|    Nov 14 Wed, 2018 7:36 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

ഫെഡറലിസത്തിന്റെ അന്ത്യം

Published : 2nd July 2018 | Posted By: kasim kzm

ബാബുരാജ്  ബി  എസ്
ഏകദേശ കണക്കു വച്ച് വിദ്യാര്‍ഥികളുടെ കാര്യത്തില്‍ ചൈനയും അമേരിക്കയും കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഉന്നതവിദ്യാഭ്യാസത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന രാജ്യമാണ് ഇന്ത്യ. വിദ്യാഭ്യാസത്തെ ഒരു കച്ചവടമായി കാണുകയാണെങ്കില്‍ ഈ വിഷയത്തില്‍ ലോകെത്ത മൂന്നാമത്തെ ഏറ്റവും വലിയ മാര്‍ക്കറ്റ്. അതല്ല, ഒരു ബാധ്യതയായി കാണുകയാണെങ്കില്‍ ലോകത്തെ മൂന്നാമത്തെ വലിയ ബാധ്യതയും. ഇവ രണ്ടും പരസ്പരവിരുദ്ധമാണെന്നു തോന്നാമെങ്കിലും അവ രണ്ടും അത്രമേല്‍ വൈരുദ്ധ്യത്തിലല്ല; മറിച്ച് പൂരകങ്ങളാണുതാനും. കാരണം, ആധുനിക യുഗത്തില്‍ ബാധ്യതകള്‍ സാധ്യതകള്‍ കൂടിയാണ്.
ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ നയരൂപീകരണം ഈ രണ്ടു സവിശേഷതകള്‍ക്കിടയിലാണ് പ്രവര്‍ത്തിക്കുന്നത്. യുജിസിയെ പിരിച്ചുവിടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനവും ഈ സമീപനത്തിന്റെ പ്രതിഫലനമാണ്. യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷനെ പിരിച്ചുവിട്ട് തല്‍സ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ രൂപീകരിക്കാനാണ് ആലോചന. നിയമത്തിന്റെ കരട് ‘ഹയര്‍ എജ്യൂക്കേഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (യുജിസി നിയമം റദ്ദാക്കല്‍) 2018’ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. പുതിയ നിയമത്തെ കുറിച്ചുള്ള പ്രതികരണം അറിയിക്കാന്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ഈ നിയമം ഏതൊക്കെ തരത്തില്‍ നമ്മുടെ ഉന്നത വിദ്യാഭ്യാസമേഖലയെ ബാധിക്കുമെന്ന പരിശോധന പ്രധാനമാണ്. അതിനു മുമ്പ് യുജിസി രൂപീകരിക്കപ്പെട്ടതിന്റെ ചരിത്രത്തിലൂടെ കടന്നുപോവുന്നത് ഉചിതമായിരിക്കും.
1956ല്‍ പാര്‍ലമെന്റ് പാസാക്കിയ ഒരു നിയമത്തോടെയാണ് യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന് തുടക്കം കുറിക്കുന്നതെങ്കിലും അതിന്റെ ആദ്യരൂപത്തിനു കൊളോണിയല്‍ കാലത്തോളം പഴക്കമുണ്ട്. 1823ല്‍ ബോംബെയില്‍ ലഫ്റ്റനന്റ് ഗവര്‍ണറായിരുന്ന എല്‍ഫിന്‍സ്റ്റണ്‍ പ്രഭുവാണ് ‘യൂറോപ്യന്‍ ശാസ്ത്രം’ പഠിപ്പിക്കുന്നതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ ആദ്യ ഭരണാധികാരികളിലൊരാള്‍. ഇതിന്റെ ചുവടുപിടിച്ചാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കാനും അത്തരം സ്ഥാപനങ്ങള്‍ക്ക് പണം നല്‍കാനുമായി ഇംഗ്ലീഷ് എജ്യൂക്കേഷന്‍ ആക്റ്റ്-1835 പാസാക്കുന്നത്. പിന്നീട് ഇംഗ്ലീഷിനു പുറമേ പ്രാദേശിക ഭാഷകളും വിജ്ഞാനവും വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കി.
തുടര്‍ന്ന് കല്‍ക്കത്ത, ബോംബെ, മദ്രാസ് സര്‍വകലാശാലകള്‍ സ്ഥാപിക്കപ്പെട്ടു. ഈ മൂന്നു സ്ഥാപനങ്ങളെയും നിയന്ത്രിക്കാനും അവയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാനുമായി 1925ല്‍ ഒരു ഇന്റര്‍ യൂനിവേഴ്‌സിറ്റി ബോര്‍ഡ് സ്ഥാപിച്ചു. 1944ലാണ് അടുത്ത നീക്കം. വിദ്യാഭ്യാസം സൗജന്യമാക്കാനും ഉന്നതവിദ്യാഭ്യാസരംഗത്തെ നിയന്ത്രിക്കാനുമായി ഒരു സെന്‍ട്രല്‍ അഡൈ്വസറി ബോര്‍ഡ് ഓഫ് എജ്യൂക്കേഷന്‍ രൂപീകരിക്കപ്പെട്ടു. ഈ സെന്‍ട്രല്‍ അഡൈ്വസറി ബോര്‍ഡ് 1945ല്‍ യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷനെന്ന പേരില്‍ (ഇന്നു നിലവിലുള്ള യുജിസിയല്ല) പ്രവര്‍ത്തനം തുടങ്ങി. അലിഗഡ്, ബനാറസ്, ഡല്‍ഹി സര്‍വകലാശാലകളെ നിയന്ത്രിക്കുകയായിരുന്നു കര്‍ത്തവ്യം. 1947ല്‍ പ്രവര്‍ത്തനം മറ്റു യൂനിവേഴ്‌സിറ്റികളിലേക്കും വ്യാപിപ്പിച്ചു.
സ്വാതന്ത്ര്യാനന്തരം ഡോ. എസ് രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ യൂനിവേഴ്‌സിറ്റി എജ്യൂക്കേഷന്‍ കമ്മീഷന്‍ രൂപീകരിക്കപ്പെട്ടു. ആ കമ്മീഷനാണ് ബ്രിട്ടനിലെ യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്റെ മാതൃകയില്‍ ഒരു സംവിധാനം ഇന്ത്യയിലും വേണമെന്ന് അഭിപ്രായപ്പെട്ടത്. 1952ല്‍ സര്‍വകലാശാലകള്‍ക്കും കോളജുകള്‍ക്കും പണം അനുവദിക്കാനുള്ള അധികാരം ഗവണ്‍മെന്റ് യുജിസിക്കു നല്‍കി.
1953 ഡിസംബറില്‍ അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന മൗലാനാ അബ്ദുല്‍ കലാം ആസാദ്, രാധാകൃഷ്ണന്‍ കമ്മീഷന്‍ നിര്‍ദേശിച്ച പ്രകാരമുള്ള യുജിസി ഉദ്ഘാടനം ചെയ്തു. അത് ഇന്നു കാണുന്ന രൂപത്തില്‍ നിയമപരമായ ബോഡിയായി മാറിയത് 1956ല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച നിയമത്തിലൂടെയാണ്. യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ ആക്റ്റ് 1956 എന്ന ഈ നിയമം മൂലം സ്ഥാപിതമായ യുജിസിയാണ് പില്‍ക്കാലത്ത് ഇന്ത്യന്‍ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ചുക്കാന്‍ പിടിച്ചത്. യുജിസി പിരിച്ചുവിടുന്നതോടെ ഇല്ലാതാവുന്നത് സ്വാതന്ത്ര്യാനന്തരം നാം പിന്തുടര്‍ന്നുവരുന്ന വിദ്യാഭ്യാസത്തെ സംബന്ധിച്ച സങ്കല്‍പങ്ങള്‍ തന്നെയാണ്.
സ്വാതന്ത്ര്യത്തിനു ശേഷം തൊണ്ണൂറുകള്‍ വരെ നമ്മുടെ സമ്പദ്‌വ്യവസ്ഥയില്‍ ഘടനാപരമായി കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിരുന്നില്ല. തീര്‍ച്ചയായും കൊളോണിയല്‍ താല്‍പര്യങ്ങളുടെ കുറിപ്പടി പ്രകാരമാണ് അവയൊക്കെ കെട്ടിപ്പടുത്തതെങ്കിലും അതിനിടയിലും ജനോപകാരപ്രദമായ ചില ഘടകങ്ങള്‍ അവയില്‍ ഉള്‍ച്ചേര്‍ന്നിരുന്നു. യുജിസിയുടെ ഘടനയും അതു മുന്നോട്ടുവച്ച സങ്കല്‍പങ്ങളും അതിന് അനുയോജ്യവുമായിരുന്നു. ദീര്‍ഘകാലം അസമമായ വികസനപ്രക്രിയക്ക് വിധേയമായ ഒരു രാജ്യത്തെ ആ അസമാവസ്ഥ കണക്കിലെടുത്ത് മുന്നോട്ടുനയിക്കുകയായിരുന്നു സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. പുരോഗതിയുടെ കാര്യത്തില്‍ വിവിധ പ്രദേശങ്ങള്‍ തമ്മിലും ജാതികള്‍ തമ്മിലും മതങ്ങള്‍ തമ്മിലുമുള്ള അന്തരം കുറയ്ക്കുകയായിരുന്നു ഏതു രംഗത്തുമുള്ള വികസന പ്രവര്‍ത്തനങ്ങളുടെയും മുഖ്യ അജണ്ട.
ഉന്നത വിദ്യാഭ്യാസ മേഖലയിലും ഈ കാഴ്ചപ്പാട് പ്രതിഫലിച്ചു. ഓരോ പ്രദേശത്തിന്റെയും ആവശ്യങ്ങളും പിന്നാക്കാവസ്ഥയും ജനസംഖ്യയും സാമൂഹിക-ചരിത്ര സാഹചര്യങ്ങളും ഒക്കെ പരിഗണിച്ചുകൊണ്ടാണ് ഉന്നതവിദ്യാഭ്യാസ മേഖലയിലെ മുഖ്യ നയരൂപീകരണ-ഫണ്ടിങ് ഏജന്‍സിയായ യുജിസി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ കുപ്രസിദ്ധമായ ചുവപ്പുനാടയും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും ജാതിക്കുശുമ്പും സ്വജനപക്ഷപാതവും തീര്‍ച്ചയായും യുജിസിയെയും ബാധിച്ചിരുന്നു. എങ്കിലും ഏറക്കുറേ രാജ്യത്തെ ഉന്നത വിദ്യാഭ്യാസരംഗത്തെ വിദ്യാഭ്യാസ വിദഗ്ധരും മറ്റും നേതൃത്വം നല്‍കുന്ന യുജിസി മുക്കിയും മൂളിയുമൊക്കെയാണെങ്കിലും മുന്നോട്ടു നയിച്ചു.
അടവുശിഷ്ട പ്രതിസന്ധിയുടെ അകമ്പടിയോടെ വന്ന തൊണ്ണൂറുകളില്‍ ഇതിനു വലിയ മാറ്റമുണ്ടായി. ലൈസന്‍സ് രാജിനെക്കുറിച്ചുള്ള രോദനങ്ങള്‍ നാം കേള്‍ക്കാന്‍ തുടങ്ങി. അധികാരികളും ഉദ്യോഗസ്ഥരും പരസ്പര സഹവര്‍ത്തിത്വത്തോടെ കെട്ടിപ്പടുത്തതായിരുന്നു ലൈസന്‍സ് രാജെന്ന സത്യം തല്‍ക്കാലത്തേക്ക് അവര്‍ മറന്നതായി നടിച്ചു. നവലിബറല്‍ വികസനമായിരുന്നു ഇത്തവണ അവരുടെ മുദ്രാവാക്യം.
അവര്‍ തന്നെ പാടിപ്പുകഴ്ത്തിയിരുന്ന ്‌ക്ഷേമരാഷ്ട്ര സങ്കല്‍പങ്ങള്‍ പഴഞ്ചനായി കരുതപ്പെട്ടു. വിദ്യാഭ്യാസം, ആരോഗ്യം പോലുള്ള മേഖലയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങാന്‍ തുടങ്ങി. ജനങ്ങളുടെ സര്‍വതോമുഖമായ പുരോഗതി വിപണിയുടെ ചുമതലയായി. വികസനം എന്നായിരുന്നു അവര്‍ അതിനിട്ട പേര്. അതു സാധിക്കാന്‍ സര്‍ക്കാരിന് ഒരേയൊരു കാര്യമേ ചെയ്യാനുള്ളൂ: വിപണിക്കു മേലുള്ള എല്ലാ നിയന്ത്രണങ്ങളും ഇല്ലാതാക്കുക, വികസനത്തിന്റെ കെട്ടഴിച്ചുവിടുക! യുജിസിയുടെ കാറ്റൂതിവിട്ടുകൊണ്ട് മോദി സര്‍ക്കാര്‍ ചെയ്തിരിക്കുന്നതും അതാണ്.
അതേസമയം, യുജിസിയുടെ മരണം യാദൃച്ഛികമായിരുന്നില്ല. ഘട്ടംഘട്ടമായി നടന്ന ഒരു പ്രക്രിയയായിരുന്നു അത്. വിദ്യാഭ്യാസ കച്ചവടക്കാരുടെയും കോര്‍പറേറ്റുകളുടെയും താല്‍പര്യപ്രകാരം വിദ്യാഭ്യാസ മേഖലയെ ഉടച്ചുവാര്‍ക്കാന്‍ മുന്‍കാല സര്‍ക്കാരുകള്‍ ധാരാളം കമ്മീഷനുകളെയും കമ്മിറ്റികളെയും നിയമിച്ചിരുന്നു. യുജിസിയുടെ പ്രവര്‍ത്തനത്തെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് ഈ കമ്മിറ്റികള്‍ പുറത്തിറക്കിയ റിപോര്‍ട്ടുകള്‍ പല ഘട്ടങ്ങളിലായി പല നിര്‍ദേശങ്ങളും മുന്നോട്ടുവച്ചു. ചിലതെല്ലാം നടപ്പാക്കപ്പെട്ടു. പ്രതിഷേധത്തെ തുടര്‍ന്ന് ചിലത് ഉപേക്ഷിച്ചു. പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടും നടപ്പാക്കപ്പെട്ട അത്തരമൊരു നിര്‍ദേശമായിരുന്നു ‘റൂസ’ പദ്ധതി. മറ്റൊന്നാണ് ‘നാക്.’
ഉന്നത വിദ്യാഭ്യാസരംഗത്തെ ഉടച്ചുവാര്‍ക്കാനും കാലത്തിനു യോജിച്ചതാക്കാനും ഉദ്ദേശിച്ചുകൊണ്ട് ഇന്‍ഫോസിസ് ചെയര്‍മാന്‍ നാരായണ മൂര്‍ത്തി അധിപനായി രണ്ടാം യുപിഎ സര്‍ക്കാര്‍ ഒരു കമ്മിറ്റിക്കു രൂപം നല്‍കി. പൊതുമേഖലയിലുള്ള സ്ഥാപനങ്ങളെ പൊതു-സ്വകാര്യ പങ്കാളിത്തത്തിലേക്കു മാറ്റാനും വയബിലിറ്റി ഗ്യാപ് ഫണ്ടിങ് എന്ന ഓമനപ്പേരില്‍ അനുവദിക്കുന്ന ഗ്രാന്റിലൂടെ സ്വകാര്യ മേഖലയെ ശക്തിപ്പെടുത്താനും കമ്മിറ്റി ശുപാര്‍ശ ചെയ്തു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പെര്‍ഫോമന്‍സിന്റെ അടിസ്ഥാനത്തില്‍ ഫണ്ട് അനുവദിക്കുകയെന്ന കാഴ്ചപ്പാടിനു രൂപം നല്‍കിയെന്നതാണ് ശുപാര്‍ശകളില്‍ ഏറ്റവും മാരകം. ആ നിര്‍ദേശമാണ് പിന്നീട് റൂസ (രാഷ്ട്രീയ ഉച്ചതര്‍ ശിക്ഷാ അഭിയാന്‍) ആയി അവതരിച്ചത്.
പാര്‍ലമെന്റ് പാസാക്കിയ നിയമത്തിലൂടെ സ്ഥാപിക്കപ്പെട്ട യുജിസിയുടെ ഏറ്റവും പ്രധാന ചുമതലയായ ധനവിതരണത്തിന്റെ ഒരു ഭാഗം അതോടെ കേന്ദ്ര മാനവവിഭവശേഷി വകുപ്പിനു കീഴിലുള്ള റൂസയിലേക്കു മാറി. അതും വെറും സര്‍ക്കാര്‍ ഉത്തരവിന്റെ ബലത്തില്‍. രാജ്യത്തിന്റെ ഓരോ പ്രദേശത്തിന്റെയും താല്‍പര്യങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും അനുസരിച്ച് രൂപം നല്‍കേണ്ട നയങ്ങളെ തങ്ങളുടെ താല്‍പര്യങ്ങള്‍ അനുസരിച്ച് നിയന്ത്രിക്കാനുള്ള അവസരമാണ് റൂസയിലൂടെ കേന്ദ്ര സര്‍ക്കാരിനു ലഭിച്ചത്. നഗരകേന്ദ്രിതമായ ഒരു വിദ്യാഭ്യാസ സങ്കല്‍പമാണ് ഇതിനു പിന്നിലെന്ന് പരിശോധിച്ചാല്‍ ബോധ്യപ്പെടും. ഒപ്പം ആസൂത്രണത്തിന്റെ പ്രഭവകേന്ദ്രമായി കേന്ദ്ര സര്‍ക്കാരിനെ കണക്കാക്കുകയും ചെയ്യുന്നു. യുജിസിയെ മറികടക്കാനുള്ള പ്രധാന നീക്കങ്ങളിലൊന്നായി റൂസ പദ്ധതിയെ കണക്കാക്കാം. ആ അര്‍ഥത്തില്‍ നേരത്തേ ഊര്‍ധ്വന്‍ വലിച്ചുതുടങ്ങിയ യുജിസിയുടെ ഔപചാരികമായ മരണമാണ് പുതിയ നിയമനിര്‍മാണത്തിലൂടെ നടക്കാന്‍ പോകുന്നത്.
യുജിസിയും പകരം സ്ഥാപിക്കപ്പെടുന്ന ഉന്നത വിദ്യാഭ്യാസ കമ്മീഷനും തമ്മിലുള്ള ചില പ്രധാന വ്യത്യാസങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. യുജിസി ഒരേസമയം ധനവിതരണ ഏജന്‍സിയും നയരൂപീകരണ ഏജന്‍സിയും ആയിരുന്നെങ്കില്‍ പുതുതായി രൂപം കൊള്ളുന്ന കമ്മീഷനു നയരൂപീകരണ അധികാരം മാത്രമേയുള്ളൂ. മുന്‍കാലത്ത് യുജിസി നിയമത്തിന്റെ ഒരു പ്രത്യേക ഉപവകുപ്പില്‍ പെടാത്ത ചില ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ മാത്രമേ റൂസ ഫണ്ടിങിന്റെ പരിധിയില്‍ ഉണ്ടായിരുന്നുള്ളൂ. മറ്റെല്ലാം യുജിസിയുടെത്തന്നെ ചുമതലയിലായിരുന്നു.
പുതിയ നിയമം അനുസരിച്ച് മുഴുവന്‍ ധനവിതരണവും മാനവവിഭവശേഷി വകുപ്പിലേക്കും അതുവഴി കേന്ദ്രത്തിലേക്കും മാറുകയാണ്. അതിനു വേണ്ടി പുതിയ സംവിധാനം ഏര്‍പ്പെടുത്തുമോ എന്ന കാര്യം കരടുരേഖയിലില്ല. നയരൂപീകരണ-ധനവിതരണ കേന്ദ്രങ്ങള്‍ക്കിടയിലുള്ള ഈ വിടവ് അക്കാദമിക താല്‍പര്യങ്ങള്‍ക്ക് ദോഷകരമാകും. ആരാണോ ധനവിതരണം നിര്‍വഹിക്കുന്നത്, അവരായിരിക്കും യഥാര്‍ഥ അധികാര കേന്ദ്രമെന്ന കാര്യത്തില്‍ സംശയമില്ല. നയരൂപീകരണം നടത്തുമെന്ന് നിയമം വിഭാവന ചെയ്യുന്ന ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ ഒരു നോക്കുകുത്തി മാത്രമാകുമെന്നതാണ് ഇതിന്റെ ഫലം. ചുരുക്കത്തില്‍, വിദ്യാഭ്യാസ മേഖലയിലെ മുഴുവന്‍ അധികാരവും കേന്ദ്ര സര്‍ക്കാരില്‍ നിക്ഷിപ്തമാകും.
നിലവില്‍ വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റിലാണ് ഉള്‍പ്പെടുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കൂടെ ചുമതലയിലുള്ള വിദ്യാഭ്യാസ നയരൂപീകരണത്തെ ധനവിതരണ അധികാരം ഉപയോഗപ്പെടുത്തി നിയന്ത്രിക്കാനുള്ള അവസരം ഈ നിയമം കേന്ദ്രത്തിനു നല്‍കുന്നു. ഭരണഘടനയ്ക്കു രൂപം നല്‍കുന്ന സമയത്ത് സ്റ്റേറ്റ് ലിസ്റ്റില്‍ ഉണ്ടായിരുന്ന വിദ്യാഭ്യാസം 1976ല്‍ അടിയന്തിരാവസ്ഥ കാലത്താണ് കണ്‍കറന്റ് ലിസ്റ്റിലേക്ക് മാറ്റുന്നത്. അന്നേ നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ഈ നടപടി പിന്‍വലിക്കണമെന്ന് പല സംസ്ഥാന രാഷ്ട്രീയ പാര്‍ട്ടികളും ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് നിലവില്‍ സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം കൂടി പരോക്ഷമായി കവര്‍ന്നെടുക്കാന്‍ കേന്ദ്രം ശ്രമിക്കുന്നത്. ഫെഡറല്‍ സങ്കല്‍പങ്ങളുടെ നഗ്നമായ ലംഘനമാണിത്.
കേന്ദ്ര സര്‍ക്കാരിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് യുജിസിയുടെ ചെയര്‍പേഴ്‌സനെയും മെംബര്‍മാരെയും നീക്കം ചെയ്യാന്‍ 1956ലെ നിയമം അനുവദിച്ചിരുന്നില്ലെങ്കില്‍ പുതിയ നിയമത്തില്‍ അതിനും വകുപ്പുണ്ട്. നീക്കം ചെയ്യാന്‍ വ്യത്യസ്തമായ ഒമ്പതു കാരണങ്ങളാണ് നിയമത്തിലുള്ളത്. അതില്‍ ഒന്ന് ചെയര്‍പേഴ്‌സന്റെയോ മെംബര്‍മാരുടെയോ മാനസികാരോഗ്യമാണെന്നത് മോദിയുഗത്തില്‍ ചിരിക്കു വകനല്‍കുന്നു! കാരണം, മാനസികാരോഗ്യമാപിനി അവരുടെ കൈയിലാണല്ലോ!
അക്കാദമിക മികവുള്ളവര്‍ നേതൃത്വം നല്‍കുന്ന യുജിസിയുടെ അക്കാദമിക നയങ്ങള്‍ക്കു മുകളില്‍ തീരുമാനമെടുക്കാനും നിയന്ത്രിക്കാനും പഴയ നിയമത്തില്‍ സംവിധാനങ്ങളൊന്നും ഇല്ലായിരുന്നു. പുതിയ നിയമം മാനവവിഭവശേഷി വകുപ്പുമന്ത്രി ചെയര്‍മാനായി ഒരു കൗണ്‍സില്‍ രൂപീകരിക്കാന്‍ ശുപാര്‍ശ ചെയ്യുന്നു. തങ്ങള്‍ക്കു താല്‍പര്യമില്ലാത്തവരെ പുറത്താക്കാനും വിദ്യാഭ്യാസ മേഖലയെയും നയങ്ങളെയും നിയന്ത്രിക്കാനുമുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.
എതിര്‍പ്പുകളെ തുടര്‍ന്ന് എഐസിടിഇ പോലുള്ള മുഴുവന്‍ ഉന്നത വിദ്യാഭ്യാസ നിയന്ത്രണ വിഭാഗങ്ങളെയും ഒറ്റ കുടക്കീഴിലേക്കു കൊണ്ടുവരാനുള്ള ശ്രമം തല്‍ക്കാലം ഉപേക്ഷിച്ചിട്ടുണ്ടെങ്കിലും പുതിയ നിയമത്തിനനുസരിച്ച് അവയും പരിഷ്‌കരിക്കുമെന്ന് സര്‍ക്കാര്‍ സൂചന നല്‍കിയിട്ടുണ്ട്. ചുരുക്കത്തില്‍, പുതിയ നിയമം വിദ്യാഭ്യാസ ധനവിതരണത്തെയും വളഞ്ഞ വഴിയിലൂടെ നയരൂപീകരണത്തെയും കേന്ദ്രത്തിന്റെ കൈയിലേക്ക് കൊണ്ടുവരുന്നതിനുള്ള സാധ്യത ഒരുക്കുന്നതാണ്.                ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss