|    May 20 Sun, 2018 7:52 pm
FLASH NEWS
Home   >  Editpage  >  Editorial  >  

ഫെഡറല്‍ ജനാധിപത്യത്തെതകര്‍ക്കുന്ന പദ്ധതി

Published : 6th January 2017 | Posted By: fsq

രാജ്യത്തെ ജനാധിപത്യത്തിന്റെ നിലനില്‍പ് തിരഞ്ഞെടുപ്പ് പ്രക്രിയ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. അധികാരം കൈയില്‍ കിട്ടിയ സ്ഥിതിക്ക് തിരഞ്ഞെടുപ്പുകള്‍ എങ്ങനെ അട്ടിമറിക്കാം എന്ന ചിന്ത തലസ്ഥാനത്തെ ചില ബുദ്ധികേന്ദ്രങ്ങളില്‍ കലശലായിരിക്കുന്നു. ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിനെ പറ്റി പലവട്ടമായി പ്രധാനമന്ത്രി പറഞ്ഞുകഴിഞ്ഞു. ഇന്ത്യന്‍ ജനാധിപത്യമെന്നത് ഒരു ചെറുസംഘത്തിന്റെ ഇഷ്ടപ്രകാരം അങ്ങോട്ടുമിങ്ങോട്ടും ആട്ടിക്കളിക്കാനുള്ള ഊഞ്ഞാലല്ല. എല്ലാ തിരഞ്ഞെടുപ്പുകളും ഒരേസമയത്ത് നടത്തണമെന്ന് വാശിപിടിക്കുന്നതിന്റെ പിന്നില്‍ മറ്റു പല ലക്ഷ്യങ്ങളും കാണും. 2019ല്‍ ലോക്‌സഭയുടെ കാലാവധി അവസാനിക്കുമ്പോള്‍ 2014ല്‍ അധികാരമേല്‍ക്കുമ്പോഴുള്ള അനുകൂല സാഹചര്യമല്ല നരേന്ദ്രമോദിക്കും ബിജെപിക്കും ഇപ്പോഴുള്ളത്. തികച്ചും പ്രതികൂല കാലാവസ്ഥ തരണം ചെയ്യാന്‍ വഴികാണാതെ ഉഴലുമ്പോള്‍ ഇത്തരം ചെയ്തികളൊക്കെ തികട്ടിവരുക സ്വാഭാവികം. നോട്ട് അസാധുവാക്കല്‍ എന്ന നടപടി അങ്ങനെയുണ്ടായതാണ്.2019ല്‍ തിരഞ്ഞെടുപ്പ് ഒന്നിച്ചു നടത്തണമെങ്കില്‍ മിസോറാം, കര്‍ണാടക, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ നിയമസഭകളുടെ കാലാവധി ആറുമാസം നീട്ടണം. ഡല്‍ഹി, ജാര്‍ഖണ്ഡ് നിയമസഭകളുടെ കാലാവധി വെട്ടിച്ചുരുക്കുകയും വേണം. കേരളം, ബിഹാര്‍, പശ്ചിമബംഗാള്‍ എന്നിവയുടെ കാലാവധി 2021നാണ് തീരുക. അവര്‍ക്ക് മുഴുവന്‍ കാലവും ഭരിക്കാനാവില്ല. എന്നാല്‍, പിന്നെ ഇതിനൊക്കെ പകരമായി 2017ല്‍ എല്ലാ തിരഞ്ഞെടുപ്പുകളും ഒരുമിച്ചു നടത്താന്‍ പാര്‍ലമെന്റ് പിരിച്ചുവിടുകയെന്ന തീരുമാനത്തിന് നരേന്ദ്രമോദി ഒരിക്കലും തയ്യാറാവുകയില്ലെന്ന് എല്ലാവര്‍ക്കുമറിയാം. അപ്പോള്‍ പിന്നെ ജനപ്രീതി ഒട്ടും ഇല്ലാതായിക്കഴിഞ്ഞ, സ്വന്തം പ്രതിച്ഛായ നഷ്ടപ്പെട്ടുകഴിഞ്ഞ, നോട്ട് അസാധുവാക്കലിലൂടെ ജനശത്രുവായി മാറിക്കഴിഞ്ഞ മോദിയും സംഘവും തങ്ങളുടെ പാളിച്ചകളും വീഴ്ചകളും മറപ്പിക്കാനായി ഇറക്കുന്ന പലതരം വിദ്യകളുടെ ഭാഗമായി മാത്രമേ ഈ ഭരണഘടനാവിരുദ്ധ സമീപനത്തെയും കാണാനാവുകയുള്ളൂ. ഒരേസമയത്ത് എല്ലാ തിരഞ്ഞെടുപ്പുകളും നടത്തുമ്പോള്‍ വ്യക്തികേന്ദ്രീകൃതമായ പ്രചാരണം എളുപ്പമാവും ഇലക്‌ട്രോണിക്-സാമൂഹികമാധ്യമങ്ങള്‍ ആര് നിയന്ത്രിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാവും വോട്ടര്‍മാര്‍ പ്രതികരിക്കുക. പ്രാദേശിക, ചെറുകിട പാര്‍ട്ടികള്‍ക്കു മേല്‍ ദേശീയ പാര്‍ട്ടികളുടെ മേധാവിത്വം അടിച്ചേല്‍പിക്കുക എളുപ്പമാവും. ഓരോ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനും ഭരിക്കാന്‍ ഭരണഘടന നല്‍കുന്ന കാലാവധിയാണ് അഞ്ചുവര്‍ഷം. അതു കൂട്ടുന്നതും കുറയ്ക്കുന്നതും ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നതിനു തുല്യമാണ്. സംസ്ഥാനങ്ങളുടെ കാലാവധിക്കു മേലുള്ള കൈയേറ്റം ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കം കൂടിയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss