|    Oct 16 Tue, 2018 7:35 pm
FLASH NEWS

ഫുട്‌ബോള്‍ അക്കാദമിക്ക് സ്ഥലം; കാലിക്കറ്റ് സിന്‍ഡിക്കേറ്റ് പിന്തിരിയുന്നു

Published : 8th December 2017 | Posted By: kasim kzm

പി വി മുഹമ്മദ് ഇഖ്ബാല്‍

തേഞ്ഞിപ്പലം: സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെ കാലിക്കറ്റ് വാഴ്‌സിറ്റി കാംപസിലെ ഇരുപത് ഏക്കര്‍ സ്ഥലത്ത് ഫുട്‌ബോള്‍ അക്കാദമി സ്ഥാപിക്കുന്നതിന് സ്ഥലം നല്‍കാനുള്ള നീക്കത്തില്‍ നിന്നു കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് പിന്തിരിയുന്നു. ഇന്നലെ നടന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ അക്കാദമി സ്ഥാപിക്കുന്ന കാര്യത്തില്‍ വീണ്ടും നിയമോപദേശം തേടാനും വിശദമായ പഠനത്തിനും യോഗം തീരുമാനിച്ചു. സര്‍വകലാശാലാ ഭൂമിയില്‍ പുറത്തു നിന്നുള്ള ഏജന്‍സികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് നേരത്തെ നിയമോപദേശം ലഭിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രിക്ക് നല്‍കിയ ഉറപ്പിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ വാഴ്‌സിറ്റി സിന്‍ഡിക്കേറ്റിനോട് തീരുമാനം അറിയിക്കാന്‍ ആവശ്യപ്പെട്ടത്. വാഴ്‌സിറ്റിയില്‍ എന്‍സിസിക്ക് ഭൂമി കരാറനുസരിച്ച് നല്‍കിയ മുന്‍ സിന്‍ഡിക്കേറ്റ് തീരുമാനം പുനപ്പരിശോധിക്കാനും കരാര്‍ പുതുക്കേണ്ടതില്ലെന്നുമാണ് പുതിയ തീരുമാനം. സിനിമാ താരം മോഹന്‍ലാലിനും കായിക താരം പി ടി ഉഷയ്ക്കും ജനുവരി 29ന് വാഴ്‌സിറ്റിയില്‍ നടക്കുന്ന ചടങ്ങില്‍ ഡി ലിറ്റ് നല്‍കാന്‍ തീരുമാനിച്ചു. ജനുവരി അവസാനത്തില്‍ വാഴ്‌സിറ്റിയില്‍ നടത്താന്‍ തീരുമാനിച്ച സൗത്ത് ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസിന്റെ നടത്തിപ്പിന് പത്തു ലക്ഷം രൂപ അനുവദിച്ചു. ഈ മാസം 17,18 തിയ്യതികളില്‍ വൈസ് ചാന്‍സലര്‍മാരുടെ, വാഴ്‌സിറ്റിയില്‍ നടക്കുന്ന സമ്മേളനത്തില്‍ ഗവര്‍ണര്‍ സംബന്ധിക്കും. വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സിന്‍ഡിക്കേറ്റംഗങ്ങളായ വിജയരാഘവന്‍, ശ്യാം, കെ കെ ഹനീഫ, ബിന്ദു എന്നിവരുള്‍പ്പെടുന്ന സമിതിയെ നിയോഗിച്ചു. ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടത്തിയ അധ്യാപകര്‍ക്ക് പ്രതിഫലം നല്‍കുന്നത് വേഗത്തിലാക്കാന്‍ പരീക്ഷാ ഭവന്‍, ഫിനാന്‍സ് കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ക്കു ചുമതല നല്‍കും.രാമനാട്ടുകരയിലെ ഭവന്‍സ് ലോ കോളജ് അഫിലിയേഷന് സമര്‍പ്പിച്ച വാഴയൂരിലല്ല, കെട്ടിടമുള്ളതെന്നും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന താല്‍ക്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തനാനുമതി നല്‍കാതെ അഫിലിയേഷന്‍ പുനപ്പരിശോധിക്കുന്നതിന് തീരുമാനിച്ചു. പുതിയ കോളജുകള്‍ക്കും കോഴ്‌സുകള്‍ക്കും കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അനുമതി നല്‍കുന്നതിനുള്ള പഠന റിപോര്‍ട്ടില്‍ കോളജിന്റെ അംഗീകാരത്തിനു വേണ്ടിയുള്ള റിപോര്‍ട്ട് അപൂര്‍ണമായതിനാല്‍ വീണ്ടും പഠിക്കാന്‍ തീരുമാനിച്ചു. പൊന്നാനി എംഇഎസില്‍ നിന്നു പുറത്താക്കിയ മൂന്നുപേര്‍ക്കും ബത്തേരി ഡോണ്‍ബോസ്‌കോയില്‍ നിന്നു പുറത്താക്കിയ ഒരാള്‍ക്കും രാമനാട്ടുകര ഭവന്‍സ് ലോ കോളജില്‍ നിന്നു പുറത്താക്കിയ വിദ്യാര്‍ഥികള്‍ക്കും പഠനത്തിന് അവസരം നല്‍കും.കൊടകര സഹൃദയ കോളജില്‍ ബിഎസ്‌സി ജിയോളജിക്ക് അനധികൃതമായി പ്രവേശനം നല്‍കിയ 15 വിദ്യാര്‍ഥികളുടെ കാര്യത്തില്‍ പ്രിന്‍സിപ്പലിനെ വിളിച്ചു വരുത്തി വിശദീകരണമാവശ്യപ്പെടും. മൂല്യനിര്‍ണയത്തില്‍ അധ്യാപകരെ അയക്കാതിരുന്ന കോളജുകളുടെ പ്രിന്‍സിപ്പല്‍മാരില്‍ നിന്നും വിശദീകരണമാവശ്യപ്പെട്ടു. റദ്ദാക്കിയ പരീക്ഷാ സെന്ററുകള്‍ക്ക് വീണ്ടും അനുമതി നല്‍കി. പരീക്ഷാ ഭവനില്‍ നീണ്ട അവധിയാലും, ഡപ്യൂട്ടേഷന്‍ കാരണത്താലും ഒഴിവു വന്ന തസ്തികകളില്‍ താല്‍ക്കാലികക്കാരെ നിയമിക്കും. വാഴ്‌സിറ്റി ലൈഫ് ലോങ് ലേണിങ് പഠന വിഭാഗത്തിനെതിരെയുള്ള പരാതിയില്‍ പഠിക്കാന്‍ സമിതിയെ നിയോഗിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss