരുമുണ്ടായില്ല. സര്‍ക്കാരിന്റെ വാര്‍ധക്യകാല പെന്‍ഷന്‍ പ്രതിമാസം 1,000 രൂപ  മാത്രമാണ് ഏകവരുമാനം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss