|    Nov 13 Tue, 2018 11:03 am
FLASH NEWS
Home   >  Editpage  >  Editorial  >  

ഫെഡറലിസത്തിന്റെ ചൈതന്യം വീണ്ടെടുക്കണം

Published : 3rd May 2018 | Posted By: kasim kzm

രാജ്യത്തിന്റെ ഫെഡറല്‍ ഘടനയ്ക്ക് ആഘാതം ഏല്‍പിക്കുന്ന നടപടികള്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നുവെന്ന ആക്ഷേപം പുതിയതല്ല. രാഷ്ട്രത്തിന്റെ വിഭവങ്ങള്‍ വീതംവയ്ക്കുന്നിടത്ത് ഉത്തരേന്ത്യന്‍ സര്‍വാധിപത്യമാണ് പലപ്പോഴും പ്രകടമാവാറുള്ളത്. വടക്കുകിഴക്കന്‍-തെന്നിന്ത്യന്‍ സംസ്ഥാനങ്ങളോട് ചിറ്റമ്മനയം കൈക്കൊള്ളുന്ന രീതി പണ്ടേ ന്യൂഡല്‍ഹിക്ക് ഉണ്ടായിരുന്നുവെന്നത് അവിതര്‍ക്കിതമാണ്. അധികാര കേന്ദ്രീകരണത്തിലേക്കും ഏകാധിപത്യ പ്രവണതകളിലേക്കും രാജ്യത്തെ കൂട്ടിക്കൊണ്ടുപോവുന്ന പ്രക്രിയക്ക്   നേതൃത്വം കൊടുക്കുന്ന ഹിന്ദുത്വ വലതുപക്ഷം ഭരണം കൈയാളുമ്പോള്‍, ഫെഡറലിസത്തിനു നേരെ ഉയരുന്ന ചെറുവെല്ലുവിളികള്‍ പോലും വലിയ അപായസൂചനകളാണ്.
ധനകാര്യ കമ്മീഷനെ മുന്‍നിര്‍ത്തി സംസ്ഥാനങ്ങളുടെ സാമ്പത്തിക നയരൂപീകരണത്തില്‍ ഇടപെടാനുള്ള കേന്ദ്രനീക്കത്തിനെതിരേ കഴിഞ്ഞ മാസം 10നു തിരുവനന്തപുരത്ത് ചേര്‍ന്ന ദക്ഷിണേന്ത്യന്‍ ധനമന്ത്രിമാരുടെ യോഗം ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി. തമിഴ്‌നാടും തെലങ്കാനയും ഒഴികെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ യോഗത്തില്‍ സംബന്ധിച്ചിരുന്നു. ധനകാര്യ കമ്മീഷന്റെ മാനദണ്ഡങ്ങള്‍ കേന്ദ്രം പുനപ്പരിശോധിക്കാന്‍ തയ്യാറാവാത്ത സാഹചര്യത്തില്‍ രാഷ്ട്രപതിയെ സമീപിക്കണമെന്ന തീരുമാനമാണ് യോഗത്തില്‍ ഉണ്ടായത്. തുടര്‍ചര്‍ച്ചകള്‍ക്കായി മെയ് മാസത്തില്‍ വിശാഖപട്ടണത്ത് യോഗം ചേരാനും ധാരണയിലെത്തിയിരുന്നു.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ഈ നീക്കത്തിനു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയുമുണ്ട്. അടുത്ത യോഗത്തില്‍ ബിജെപി ഇതരര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ഭരണഘടനയുടെ 263ാം അനുച്ഛേദപ്രകാരം നിലവില്‍ വന്ന അന്തര്‍സംസ്ഥാന കൗണ്‍സില്‍, ഫെഡറലിസത്തിന്റെ അന്തസ്സത്ത പരിരക്ഷിക്കുന്നതില്‍ നിര്‍ണായക ഘടകമാവേണ്ട വേദിയാണെങ്കിലും ഫലത്തില്‍ അത് നിര്‍ജീവമാണ്. പ്രധാനമന്ത്രി ചെയര്‍മാനും ആറു കേന്ദ്രമന്ത്രിമാരും എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാരും അംഗങ്ങളുമായി 2017 നവംബറില്‍ ഈ വേദി പുനസ്സംഘടിപ്പിച്ചെങ്കിലും ഇപ്പോഴും പ്രവര്‍ത്തനക്ഷമമായിട്ടില്ല.
കേന്ദ്രഭരണത്തിനു നേതൃത്വം കൊടുക്കുന്ന ബിജെപിക്ക് ഇത്തരം കാര്യങ്ങളില്‍ താല്‍പര്യമുണ്ടാവാനിടയില്ല. ദേശീയതലത്തിലുള്ള ചെറുകക്ഷികളും പ്രാദേശിക പാര്‍ട്ടികളുമാണ് ഫെഡറല്‍ ഘടനയെ ശക്തിപ്പെടുത്താന്‍ മുന്‍കൈയെടുക്കേണ്ടത്. 1960കളിലും 70കളിലും ഫെഡറലിസവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രാദേശിക കക്ഷികള്‍ കൈകോര്‍ത്ത അനുഭവം നമ്മുടെ മുന്നിലുണ്ട്. പഞ്ചാബിലെ ശിരോമണി അകാലിദളിന്റെയും തമിഴ്‌നാട്ടിലെ ഡിഎംകെയുടെയും നേതാക്കളായ ഗുര്‍ണാംസിങും കരുണാനിധിയും തമ്മിലുള്ള ഉറച്ച സൗഹൃദം അതിന്റെ ഫലമായിരുന്നു. 2019ലെ പൊതുതിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരായ ഐക്യശ്രമം ഫെഡറലിസത്തിന്റെ ചൈതന്യം വീണ്ടെടുക്കാന്‍ സാധ്യമാവുന്ന തരത്തിലുള്ളതായി മാറേണ്ടതുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss