|    Oct 20 Sat, 2018 11:58 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഫെയര്‍നെസ് ക്രീമുകള്‍ക്കെതിരേ കേന്ദ്രം നടപടി തുടങ്ങി

Published : 15th August 2016 | Posted By: SMR

ന്യൂഡല്‍ഹി: ഫെയര്‍നെസ് ക്രീമുകളെ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി രാജ്യത്ത് വിറ്റഴിക്കപ്പെടുന്ന ഫെയര്‍നെസ് ക്രീമുകളില്‍ ശരീരത്തിന് ഹാനികരമാവുന്ന വസ്തുക്കളുണ്ടോയെന്ന് പരിശോധിക്കാന്‍ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ നടപടി തുടങ്ങി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കി കമ്പനികള്‍ രാജ്യത്ത് വന്‍തോതില്‍ ഫെയര്‍നെസ് ക്രീമുകള്‍ വിറ്റഴിക്കുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഫെയര്‍നെസ് ക്രീമുകളെ നിയന്ത്രിക്കണമെന്ന ആവശ്യം പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനത്തിലും ഉയര്‍ന്നിരുന്നു. ശരീരത്തിന് ഹാനികരമാവുന്ന കോര്‍ട്ടികോസ്‌റ്റെറോയ്‌ഡെന്ന ഹോര്‍മോണിന്റെ സാന്നിധ്യം ഈ ക്രീമുകളിലുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. ഫെയര്‍നെസ് ക്രീമുകളെ പൂര്‍ണമായും നിരോധിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ ത്വഗ്‌രോഗ വിദഗ്ധര്‍, ലൈംഗികരോഗ വിദഗ്ധര്‍, കുഷ്ഠരോഗ വിദഗ്ധര്‍ എന്നിവരുടെ സംഘനകള്‍ സംയുക്തമായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് നിവേദനം നല്‍കിയിരുന്നു. ഡോക്ടറുടെ നിര്‍ദേശമില്ലാത്ത ഇത്തരം ക്രീമുകള്‍ വിറ്റഴിക്കപ്പെടുന്ന സാഹചര്യമുണ്ടെന്നും ഇത് ഗൗരവകരമായ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്ത് വിറ്റഴിക്കപ്പെടുന്ന ഫെയര്‍നെസ് ക്രീമുകളിലെല്ലാം കോര്‍ട്ടികോസ്‌റ്റെറോയ്ഡ് ഉപയോഗിക്കുന്നുണ്ട്. മുഖചര്‍മ്മം ചുവപ്പിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ക്കും സമാനമായ പ്രശ്‌നമുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മുഖത്തെ രോമവളര്‍ച്ച തടയുക, മിനുസമുള്ളതാക്കുക തുടങ്ങിയവയ്ക്കായുള്ള രാസവസ്തുക്കളിലും അപകടകരമായ വസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഫെയര്‍നെസ് ക്രീമുകളുണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഫാര്‍മാകോ വിജിലന്‍സ് പ്രോഗ്രാം ഓഫ് ഇന്ത്യ പ്രത്യേക പഠനം നടത്തും. 1940ലെ ഡ്രഗ് കോസ്‌മെറ്റിക്‌സ് നിയമത്തില്‍ തൊലിവെളുപ്പിനെ വ്യക്തമായി നിര്‍വചിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ തടയുന്നതിന് കടുത്ത നിയമങ്ങള്‍ കൊണ്ടുവരാനാണ് പദ്ധതി തയ്യാറാക്കുന്നത്. നിലവിലുള്ള നിയമത്തില്‍ അതിനായുള്ള ദേദഗതികള്‍ കൊണ്ടുവരുമെന്നും ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഡോ. ജി എന്‍ സിങ് അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss