|    Jan 22 Sun, 2017 9:44 pm
FLASH NEWS

ഫെഡറല്‍ സംവിധാനത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു

Published : 17th December 2015 | Posted By: SMR

ഒരിക്കല്‍ ‘കൂട്ടിലിട്ട തത്ത’യെന്നു സുപ്രിംകോടതി വിശേഷിപ്പിച്ച സിബിഐ ഭരണഘടനാപരവും നിയമപരവുമായ മര്യാദകള്‍ മുഴുവന്‍ പിച്ചിച്ചീന്തിക്കൊണ്ടാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഓഫിസ് റെയ്ഡ് ചെയ്തതും അത് സീല്‍ വച്ചതും. സ്വാഭാവികമായും എന്‍ഡിഎ ഘടകകക്ഷികള്‍ ഒഴിച്ചു ബാക്കി എല്ലാ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളും സിബിഐ നടപടിക്കെതിരേ രംഗത്തുവന്നിട്ടുണ്ട്.
ഐഎഎസ് ഉദ്യോഗസ്ഥനായ രാജേന്ദ്രകുമാറിന്റെ പേരില്‍ മുമ്പെങ്ങോ എടുത്ത ഒരു അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് തങ്ങള്‍ ഡല്‍ഹി സെക്രട്ടേറിയറ്റില്‍ ചെന്നതെന്നും രാജേന്ദ്രകുമാറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു ഉദ്ദേശ്യമെന്നും സിബിഐ പറയുന്നുണ്ട്. എന്നാല്‍, ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ മേധാവിയായിരുന്ന കാലത്ത് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നടത്തിയെന്നു പറയപ്പെടുന്ന തട്ടിപ്പു സംബന്ധിച്ച ഫയലുകള്‍ കൈക്കലാക്കാനാണ് സിബിഐ ഉദ്യോഗസ്ഥര്‍ തന്റെ ഓഫിസില്‍ അതിക്രമിച്ചുകയറിയതെന്നാണ് കെജ്‌രിവാള്‍ പ്രതികരിക്കുന്നത്.
ആം ആദ്മി പാര്‍ട്ടി അധികാരമേറിയ നാള്‍ തൊട്ടു കേന്ദ്ര ഗവണ്‍മെന്റും ഡല്‍ഹി ഭരണകൂടവും നടത്തിക്കൊണ്ടിരിക്കുന്ന നിഴല്‍യുദ്ധത്തിന്റെ ഭാഗമാണീ റെയ്ഡ് എന്നു കരുതുന്നതിലാണ് കൂടുതല്‍ യുക്തി. തലസ്ഥാനനഗരി കൂടിയായതിനാല്‍ ഡല്‍ഹിയിലെ ക്രമസമാധാനം ആഭ്യന്തരവകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്തമായ ഈ സംവിധാനം വ്യത്യസ്ത കക്ഷികള്‍ ഭരിക്കുമ്പോള്‍ മിക്കപ്പോഴും സംഘര്‍ഷമുളവാക്കുന്നു. ഡല്‍ഹിയിലെ ലഫ്. ഗവര്‍ണര്‍ നജീബ് ജംഗും കെജ്‌രിവാളും തമ്മില്‍ ഉദ്യോഗസ്ഥന്മാരെ സ്ഥലം മാറ്റുന്ന വിഷയത്തില്‍ ഉണ്ടായ കലഹത്തിനു കാരണം അധികാരം ഉപയോഗിക്കുന്നതിലുള്ള അഭിപ്രായവ്യത്യാസമായിരുന്നു.
ആഭ്യന്തരവകുപ്പിന്റെ കീഴിലായതിനാല്‍ സിബിഐ അടക്കമുള്ള അന്വേഷണവിഭാഗങ്ങള്‍ അധികാരപ്രമത്തത കാണിക്കുന്നതിന്റെ ധാരാളം ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും. തീവ്രവാദവും ഭീകരതയും അടിച്ചമര്‍ത്താന്‍ എന്ന പേരില്‍ ഡല്‍ഹി പോലിസ് നടത്തിയ പ്രകടമായ നിയമലംഘനങ്ങള്‍ കേന്ദ്രഭരണകൂടത്തിന്റെ പിന്തുണയോടെ നടന്നതാണ്. സിബിഐയാവട്ടെ പലപ്പോഴും രാഷ്ട്രീയകാരണങ്ങളാല്‍ ചില കേസുകള്‍ അന്വേഷിക്കുന്നതില്‍ അമിതാവേശം കാണിക്കുകയും ചെയ്യാറുണ്ട്. യുപിഎ ഭരണകാലത്തുണ്ടായ വലിയ അഴിമതിക്കേസുകളില്‍ സിബിഐ സ്വീകരിച്ച നടപടികള്‍ പലതും വേണ്ടത്ര സുതാര്യമല്ലെന്ന പരാതിയുയര്‍ന്നിരുന്നു.
ഡല്‍ഹി സെക്രട്ടേറിയറ്റില്‍ നടന്ന സിബിഐ റെയ്ഡ് രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്ന ആരോപണം കഴമ്പുള്ളതാണ്. കേരള ഹൗസ് കാന്റീനില്‍ മാട്ടിറച്ചിയുടെ മണം പിടിക്കാന്‍ ഡല്‍ഹി പോലിസിലെ ഒരു സംഘം എത്തിയത് വിവാദമായിരുന്നു. രാഷ്ട്രീയവൈരം തീര്‍ക്കാനും ജനശ്രദ്ധ തിരിച്ചുവിടാനും കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നതു ശരിയല്ല. ഡല്‍ഹി സംസ്ഥാനവും കേന്ദ്ര ഗവണ്‍മെന്റും തമ്മിലുള്ള ഭരണഘടനാപരമായ വടംവലി എത്രയും വേഗം അവസാനിപ്പിക്കുന്നത് ഇരുകൂട്ടര്‍ക്കും ഗുണം ചെയ്യും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 80 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക